ശാന്തമായി ഒഴുകുന്ന പുഴ പോലെ പാട്ടിന്റെ കൈവഴികളിലൂടെ ഏകാഗ്രമായി..സംസ്ഥാനത്തെ മികച്ച പിന്നണി ഗായകന് അഭിനന്ദനങ്ങള്‍

#രവി മേനോൻ
കെ എസ് ഹരിശങ്കര്‍.|Photo: Mathrubhumi Archives
കെ എസ് ഹരിശങ്കര്‍.|Photo: Mathrubhumi Archives

കൊച്ചു പയ്യന്‍. പാട്ടുകാരനെന്ന അഹങ്കാരമൊന്നുമില്ല. കുസൃതിത്തരമാണ് മുഖം നിറയെ. ഇതൊന്നു തീര്‍ത്തിട്ടുവേണം എളുപ്പം സ്ഥലംവിടാന്‍ എന്ന ഭാവവും. പക്ഷേ പയ്യന്‍ പാടാന്‍ തുടങ്ങിയതോടെ കഥ മാറി. പതിമൂന്നു വയസ്സിന്റെ കുട്ടിത്തം പൊടുന്നനെ പക്വവും സുശിക്ഷിതവുമായ ആലാപനശൈലിക്ക് വഴിമാറുന്നു. അനാവശ്യമായ സ്വരക്കസര്‍ത്തുകളില്ല. ഇടര്‍ച്ചയില്ല. ഗോഷ്ഠികളില്ല. ശാന്തമായി ഒഴുകുന്ന പുഴ പോലെ പാട്ടിന്റെ കൈവഴികളിലൂടെ ഏകാഗ്രമായി, ആയാസരഹിതമായി സഞ്ചരിക്കുകയാണ് കുട്ടിപ്പാട്ടുകാരന്‍...

ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറന്നിട്ടില്ല ആ കാഴ്ച്ച; കേള്‍വിയും. മേടയില്‍ വീടിന്റെ പൂമുഖത്തെ ചാരുകസേരയില്‍ മുറുക്കാന്‍ ചവച്ചുകൊണ്ട് വലിയമ്മാവന്‍ എം ജി രാധാകൃഷ്ണന്‍. തൊട്ടരികെ പ്രിയപ്പെട്ട 'താത്ത''യുടെ കസേരത്തുമ്പില്‍ തിരുപ്പിടിച്ച് കൊച്ച് അനന്തരവന്‍ ശങ്കു എന്ന ഹരിശങ്കര്‍. 'ആ പാട്ടൊന്ന് പാടിക്കേള്‍പ്പിച്ചേ'' എന്നേ പറഞ്ഞുള്ളൂ താത്ത. സ്വിച്ചിട്ടപോലെ അനന്തരവന്‍ പാടിത്തുടങ്ങുന്നു: 'തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം, തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം..'' ഗിരീഷ് പുത്തഞ്ചേരിയുടെ പ്രൗഢമായ രചന; എം ജി രാധാകൃഷ്ണന്റെ ഈണം. മേമ്പൊടിക്ക് നാട്ടക്കുറിഞ്ചി രാഗത്തിന്റെ സുരഭില സൗന്ദര്യം...

പാടാന്‍ അത്ര എളുപ്പമുള്ള പാട്ടല്ല. അഗാധഗാംഭീര്യമാര്‍ന്ന ആലാപനത്താല്‍ ഗാനഗന്ധര്‍വന്‍ സാഗരസൗന്ദര്യം തന്നെ പകര്‍ന്നുനല്‍കിയ ഗാനശില്‍പ്പം. പക്ഷേ യേശുദാസിനെ അനുകരിച്ചു പാടാനായിരുന്നില്ല ഹരിശങ്കറിന്റെ ശ്രമം. സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ പാട്ടിന്റെ കൈപിടിച്ച് യാത്ര ചെയ്യാനായിരുന്നു. 'ദാസിനെ അനുകരിക്കാനല്ല ഞാന്‍ അവനെ ഉപദേശിച്ചത്. ആ പാട്ടിനെ സ്വന്തമായ രീതിയില്‍ പുനരാവിഷ്‌കരിക്കാനാണ്..'' എന്റെ മനസ്സ് വായിച്ചിട്ടെന്നോണം എം.ജി. രാധാകൃഷ്ണന്‍ ചിരിയോടെ പറഞ്ഞു. 'റിയാലിറ്റി ഷോയില്‍ പാടുന്നപോലെ ശരിയും തെറ്റുമെല്ലാം ഒപ്പിയെടുത്ത് കണക്കുകള്‍ എല്ലാം കിറുകൃത്യമായി പിന്തുടര്‍ന്ന് പാടിയിട്ട് കാര്യമില്ല. അതിന് മിമിക്രി എന്നാണു പറയുക. ഓരോ പാട്ടിനും ഓരോ ആത്മാവ് ഉണ്ട്; അതിന്റെതായ ആത്മസൗന്ദര്യവുമുണ്ട്. അതൊക്കെയാണ് നമ്മള്‍ നമ്മുടെ ആലാപനത്തില്‍ കൊണ്ടുവരേണ്ടത്. അല്ലാതെ ബ്ലോട്ടിംഗ് പേപ്പര്‍ ആയി മാറുകയല്ല. രണ്ടു ദിവസം പണിപ്പെട്ടാല്‍ ഏതു പാട്ടും അതേപോലെ പാടാന്‍ ആര്‍ക്കും കഴിഞ്ഞേക്കും. പക്ഷേ പാട്ടിന്റെ ഹൃദയം ഉള്‍ക്കൊണ്ടുകൊണ്ട് പാടാന്‍ പറ്റില്ല.''

ഒരു നിമിഷം നിര്‍ത്തി എം.ജി.ആര്‍ പറഞ്ഞു: 'ഞാന്‍ ഇവനെ ഉപദേശിക്കുക പാട്ടിന്റെ ഹൃദയം ഉള്‍ക്കൊള്ളാനാണ്. ഈ ചെറുപ്രായത്തില്‍ തന്നെ അവനത് കഴിയുന്നു എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യം..''

അപൂര്‍വ പ്രതിഭാശാലിയായ 'താത്ത''യുടെ ഉപദേശം ശിരസാവഹിച്ചു ഹരിശങ്കര്‍. പതിനാറ് വര്‍ഷത്തിനിടെ മലയാള സിനിമാസംഗീതത്തില്‍ ഈ യുവഗായകന്‍ കൈവരിച്ച വളര്‍ച്ച തന്നെ അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം. എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ യേശുദാസിനൊപ്പം പാടിയ അമ്പിളിത്തുമ്പി ( സാഫല്യം- 1999) എന്ന പാട്ടിലൂടെ ആയിരുന്നു സിനിമയില്‍ ഹരിശങ്കറിന്റെ അരങ്ങേറ്റം, ഏഴാം വയസ്സില്‍. സിനിമയില്‍ പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും അവയിലെല്ലാം ഉണ്ട് ഹരിശങ്കറിന്റെ വേറിട്ട ആലാപനമുദ്ര.
കാറ്റേ ചാരിയ വാതില്‍ (കാരണവര്‍ - ഒ എന്‍ വി / ഔസേപ്പച്ചന്‍), പയ്യെ പയ്യെ (ഓര്‍മ്മയുണ്ടോ ഈ മുഖം - മനു മഞ്ജിത്/ ഷാന്‍ റഹ്‌മാന്‍), നിലാവും മായുന്നു (എന്നും ഇപ്പോഴും - റഫീഖ് അഹമ്മദ് / വിദ്യാസാഗര്‍), വാനം ചായും (അനാര്‍ക്കലി - രാജീവ് നായര്‍ / വിദ്യാസാഗര്‍), പതിയേ പതിയേ (ബോബി - ഹരിനാരായണന്‍ / റോണി റാഫേല്‍), പൂ പൂത്തുവോ (കളി - പി എസ് റഫീക്ക് / രാഹുല്‍രാജ്), പവിഴമഴ (വിനായക് ശശികുമാര്‍ /പി എസ് ജയഹരി).... പക്ഷേ ഹരിശങ്കറിനെ മലയാളികള്‍ ശരിക്കും തിരിച്ചറിഞ്ഞു തുടങ്ങിയത് ഒരൊറ്റ പാട്ടിലൂടെയാകണം -- തീവണ്ടിയിലെ 'ജീവാംശമായി' (ഹരിനാരായണന്‍ - കൈലാസ് മേനോന്‍). ശ്രേയ ഘോഷാലിനൊപ്പം പാടിയ ഈ പാട്ടായിരുന്നു ഇറങ്ങിയ കാലത്ത് മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റ്.

ഇപ്പോഴിതാ എആര്‍എമ്മിലെ 'കിളിയേ' എന്ന പാട്ടിലൂടെ (മനു മഞ്ജിത്/ ദിബു നൈനാന്‍ തോമസ്) അര്‍ഹതക്കുള്ള അംഗീകാരമായി ആദ്യത്തെ സംസ്ഥാന അവാര്‍ഡും. ഹരിശങ്കര്‍ സംഗീത യാത്ര തുടരുകയാണ്; ആത്മവിശ്വാസത്തോടെ.

Content Highlights: Discover the incredible journey of Harishankar, from a mischievous boy to a seasoned playback singer. Experience his soulful renditions and unique style.