'ചെറുപ്പത്തിലേ ഞാൻ റൗഡി, കത്തിയും വടിയുമായാണ് നടന്നിരുന്നത്' -പൗളി വൽസൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടാംവട്ടം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അഭിനേത്രി പൗളി വൽസൻ. 2017ൽ ഒറ്റമുറി വെളിച്ചം, ഈ.മാ.യൗ. എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരമാണ് പൗളി ആദ്യം ലഭിക്കുന്നത്. എന്നാൽ, ഇത്തവണ 'സൗദി വെള്ളക്ക' എന്ന ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നതാകട്ടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും. സ്വന്തം കഥാപാത്രത്തിനല്ലാതെ പൗളി ആദ്യമായി ഡബ്ബ് ചെയ്ത ചിത്രമായിരുന്നു ഇതെന്നതാണ് മറ്റൊരു പ്രത്യേകത.
പൗളി ശബ്ദം നൽകിയ ആയിഷ റാവുത്തർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവി വർമയ്ക്ക് മികച്ച ക്യാരക്ടർ ആർട്ടിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചു. 'അപ്പൻ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇതേ പുരസ്കാരത്തിന് പൗളിയെയും പരിഗണിച്ചിരുന്നു. എന്നാൽ, അവസാന റൗണ്ടിൽ ദേവി വർമയ്ക്ക് അനുകൂലമായി നറുക്കുവീഴുകയായിരുന്നു. അതിൽ നിരാശയില്ലെന്നും ആദ്യമായി കൈവെച്ച ഡബ്ബിങ് മേഖലയിൽ അംഗീകാരം ലഭിച്ചതിന്റെ സന്താഷത്തിലാണ് താനെന്നും പൗളിച്ചേച്ചി പറയുന്നു. പുരസ്കാര നേട്ടത്തെയും സിനിമയെയും ജീവിതത്തെയുമെല്ലാം കുറിച്ച് പൗളി വൽസൻ മനസ്സുതുറക്കുന്നു:
ഡബ്ബിങ്ങിലേക്ക് എത്തിയത് അപ്രതീക്ഷിതമായി
സൗദി വെള്ളക്കയിൽ ഐഷ റാവുത്തർ എന്ന കഥപാത്രത്തെ അവതരിപ്പിച്ചത് 86 വയസ്സുള്ള ദേവി വർമ്മയാണ്. ഈ കഥപാത്രത്തിന് ശബ്ദം നൽകാനായി ആദ്യം കണ്ടെത്തിയത് കൊച്ചിക്കാരിയായ ഗ്രേസിയെയാണ്. എന്നാൽ അപ്രതീക്ഷിതമായ ഗ്രേസിയുടെ വിയോഗത്തെ തുടർന്ന് മറ്റൊരാളെ കണ്ടത്തേണ്ടതായിവന്നു. പലരെയും വച്ച് ഡബിങ് ചെയ്ത് നോക്കിയെങ്കിലും അതൊന്നും സിനിമയുടെ അണിയറ പ്രവർത്തകർക്ക് തൃപ്തികരമായിരുന്നില്ല. അങ്ങനെയാണ് ആ അവസരം എന്നിലേക്ക് എത്തുന്നത്. സ്വന്തമായി അല്ലാതെ മറ്റൊരാൾക്കായി ഇതുവരെ ശബ്ദം നൽകിയിട്ടില്ലാത്തതിനാൽ ആദ്യം ഞാൻ ഒഴിവായി. പക്ഷേ, അവസാനം ഞാൻ തന്നെ ഐഷ റാവുത്തർ എന്ന കഥപാത്രത്തിന് ശബ്ദം നൽകി.
സിനിമയിൽ എത്താൻ വൈകിയത്?
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി നാടകമാണ് എന്റെ ജീവിതം. മുന്നൂറ് ദിവസത്തിലേറെ നാടകം കളിച്ച എത്രയോ വർഷങ്ങളുണ്ട്. നാടകം കഴിഞ്ഞിട്ട് മറ്റൊന്നിനും സമയം ഇല്ലായിരുന്നു എന്നതാണ് സത്യം. മാത്രമല്ല അമ്മ വേഷങ്ങൾ ചെയ്യാൻ ലളിതച്ചേച്ചിയെയും കവിയൂർ പൊന്നമ്മച്ചേച്ചിയെയുമൊക്കെ പോലെ ഒരുപാട് നല്ല ആർട്ടിസ്റ്റുകൾ ഉള്ള സിനിമയിൽ എനിയ്ക്കൊരു സ്ഥാനം ഉണ്ടാകുമോ എന്നും സംശയമുണ്ടായിരുന്നു.
'അണ്ണൻ തമ്പി'യിലേക്ക്
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തെ എനിക്ക് വർഷങ്ങളായി അറിയാം. ബെന്നിയുടെ സ്നേഹപൂർണമായ നിർബന്ധമാണ് 'അണ്ണൻ തമ്പി' എന്ന ചിത്രത്തിലേക്ക് എത്തിക്കുന്നത്. ഒരു സീൻ മാത്രമേയുള്ളൂ. ചെറിയ ഡയലോഗുണ്ട്. ആദ്യം മടി കാണിച്ചെങ്കിലും മമ്മൂക്കയ്ക്കൊപ്പമാണ് സീനെന്നറിഞ്ഞപ്പോൾ പോകാൻ തീരുമാനിച്ചു.
മമ്മൂക്കയോട് ഡയലോഗ് പറയുന്ന രംഗമാണ്. പക്ഷേ, റിയാക്ഷനായതുകൊണ്ട് ഡയലോഗ് പറയുമ്പോൾ മമ്മൂക്ക വന്നുനിന്നിരുന്നില്ല. പക്ഷേ, എന്റെ ഡയലോഗ് കേട്ടിട്ട് മമ്മൂക്ക അതാരാണെന്ന് നടൻ സിദ്ധിഖിനോട് തിരക്കി. സിദ്ധിഖ് എന്റെ നാട്ടുകാരനാണ്. 'അത് ഞങ്ങടെ പൗളിച്ചേച്ചിയാണ്. ഞാനൊക്കെ വള്ളിനിക്കറിട്ട് നടക്കുന്ന കാലത്തേ നാടകത്തിൽ ചേച്ചി അഭിനയിക്കുന്നതാണ്' എന്ന സിദ്ധിഖിന്റെ മറുപടി കേട്ടപ്പോൾ മമ്മൂക്ക തന്നെ സീനിൽ വന്നുനിന്നു. ആ ഒറ്റ സീൻ മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സീനും ഞാനും ശ്രദ്ധിക്കപ്പെട്ടു.
അവാർഡും മമ്മൂക്കയ്ക്കൊപ്പം
സിനിമയിൽ അന്ന് ആദ്യമായിട്ടാണെങ്കിലും വർഷങ്ങൾക്ക് മുമ്പേ മമ്മൂക്കയ്ക്കൊപ്പം ഞാനൊരു നാടകം ചെയ്തിട്ടുണ്ട്. 1975ൽ അദ്ദേഹം കോളേജിൽ പഠിക്കുന്ന കാലത്ത്. ഇക്കാര്യം പറഞ്ഞപ്പോൾ, അന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ ഇന്നും കയ്യിലുണ്ടെന്നാണ് മമ്മൂക്ക പറഞ്ഞത്. അക്കാലത്തേ വൈപ്പിനുമായി അദ്ദേഹത്തിന് വലിയ ബന്ധമുണ്ട്. കോളേജിലെ സുഹൃത്തുക്കൾക്കൊപ്പം അക്കാലത്തേ സ്ഥിരമായി അവിടെ വരുമായിരുന്നു. അദ്ദേഹവുമായി അങ്ങനെയൊരു അടുപ്പമുണ്ട്. ഇപ്പോൾ ഈ പുരസ്കാരം ലഭിക്കുമ്പോൾ മികച്ച നടൻ അദ്ദേഹമാണെന്നത് കൂടുതൽ സന്തോഷം.
ചെറുപ്പത്തിലേ ഞാൻ റൗഡി!
മത്സ്യത്തൊഴിലാളി ആയിരുന്നു എന്റെ അപ്പച്ചൻ. പെൺമക്കൾ മാത്രമുള്ള കുടുംബത്തിലെ മൂത്ത കുട്ടി ഞാൻ ആയിരുന്നു. അതിനാൽ തന്നെ ചെറുപ്പം മുതലേ ആ ഉത്തരവാദിത്തം ഏറ്റെടുത്താണ് വളർന്നതും. ആരെന്തുപറഞ്ഞാലും തിരിച്ച് മറുപടി കൊടുക്കുന്ന ഒരു തന്റേടി ആയിരുന്നു ഞാൻ. പലരും അപ്പച്ചനോട് പറയുമായിരുന്നു 'ആൺമക്കൾ ഇല്ലെങ്കിൽ എന്താ.. ജോണിച്ചേട്ടന് പൗളി ഉണ്ടല്ലോ' എന്ന്.
നാടകമൊക്കെ കഴിഞ്ഞ് രാത്രി വൈകി വരുമ്പോഴും ഞാൻ വീട്ടിലേക്ക് ഒറ്റയ്ക്കാണ് നടന്നു പോകുന്നത്. കയ്യിൽ ഒരു വടിയും കത്തിയും ടോർച്ചുമുണ്ടാകും. അന്നൊന്നും വീടിനടുത്ത് ഇന്നത്തെപ്പോലെ പേടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ ശരിക്കുമൊരു റൗഡിയായിരുന്നു. എന്റെടുത്ത് എന്തുവന്നാലും നടക്കില്ലെന്നൊരു ബോധ്യം ഞാൻ കൊടുത്തിട്ടുണ്ട്. അത്ര തന്റേടത്തോടുകൂടിയായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. എങ്കിലും ഒരു കരുതലിനായിട്ടാണ് കത്തിയും വടിയുമൊക്കെ.
കുടുംബവും കലയും
പ്രണയത്തെത്തുടർന്ന് പതിനെട്ടാമത്തെ വയസ്സിൽ തന്നെ എന്റെ വിവാഹം നടന്നു. ഭർത്താവിന് സ്ഥിരം വരുമാനം ഇല്ലാതിരുന്നത് ഞാൻ നാടകത്തിൽ സജീവമായി തുടരാൻ കാരണമായി. കുടുംബവും കലയും ഒന്നിച്ച് കൊണ്ടുപോകുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരുപാട് ബുദ്ധിമുട്ടി. അപ്പോഴൊക്കെ പ്രാർത്ഥന ആയിരുന്നു ആശ്രയം. അതാണെന്നെ മുന്നോട്ടുനയിച്ചത്.
അമ്മ വേഷങ്ങൾ പണ്ടേ ഇഷ്ടം
നാടകത്തിലെ തുടക്കകാലത്തേ എനിക്ക് അമ്മവേഷങ്ങൾ ഇഷ്ടമായിരുന്നു. അന്ന് ചെറുപ്പക്കാരൊന്നും അമ്മവേഷങ്ങളിൽ അഭിനയിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, ഞാൻ അത്തരം വേഷങ്ങൾ ചോദിച്ചുവാങ്ങും. പത്തൊമ്പത് വയസ്സുള്ളപ്പോൾ തിലകൻ ചേട്ടന്റെ 75 വയസ്സുള്ള ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾക്ക് ചിരിപ്പിക്കാനും കരയിപ്പിക്കാനുമുള്ള സാധ്യതകളുണ്ട്. അതാണെന്നെ ആകർഷിച്ചിരുന്നത്.
Content Highlights: interview with pauly valsan, best dubbing artist kerala state film awards 2022, saudi vellakka movie