റിവൈന്‍ഡ്; തോല്‍വിയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും വിജയങ്ങളുടെയും വെള്ളിത്തിര

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വര്‍ഷമായിരുന്നു 2023. സൂപ്പര്‍താരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാര്‍ എന്‍ട്രിയുമൊക്കെ സംഭവിച്ചു. എന്നാല്‍, നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു.
മൂന്ന് മലയാള ചിത്രങ്ങളാണ് ഇതുവരെ ടോട്ടല്‍ ബിസിനസില്‍ ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ കടന്നത്. ജൂഡ് ആന്തണി ചിത്രം '2018', മമ്മൂട്ടി നായകനായ 'കണ്ണൂര്‍ സ്‌ക്വാഡ്', ആക്ഷന്‍ വിരുന്നൊരുക്കിയ 'ആര്‍.ഡി.എക്‌സ്' എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബിലെത്തിയതില്‍ രണ്ട് ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണെന്നാണ് പ്രത്യേകത.
ഭയപ്പെടുത്തിയ ചരിത്രത്തിന്റെ ഐതിഹാസിക വിജയം, മുരുകനെ വീഴ്ത്തിയ '2018'
2023-ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രം ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' ആണ്. 200 കോടിയുടെ ബിസിനസും ചിത്രം സ്വന്തമാക്കി. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഫെയ്‌സ്ബുക്കിലൂടെ ആഗോള ബിസിനസ് 200 കോടി കടന്നുവെന്ന് അറിയിച്ചത്. 'പുലിമുരുക'ന്റെ പേരിലുണ്ടായിരുന്ന ഇന്‍ഡസ്ട്രി ഹിറ്റ് പട്ടം സ്വന്തംപേരിലാക്കാനും '2018' ന് സാധിച്ചു. ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തതും ഈ ജൂഡ് ചിത്രം തന്നെ. 15 ചിത്രങ്ങളുള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ '2018' ന് ഇടംപിടിക്കാനായില്ല എന്നത് നിരാശയായി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷന്‍സ് 'എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റെതാണ് സഹതിരക്കഥ.
സൈലന്റായെത്തി ഹിറ്റടിച്ച 'കണ്ണൂര്‍ സ്‌ക്വാഡ്'
മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത 'കണ്ണൂര്‍ സ്‌ക്വാഡ്' സൈലന്റായി വന്ന് ഹിറ്റടിച്ച ചിത്രമാണ്. വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ചിത്രം തിയേറ്ററില്‍ ആളിക്കത്തി. വേള്‍ഡ് വൈഡ് ബിസിനസ് നൂറു കോടി കടന്നതായി നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെ ഔദ്യോ?ഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ബോക്‌സോഫീസില്‍ നിന്ന് 80 കോടിയിലധികം നേടാനും മമ്മൂട്ടി പോലീസ് റോളിലെത്തിയ ചിത്രത്തിന് സാധിച്ചു.
റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന് തിരക്കഥയെഴുതിയത്. 32 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുടക്കുമുതല്‍. കിഷോര്‍, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, അങ്കിത് മാധവ്, അര്‍ജുന്‍ രാധാകൃഷണന്‍, ധ്രുവന്‍, മനോജ് കെ.യു. വിജയരാഘവന്‍ എന്നിവരാണ് മറ്റുവേഷങ്ങളില്‍ എത്തിയത്.
ബോക്‌സോഫീസില്‍ ഉഗ്രനിടിയിടിച്ച മൂവര്‍സംഘം
ഓണക്കാലത്ത് ബോക്‌സോഫീസില്‍ തീപടര്‍ത്തിയ ചിത്രമാണ് ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ ഒന്നിച്ച 'ആര്‍.ഡി.എക്‌സ്'. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മിച്ച ചിത്രം നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം ചെയ്തത്.
നൂറ് കോടി ബിസിനസ് എന്ന നേട്ടം സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസില്‍നിന്ന് 80 കോടിയിലധികം രൂപയാണ് നേടിയത്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശവും വന്‍തുകയ്ക്കാണ് വിറ്റുപോയത്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതായിരുന്നു തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
രോമാഞ്ചിഫിക്കേഷന്‍ നല്‍കിയ ഹൊറര്‍ കോമഡി
2023-ലെ സര്‍പ്രൈസ് ഹിറ്റായിരുന്നു നവാഗതനായ ജിത്തു മാധവന്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ 'രോമാഞ്ചം'. ചെറിയ ബജറ്റിലെത്തിയ ചിത്രം തിയേറ്ററില്‍നിന്ന് മികച്ച കളക്ഷന്‍ സ്വന്തമാക്കി. ബോക്‌സോഫീസില്‍നിന്ന് 50 കോടിയിലധികം നേടാന്‍ ചിത്രത്തിന് സാധിച്ചു. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ചെമ്പന്‍ വിനോദും ചിത്രത്തില്‍ അതിഥി താരമായെത്തി.
സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയ ചിത്രം ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ്, ഗുഡ്വില്‍ പ്രോഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
ബോക്‌സോഫീന്റെ നേരറിഞ്ഞ വിജയം, മോഹന്‍ലാലിന്റെ രാജകീയ വരവ്
വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെയെത്തി ബോക്‌സോഫീസില്‍ തേരോട്ടം തുടരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ 'നേര്'. ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അനശ്വര രാജന്റെ പ്രകടനവും കൈയടി നേടുന്നുണ്ട്. ക്രിസ്മസ് റിലീസായെത്തിയ ചിത്രം 50 കോടി ക്ലബ്ബിലെത്തിക്കഴിഞ്ഞു.
മോഹന്‍ലാല്‍ വക്കീല്‍ വേഷമണിഞ്ഞ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ ചിത്രങ്ങളുടെ ക്ഷീണം മാറ്റുന്ന തിരിച്ചുവരവ് കൂടിയായിരുന്നു മോഹന്‍ലാലിന് ഈ ചിത്രം.
തിളക്കമേറുന്ന മമ്മൂട്ടിയും പ്രതീക്ഷയാകുന്ന മമ്മൂട്ടി കമ്പനിയും, ശ്രദ്ധ നേടുന്ന യുവതാരങ്ങളും
ഭേദപ്പെട്ട വിജയങ്ങള്‍ നേടിയ ഒരുപിടി ചിത്രങ്ങളും ഇക്കൊല്ലം മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. വലിയ താരനിരയില്ലാതെയെത്തിയ ചിത്രങ്ങളും വിജയം നേടിയെന്നതും പ്രത്യേകതയാണ്. മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരിക്കുകയും ടോട്ടല്‍ ബിസിനസ് കണക്കാക്കുമ്പോള്‍ ഭദ്രമാവുകയും ചെയ്ത നിരവധി ചിത്രങ്ങളും 2023-ല്‍ പുറത്തിറങ്ങി. മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്ത ചിത്രങ്ങളും വന്‍ ഹൈപ്പിലെത്തി നിരാശ നല്‍കിയ ചിത്രങ്ങളും 2023-ലെ കാഴ്ചകളായി.
ഒരു നാടന്‍ നായക്കുട്ടി ടൈറ്റില്‍ കഥാപാത്രമായി എത്തിയ 'നെയ്മര്‍' വിജയമായത് ഇന്‍ഡസ്ട്രിക്ക് പ്രതീക്ഷയായി. മാത്യൂസ്, നസ്ലിന്‍, വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളം - തമിഴ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. സുധി മാഡിസനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായെത്തിയ 'നന്‍പകല്‍ നേരത്ത് മയക്കം', 'കാതല്‍' എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക പ്രശംസ നേടുകയും വിജയം നേടുകയും ചെയ്ത ചിത്രങ്ങളാണ്. ചലച്ചിത്ര മേളകളിലും ഈ ചിത്രങ്ങള്‍ ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ പകര്‍ന്നാട്ടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. ജിയോ ബേബി ഒരുക്കിയ 'കാതല്‍' എന്ന ചിത്രം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു. ജ്യോതിക ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. രണ്ടുചിത്രങ്ങളും നിര്‍മിച്ചത് മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്. കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിച്ചതും മമ്മൂട്ടി കമ്പനി തന്നെ. പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാമെന്ന ഉറപ്പ് ഓരോ ചിത്രങ്ങളിലൂടെയും നല്‍കുകയാണ് ഈ പ്രൊഡക്ഷന്‍ ഹൗസ്.
അര്‍ജുന്‍ അശോകന്‍ നായകനായ നിഖില്‍ മുരളി ചിത്രം 'പ്രണയവിലാസം', ബേസില്‍ നായകായെത്തിയ നിതീഷ് സഹദേവ് ചിത്രം 'ഫാലിമി', ഫഹദ്- അഖില്‍ സത്യന്‍ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും', വിജയരാഘവന്‍ ഗംഭീര പ്രകടനം നടത്തിയ ഗണേഷ് രാജ് ചിത്രം 'പൂക്കാലം', സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ 'ഗരുഡന്‍', ഷറഫുദ്ദീനെ നായകനാക്കി സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത 'മധുര മനോഹര മോഹം' തുടങ്ങിയ ചിത്രങ്ങള്‍ ഭേദപ്പെട്ട വിജയം നേടിയിരുന്നു. ഇരട്ട, ജാനകി ജാനേ, രേഖ, മദനോത്സവം, തങ്കം, ഒ ബേബി, ഫീനിക്സ്, ഫിലിപ്പ്സ് തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു.
കോടിത്തിളക്കത്തില്‍ തമിഴ് ഇന്‍ഡസ്ട്രി, കരുത്തുകാട്ടിയ ഷാരൂഖ് ഖാന്‍
ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡ് സ്വന്തമാക്കിയിരുന്ന ആധിപത്യത്തിന് തെന്നിന്ത്യന്‍ സിനിമകള്‍ വെല്ലുവിളി ഉയര്‍ത്തിയ വര്‍ഷം കൂടിയായി 2023 മാറി. വിജയ്-ലോകേഷ് ചിത്രം 'ലിയോ' ആണ് ഈ വര്‍ഷം ആദ്യദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം. 148 കോടിയാണ് ആഗോളതലത്തില്‍ ചിത്രം സ്വന്തമാക്കിയത്. രജനികാന്തിന്റെ ജയിലര്‍, പ്രഭാസിന്റെ സലാര്‍ തുടങ്ങി തെന്നിന്ത്യയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കരുത്തുകാട്ടി. 500 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ ഈ ചിത്രങ്ങള്‍ക്കൊക്കെ സാധിച്ചു.
കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരുന്ന ചിത്രമാണ്. രണ്ടു ഭാഗങ്ങളായി 500 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചത്. 2022-ലെത്തിയ ആദ്യഭാഗം 500 കോടിയോളം വരുമാനം നേടിയപ്പോള്‍ 2023-ല്‍ റിലീസ് ചെയ്ത രണ്ടാംഭാഗം 350-ലേറെ കോടി ബോക്‌സ് ഓഫീസില്‍ നിന്ന് വരുമാനം നേടി.
തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബോളിവുഡിന് തുണയായത് നാല് വര്‍ഷത്തിന് ശേഷം തിയേറ്റര്‍ റിലീസുമായെത്തിയ ഷാരൂഖ് ഖാന്‍ ആണ്. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങള്‍ 1000 കോടിക്ക് മുകളില്‍ ആഗോളതലത്തില്‍ സ്വന്തമാക്കി. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന 'പഠാന്‍' സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.
അറ്റ്ലീ ചിത്രം 'ജവാനി'ല്‍ ഷാരൂഖിന് പുറമെ നയന്‍താര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി വേഷത്തിലെത്തിയത് ചിത്രത്തിന് കരുത്തായി. കളക്ഷനില്‍ പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളോളം എത്തിയില്ലെങ്കിലും ഈ രണ്ടു ചിത്രങ്ങളെക്കാളും നിരൂപണ പ്രശംസ നേടിയ ചിത്രമായിരുന്നു ഷാരൂഖിന്റെ ഡങ്കി. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക വേഷത്തിലെത്തിയത്. മികച്ച ബോക്സോഫീസ് പ്രകടനവുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.
സണ്ണി ഡിയോളിന്റെ 'ഗദര്‍ 2', രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' എന്നീ ചിത്രങ്ങളും ബോളിവുഡിലെ വന്‍ വിജയങ്ങളായി. സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3', രണ്‍വീര്‍ സിങ്ങിന്റെ 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി, എന്നിവയും വിജയമായി. പ്രഭാസിന്റെ 'ആദിപുരുഷ്' മോശം നിരൂപണങ്ങളും കടുത്ത വിമര്‍ശനവും ഏറ്റുവാങ്ങിയെങ്കിലും ടോട്ടല്‍ ബിസിനസ് കണക്കാക്കിയാല്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച ചിത്രമാണ്.
Content Highlights: indian cinema box office hits flops 2023, total business, industry