‘ദൃഢ’ത്തിന്റെ പിറവിക്ക് പിന്നിലെ ദൃഢമായ സൗഹൃദം; ഷോർട് ഫിലിം ചർച്ചകളിൽ പിറന്നത് സിനിമാ കഥകൾ

കല്പറ്റ: ക്ലൈമാക്സ് ട്വിസ്റ്റുകൊണ്ട് ശ്രദ്ധനേടിയ ഷെയിൻ നിഗം ചിത്രം ‘ദൃഢ’ത്തിന്റെ പിറവിയിലും ദൃഢമായൊരു സൗഹൃദമുണ്ട്. കോളേജ് പഠനകാലത്തെ സൗഹൃദം എഴുത്തിലേക്കും ഒന്നിച്ചപ്പോൾ പിറന്നതാകട്ടെ വൈവിധ്യമാർന്ന തിരക്കഥകളും. മാനന്തവാടി തലപ്പുഴ സ്വദേശി ജോമോൻ ജോണും കുളത്താട സ്വദേശി ലിന്റോ ദേവസ്യയുമാണ് കൂട്ടുകെട്ടിലൂടെ സിനിമകളൊരുക്കുന്നത്. മാനന്തവാടി ഗവ. കോളേജിലെ പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും.
ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയായിരുന്ന ജോമോനും ബി.എസ്.സി. ഇലക്ട്രോണിക്സ് വിദ്യാർഥിയായ ലിന്റോയും കോളേജിലെ കലാപരിപാടികളിലും ഒരുമിച്ചായിരുന്നു. നാടകം, തെരുവുനാടകം, മൂകാഭിനയം അങ്ങനെ മത്സരങ്ങളിലൂടെ സൗഹൃദം ദൃഢമായി. പഠനശേഷം ജോമോൻ ഏവിയേഷൻ പഠനവും ജോലിയുമൊക്കെയായി എറണാകുളത്തായി. ലിന്റോ അസാപ്പിന്റെ ട്രെയിനറായും പോയി. അവധിക്ക് നാട്ടിൽ വന്നപ്പോൾ ഒരുഷോർട്ഫിലിം ചെയ്താലോയെന്ന ജോമോന്റെ ആഗ്രഹമാണ് ഇന്ന് ബിഗ് സ്ക്രീനിൽ എത്തി നിൽക്കുന്നത്. ഷോർട് ഫിലിം നടന്നില്ലെങ്കിലും ആ ചർച്ചകളിൽ സിനിമയ്ക്കുള്ള കഥകൾ ലഭിച്ചു. ഫെബിൻ ജോർജിന്റെ സംവിധാനത്തിൽ ആദ്യചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്’ പുറത്തിറങ്ങി. ഒ.ടി.ടി.യിൽ ശ്രദ്ധനേടിയ ചിത്രം ഇരുവർക്കും സിനിമാലോകത്തേക്കുള്ള വാതിൽ തുറന്നു. അതിനുശേഷമാണ് മാർട്ടിൻ ജോസഫിന്റെ സംവിധാനത്തിൽ ‘ദൃഢം’ എന്ന ചിത്രമൊരുങ്ങിയത്.
ജിത്തു ജോസഫിന്റെ അഭിനന്ദനം
വർഷങ്ങൾക്ക് മുൻപ് തലപ്പുഴയെന്ന ഗ്രാമത്തിൽ നിന്ന് ഒരു കൈപ്പത്തി ലഭിച്ച സംഭവമാണ് ദൃഢമെന്ന ചിത്രത്തിന് പ്രചോദനമായത്. പിതാവ് ജോണിയാണ് ജോമോന് ആ സംഭവം പറഞ്ഞുകൊടുത്തത്. കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ നേരിടുന്ന പ്രതിസന്ധികളും ആത്മസംഘർഷങ്ങളും ചേർത്താണ് ദൃഢം ഒരുക്കിയത്. സംവിധായകൻ ജിത്തു ജോസഫ് തിരക്കഥ വായിച്ച് നന്നായിട്ടുണ്ടെന്നും ക്ലൈമാക്സ് ട്വിസ്റ്റ് താൻ പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞ് അഭിനന്ദിച്ചത് അംഗീകാരവും ആത്മവിശ്വാസവുമായെന്നും ജോമോൻ പറഞ്ഞു. ഇരുവരും ഇപ്പോൾ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്.
Content Highlights: The origin of the Malayalam film 'Drudham' stems from the college friendship of Jomon John and Linto Devasya. The script was inspired by a real-life incident involving a hand found in Thalapuzha village. Director Jeethu Joseph praised the screenplay and the unexpected climax twist of the film. The duo transitioned from short film discussions to successful feature film screenwriting