തിരശ്ശീല ക്യാൻവാസാക്കി, മലയാളിയുടെ ഇസ്തിരിയിട്ട സദാചാരബോധത്തെ പൊള്ളിച്ചു; ഭരതൻ ഓർമയായിട്ട് 28 വർഷം

#ഡോ. എൻ.പി. സജീഷ്
സംവിധായകൻ ഭരതൻ | ഫോട്ടോ: മാതൃഭൂമി
സംവിധായകൻ ഭരതൻ | ഫോട്ടോ: മാതൃഭൂമി

ലയാളത്തിലെ മധ്യവർത്തിസിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു ഭരതൻ. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണെന്ന് തെളിയിച്ച ചലച്ചിത്രകാരൻ. എഴുപതുകളിലെ നവതരംഗം മലയാളസിനിമയ്ക്കുനൽകിയ പ്രമേയപരവും ആഖ്യാനപരവുമായ പുത്തനുണർവുകളെ ജനസാമാന്യത്തിലേക്ക് എത്തിക്കാൻകഴിഞ്ഞ അപൂർവം ചലച്ചിത്രപ്രതിഭകളിലൊരാൾ.

പെണ്ണിന്റെയും പ്രകൃതിയുടെയും സമ്മിശ്രഭാവങ്ങളാണ് ഭരതൻസിനിമകളുടെ ലാവണ്യബോധത്തെ നിർണയിച്ചത്. സ്ത്രീമനസ്സിന്റെ സങ്കീർണതകളും കേരളത്തിന്റെ പ്രാദേശികത്തനിമയാർന്ന ഗ്രാമീണജീവിതങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങളും കടുംനിറത്തിൽ വരച്ചിടാനുള്ള കാൻവാസായിരുന്നു ഭരതന് തിരശ്ശീല. കഥപറച്ചിലിന് പ്രാധാന്യംകൊടുത്തുപോന്ന സംഭാഷണപ്രധാനമായ മുഖ്യധാരാ സിനിമയുടെ ആഖ്യാനഘടനയെ പൊളിച്ചുകൊണ്ട് സിനിമ ഒരു ദൃശ്യകലയാണെന്ന് അദ്ദേഹം എന്നും ഓർമിപ്പിച്ചു. ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളിലൂടെ സ്ത്രീപുരുഷബന്ധത്തിന്റെ ഇഴയടുപ്പങ്ങളിൽ രതിയുടെ നിർണായകത്വത്തിന് അടിവരയിട്ടുകൊണ്ട് മലയാളിയുടെ ഇസ്തിരിയിട്ട സദാചാരബോധത്തെ പൊള്ളിക്കാൻ ഭരതന് കഴിഞ്ഞു. കേവലവിനോദത്തിനും കമ്പോളഭാവുകത്വത്തിനുമപ്പുറം നിന്നുകൊണ്ട് സിനിമ എന്ന മാധ്യമത്തോട് കലാപരമായ സത്യസന്ധത പുലർത്തിയ അദ്ദേഹം ജനപ്രിയസിനിമയെ അടിമുടി നവീകരിച്ചു.

താഴ് വാരം എന്ന ചിത്രത്തിൽ മോഹൻലാലും സലീം ​ഘൗസും | ഫോട്ടോ: മാതൃഭൂമി

അഴിച്ചുപണിത മാതൃകകൾ

എഴുപതുകളിലെ നവതരംഗസിനിമകളുടെ തുടർച്ചയായിരുന്നു 1975-ൽ പത്മരാജന്റെ രചനയെ ആസ്പദമാക്കി സംവിധാനംചെയ്ത ‘പ്രയാണം’. നവസിനിമയുടെ ലാവണ്യനിയമങ്ങളെ സസൂക്ഷ്മം അനുധാവനംചെയ്ത ‘പ്രയാണ’ത്തിനുശേഷം, മുഖ്യധാരാസിനിമയുടെ ഗുണപരമായ പരിവർത്തനമാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിഞ്ഞ ഭരതൻ വിനോദമൂല്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ചലച്ചിത്രകലയെ ജനപ്രിയമായി ആവിഷ്കരിച്ചു. കച്ചവടസിനിമയുടെ അതിവൈകാരികതയെയും അതിഭാവുകത്വത്തെയും കുടഞ്ഞെറിഞ്ഞ് കഥാപാത്രങ്ങളുടെ വാർപ്പുമാതൃകകളെ അഴിച്ചുപണിഞ്ഞു. നാട്ടിടവഴികളിൽ നാം കണ്ടുമറന്ന ചമയങ്ങളില്ലാത്ത ചിരപരിചിതരായ മനുഷ്യരെ ചേർത്തുപിടിച്ച് വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിർത്തി. ആരവം, ലോറി, തകര, ചാട്ട, പാളങ്ങൾ, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളീയസമൂഹത്തിന്റെ പുറമ്പോക്കുകളിൽ കഴിയുന്ന വേറിട്ട ജീവിതങ്ങളെ പരിചയപ്പെടുത്തി.

സംവിധായകൻ ഭരതൻ | ഫോട്ടോ: മാതൃഭൂമി

വർണസന്നിവേശത്തിലെ ഹൃദ്യത

വരച്ചുവെച്ച ദൃശ്യങ്ങളുടെ വശ്യമോഹനമായ ശ്രേണിപോലെയാണ് ഭരതൻചിത്രങ്ങൾ. ഫ്രെയിം കോമ്പസിഷനിൽ ലോകക്ലാസിക്കുകളോട് കിടപിടിക്കുന്ന ദൃശ്യപരിചരണശൈലി ഭരതൻ ചിത്രങ്ങളിൽ കാണാം. ഭൂപ്രകൃതിയുടെ വിശാലമായ പശ്ചാത്തലത്തിൽ, അതിന്റെ വിസ്മയവിതാനങ്ങളിൽ മനുഷ്യരെ ചിത്രീകരിച്ച ഭരതൻ എന്നും ദൃശ്യപ്രധാനമായ ലൊക്കേഷനുകൾ സിനിമയ്ക്കായി തിരഞ്ഞെടുത്തു. വൈശാലി, താഴ്‌വാരം എന്നീ തന്റെ രചനകൾക്ക് ദൃശ്യഭാഷ്യം ചമച്ച ഭരതനെക്കുറിച്ച് എം.ടി. വാസുദേവൻ നായർ എഴുതിയത് ഇങ്ങനെയാണ്: ‘വർണസന്നിവേശത്തിലുണ്ടായിരുന്ന സവിശേഷഹൃദ്യത ചിത്രകാരനെന്ന പശ്ചാത്തലംകൊണ്ട് കൈവരിച്ചതാണ്. സംഗീതത്തെക്കൂടി വർണബിംബങ്ങളായി മാറ്റാനുള്ള പ്രത്യേകസിദ്ധി ഉണ്ടായിരുന്നതുകൊണ്ടാണ് ഭരതന്റെ ഗാനചിത്രീകരണം വളരെയേറെ ശ്രദ്ധിക്കപ്പെട്ടത്.’ ചിത്രകല, സംഗീതം, ശില്പകല, സാഹിത്യം, കലാസംവിധാനം, ഫോട്ടോഗ്രഫി, പോസ്റ്റർ ഡിസൈൻ തുടങ്ങി വിവിധങ്ങളായ കലാമേഖലകളിലുള്ള പ്രാവീണ്യം സകലകലകളുടെയും സാകല്യമായ സിനിമയിൽ സവിശേഷമായ ഒരു ഭരതൻസ്പർശം പതിപ്പിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു.

സംവിധായകൻ ഭരതൻ | ഫോട്ടോ: മാതൃഭൂമി

സാഹിത്യവായന നൽകിയ സൗന്ദര്യബോധം കാര്യമായി സ്വാധീനിച്ചിരുന്നതിനാൽ ജനപ്രിയഭാവുകത്വത്തെ നവീകരിക്കുന്നതിനായി മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരെയാണ് ഭരതൻ ആശ്രയിച്ചുപോന്നത്. പത്മരാജനുമായുള്ള സർഗാത്മകപങ്കാളിത്തം സാമ്പ്രദായികമായ ഇതിവൃത്തഘടനയെ പൊളിച്ചെഴുതാൻ ഭരതനെ സഹായിച്ചു. ശരീരകാമനകൾ അപരാധമാകുന്ന അതിയാഥാസ്ഥിതിക സാമൂഹികവ്യവസ്ഥിതിയെ മുറിപ്പെടുത്താൻ പത്മരാജന്റെ പേനയാണ് ഭരതൻ ഉപയോഗിച്ചത്. ഉറൂബിന്റെ രചനയെ ആസ്പദമാക്കി ‘അണിയറ’(1978), കാക്കനാടന്റെ നോവലിനെ ആധാരമാക്കി ‘പറങ്കിമല’ (1981), കാക്കനാടന്റെതന്നെ അടിയറവ് എന്ന നോവലിനെ ആസ്പദമാക്കി ‘പാർവതി’(1981) എന്നീ ചിത്രങ്ങൾ ഭരതൻ ഒരുക്കിയിട്ടുണ്ട്. എം.ടി.യുടെ വൈശാലി, താഴ്‌വാരം എന്നീ രചനകൾക്കും ലോഹിതദാസിന്റെ അമരം, പാഥേയം, വെങ്കലം എന്നീ തിരക്കഥകൾക്കും ചലച്ചിത്രരൂപം നൽകിക്കൊണ്ട് സാഹിത്യവായനയാൽ പ്രബുദ്ധനല്ലാത്ത പ്രേക്ഷകനെ ആഴവും അർഥവുമുള്ള ഭാവന അനുഭവിപ്പിച്ചു. തിക്കോടിയന്റെ രചനയെ ആസ്പദമാക്കി ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’, പി.ആർ. നാഥന്റെ നോവലിനെ ആസ്പദമാക്കി ‘ചാട്ട’ തുടങ്ങിയ ചിത്രങ്ങളൊരുക്കിയും ജനപ്രിയസിനിമയെ അദ്ദേഹം പ്രമേയപരമായി നവീകരിച്ചു.

(പുനഃപ്രസിദ്ധീകരണം)

Content Highlights: Marking 28 years since the passing of legendary filmmaker Bharathan, this retrospective honours his unparalleled legacy in breaking conventional moralities and elevating Malayalam cinema into a rich visual art form through masterworks like Prayanam, Vaishali, and Amaram.