‘എന്റെ കണ്ണിൽനിന്നും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായൊരു ദൃശ്യം എന്നേക്കുമായി മാഞ്ഞുപോയി‘

സംഗീത് ശിവന്റെയും സന്തോഷ് ശിവന്റെയും അച്ഛനെ ഞാൻ ശിവ്മാമ എന്നായിരുന്നു വിളിച്ചിരുന്നത്. എന്റെ പപ്പയുടെ അടുത്ത സുഹൃത്തായിരുന്നു ശിവ്മാമ. തിരുവനന്തപുരത്ത് ശിവ്മാമയുടെ പ്രശസ്തമായ സ്റ്റുഡിയോയിൽ വെച്ചാണ് ഞാൻ സംഗീതിനെയും സന്തോഷിനെയും ആദ്യമായി കാണുന്നതും ഞങ്ങൾ പരിചയത്തിലാവുന്നതും.
ഞാൻ മോഡൽ സ്കൂളിന്റെ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. സംഗീത് ലയോള ടീമിന്റെ ക്യാപ്റ്റനായിരുന്നു. പരസ്പരം ഞങ്ങൾ ഒരു മാച്ച് കളിച്ചത് ഓർക്കുന്നു. ഞങ്ങളുടെ ടീം തോറ്റു.
ഒന്നാംതരം ക്രിക്കറ്ററായിരുന്നു സംഗീത്. ആരാധിച്ചുപോവുന്ന കളി. ഹോക്കിയും നന്നായി കളിക്കുമായിരുന്നു. സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ സംഗീത് കേരളത്തിന്റെ രഞ്ജി ടീമിൽ അംഗമാവുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതിനുള്ള ക്ലാസ് സംഗീതിന്റെ കളിയിലുണ്ടായിരുന്നു.
ശിവൻ കുടുംബത്തിന്റെ പ്രത്യേകത അവർക്കെല്ലാവർക്കും അപാരമായ ദൃശ്യബോധമുണ്ട് എന്നതാണ്. അവരുടെ ക്യാമറ കാണുന്ന ലോകം നമ്മൾ കാണുന്നതുപോലെയേ അല്ല. നല്ല ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു സംഗീത്. എന്റെ മകൾ കല്യാണിയുടെ ഫോട്ടോ ആദ്യമായി എടുത്തത് സംഗീതാണ്.
സംഗീതും ഞാനും ഒരേകാലത്ത് സിനിമ ചെയ്തു മുതിർന്നു. മദിരാശിയിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ ഞങ്ങൾ ഒന്നിച്ചുപാർത്തു. ഒന്നിച്ച് സ്വപ്നങ്ങൾ കണ്ടു. ദൃശ്യഭംഗി തന്നെയാണ് സംഗീതിന്റെ സിനിമകളെ എനിക്ക് പ്രിയപ്പെട്ടതാക്കിയത്. സിനിമയുടെ തിരയിലൊഴുകി ഞാൻ മുംബൈയിൽ എത്തിയപ്പോൾ സംഗീത് അവിടെ ജ്വലിച്ചു നിൽപ്പുണ്ടായിരുന്നു. ഏക്‌താ കപൂറടക്കമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായിരുന്നു അന്ന് സംഗീത്. മുംബൈയിൽ പൃഥ്വി തിയേറ്ററിൽ ഞാൻ നാടകം കാണാൻ പോകാറുണ്ടായിരുന്നു. അിവടെ മിക്കവാറും സംഗീതുമുണ്ടാവും. പിന്നെ ഞങ്ങൾ ഒന്നിച്ചായി നാടകം കാണാനുള്ള യാത്രകൾ.
പിന്നീടേതോ നിമിഷത്തിൽ സംഗീത് മുംബൈ സിനിമാലോകത്തുനിന്ന് പിൻവലിഞ്ഞു. ചോദിച്ചപ്പോൾ പറഞ്ഞു:
‘‘എനിക്കീ മുംബൈ ശരിയാവില്ലടോ.’’
കോവിഡ് വല്ലാതെ സംഗീതിനെ ബാധിച്ചിരുന്നു. അക്കാലത്ത് ഫോണിൽ സംസാരിക്കുമായിരുന്നു. ഏറ്റവുമൊടുവിൽ സംഗീതുമായി ഞാൻ സംസാരിച്ചത് നാലാഴ്‌ച മുൻപാണ്. ‘രോമാഞ്ചം’ എന്ന മലയാള സിനിമ സംഗീത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. എല്ലാ ജോലിയും കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു പറഞ്ഞു: ‘‘തീർന്നു പ്രിയാ’’ സംഗീതിന്റെ ആ പറച്ചിൽ മറ്റൊർഥത്തിൽ ഇപ്പോൾ എന്നെ വന്ന് തൊടുന്നു.
രണ്ടുദിവസമായി സംഗീതിന്റെ അവസ്ഥ മോശമാണെന്ന് സന്തോഷ് ശിവൻ വിളിച്ചുപറഞ്ഞിരുന്നു. ഇന്ന് ഉച്ചയ്ക്ക് സന്തോഷിന്റെ മെസേജ് എനിക്കു വന്നു: ‘‘സംഗീത് പോയി കൂടുതൽ യാതന അനുഭവിക്കാതെ.’’ എന്റെ കണ്ണിൽ നിന്നും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ ഒരു ദൃശ്യം എന്നേക്കുമായി മാഞ്ഞുപോയി.
Content Highlights: director priyadarshan about sangeeth sivan