‘‘25 വര്‍ഷങ്ങളായി സിനിമയിലുണ്ടായിരുന്നു, ഇപ്പോഴാണ് നടനായത്...’’

#ഷീജ പി.
-
-

ഒരു പുഞ്ചിരിക്ക്, കുശലംപറച്ചിലിന്, ഗുഡ്‌മോണിങ്ങിന്, യാത്രപറച്ചിലിന് ഒരുപാട് അർഥതലങ്ങളുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച സിനിമയാണ് ഹെലൻ. ചിത്രത്തിലെ നായികയായ അന്നാ ബെന്നിനൊപ്പം ക്ലൈമാക്സ് സീനിൽ ശ്രദ്ധേയ പ്രകടനത്തിലൂടെ കൈയടി വാങ്ങിയ നടനാണ് ജയരാജ് കോഴിക്കോട്‌. ഏറെനാളായി സിനിമാരംഗത്തുള്ള ജയരാജിന് ഹെലൻ നൽകിയത് പുതുസിനിമാജീവിതമാണ്.

ഹെലന്റെ അച്ഛനായി സിനിമയിലുടനീളം ലാൽസാറുണ്ട്. സിനിമ കണ്ടശേഷം ആദ്യം വിളിച്ചത് ലാൽസാറാണ്.  ഓരോ സിനിമ കഴിഞ്ഞാലും സുഹൃത്തുക്കളുടെ പതിവ് കളിയാക്കലാണ് ആദ്യം എത്തുക. ‘‘നിന്റെ ചായ അടിപൊളിയായിട്ടുണ്ട്...(കൂടുതൽ സിനിമകളിലും ഞാൻ ചായക്കടക്കാരനായിരിക്കുമല്ലോ). ഒറ്റ ഡയലോഗെങ്കിലും പറഞ്ഞൂടെ ജയരാജേ... അല്ലെങ്കിൽ ചായവിട്ട് ഒരു ബിരിയാണിയെങ്കിലും വെച്ചൂടെ!’’ ഇങ്ങനെ നീളും പരിഹാസങ്ങൾ. ലാൽസാറ് വിളിച്ചപ്പോഴും അത്തരത്തിൽ കളിയാക്കുന്ന ഏതോ സുഹൃത്താണെന്ന് കരുതി. അതിനാൽത്തന്നെ ആദ്യം കട്ട്ചെയ്തു. ഫോൺ കട്ട്ചെയ്തു കഴിഞ്ഞപ്പോഴാണ് ആ ഘനഗംഭീരശബ്ദം ലാൽസാറിന്റെതാണെന്ന് തോന്നിയത്. ഉടനേ തിരിച്ചുവിളിച്ചു. അങ്ങേതലയ്ക്കൽ ലാൽസാറ് തന്നെ. ‘‘ഏടോ ഞാൻ തന്നെയാണ്, ലാൽ. താൻ കസറിയിട്ടുണ്ട്. സിനിമയിലുടനീളം ഉണ്ടായിട്ടും എന്റെ കഥാപാത്രത്തെക്കാളും തന്റെ വാച്ച്മാൻ കസറി. ആശംസകൾ...’’ മറുപടിയൊന്നും പറഞ്ഞില്ല. കണ്ണ് നിറഞ്ഞ് വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു- ജയരാജ് പറയുന്നു.

കാൽ നൂറ്റാണ്ടിനിടെ അറുപതോളം വേഷങ്ങൾ മലയാള സിനിമയിൽ ജയരാജ് ചെയ്തു. ഓരോ പോസ്റ്ററിലും കൗതുകത്തോടെ നോക്കിയെങ്കിലും ഇതുവരെ ഒന്നിലും ജയരാജിന്റെ തല പ്രത്യക്ഷപ്പെട്ടില്ല. എന്നാൽ മാത്തുക്കുട്ടി സേവ്യർ എന്ന പുതുമുഖ സംവിധായകൻ ജയരാജിനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിലേക്ക് വെളിച്ചമിട്ടുകൊടുത്തു. ഹെലന്റെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയരാജ് ഇപ്പോൾ. നിവിൻ പോളി നായകനാകുന്ന പടവെട്ടിലും ശ്രദ്ധേയവേഷത്തിൽ ജയരാജുണ്ട്.

കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കലാണ് ജയരാജിന്റെ വീട്. ഐ.ടി.ഐ. പഠനത്തിനുശേഷം കുറേക്കാലം വർക്‌ ഷോപ്പ്‌ നടത്തി. പിന്നീട് നഗരത്തിൽ ഓട്ടോ ഡ്രൈവറായി. തുടർന്ന് കുറേക്കാലം വെസ്റ്റ് ഇന്ത്യാ സ്റ്റീൽസിൽ വെൽഡർ. അങ്ങനെ ജീവിക്കാനായി പലവേഷങ്ങൾ കെട്ടിയിട്ടുണ്ട് ജയരാജ്. ആ നെട്ടോട്ടത്തിൽ കൂട്ടായി എപ്പോഴും നാടകവും സിനിമയും ഉണ്ടായിരുന്നു. തിക്കോടിയന്റെ നാടകസമിതിയിലൂടെയായിരുന്നു തുടക്കം.
1995-ൽ അഭിഭാഷകന്റെ കേസ് ഡയറിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. തുടർന്ന് ആൾക്കൂട്ടങ്ങളിലും പച്ചക്കറിച്ചന്തകളിലും ചായക്കടകളിലും കള്ളനുമൊക്കെയായി സ്ഥിരം വേഷങ്ങൾ. ഒന്നും എവിടെയും അടയാളപ്പെടുത്തിയില്ല. സംഭാഷണംപോലുമില്ലാത്ത കുഞ്ഞുവേഷങ്ങൾ.

‘‘വിനീത് ശ്രീനിവാസനാണ് ഹെലനിലേക്ക് വിളിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിന്റെ വിധി നിർണയിക്കുന്ന കഥാപാത്രമാവും ആ വാച്ച്മാനെന്നൊന്നും കരുതിയില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഇപ്പോൾ ഞാനുമൊരു നടനായിരിക്കുന്നു...’’  പറഞ്ഞവസാനിക്കും മുൻപേ ജയരാജിന്റെ വാക്കുകൾ മുറിഞ്ഞു. ഹെലനിൽ കൈയടികിട്ടിയ ഡയലോഗ് ജയരാജ് ഒന്നുകൂടി ആവർത്തിച്ചു-  ‘‘ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ അവരുടെ മുഖം നമ്മളൊരിക്കലും മറക്കില്ല...’’  രജിതയാണ് ജയരാജിന്റെ ഭാര്യ. ഭവ്യയും ദിവ്യയും മക്കളും.  

Content Highlights: Helen Movie, Anna Ben, actor Jayaraj interview 

Content Highlights: