ഗാർഹികപീഡനം, അവിഹിതം, ഭാഗ്യദേവത പരാമർശം, ഇപ്പോൾ കൊലപാതകവും; ദർശൻ എന്ന സാൻഡൽവുഡ്‌ റൗഡി

#സ്വന്തം ലേഖകൻ,
ദർശൻ | ഫോട്ടോ: www.facebook.com/NimmaPreethiyaDasaDarshan
ദർശൻ | ഫോട്ടോ: www.facebook.com/NimmaPreethiyaDasaDarshan

താരപുത്രനായി ജനനം. തുടക്കം ചെറുവേഷങ്ങളിലൂടെ. പിന്നെ കന്നഡ സിനിമാ മേഖലയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാൾ. നിർമാതാവായി, വിതരണക്കാരനായി. കന്നഡ സിനിമാ പ്രേമികൾ ആ താരത്തെ ചാലഞ്ചിം​ഗ് സ്റ്റാർ എന്ന ഓമനപ്പേരിട്ടുവിളിച്ചു. പറഞ്ഞുവരുന്നത് സാൻഡൽവുഡിലെ റൗഡി എന്ന് വിളിപ്പേരുള്ള ദർശൻ എന്ന ദർശൻ തൂ​ഗുദീപ ശ്രീനിവാസിനേക്കുറിച്ചാണ്. സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ചയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരിക്കുകയാണ് ദർശൻ ഇപ്പോൾ. വിവാദങ്ങൾ നിറഞ്ഞ ദർശന്റെ ജീവിതത്തിലേക്ക്.

കന്നഡ നടൻ തൂ​ഗുദീപ ശ്രീനിവാസിന്റെയും മീനയുടേയും മകനായാണ് ദർശന്റെ ജനനം. ഹേമന്ത് കുമാറെന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്. 1990-കളുടെ മധ്യത്തിൽ പരമ്പരകളിലൂടെയും സിനിമകളിൽ ചെറുവേഷങ്ങൾ അവതരിപ്പിച്ചായിരുന്നു തുടക്കം. 2002-ൽ പുറത്തിറങ്ങിയ മജെസ്റ്റിക് എന്ന ചിത്രത്തിലൂടെയായിരുന്നു ബി​ഗ് സ്ക്രീൻ അരങ്ങേറ്റം. ചിത്രം ഹിറ്റായതോടെ ദർശൻ കന്നഡ സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. 

കരിയ, കലാസിപാളയ, ​ഗജ, നവ​ഗ്രഹ, സാരഥി, ബുൾബുൾ, യജമാനാ, റോബർട്ട്, കാട്ടേരാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. 2006-ൽ തൂ​ഗുദീപ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണക്കമ്പനിയും ആരംഭിച്ചു. താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ കാട്ടേരാ എന്ന ചിത്രം 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.

ഭാര്യയുടെ​ ​ഗാർഹിക പീഡന പരാതി

സിനിമയിൽ സജീവമായി നിൽക്കുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയാതെ ദർശനെ പിന്തുടർന്നിരുന്നു. 2011-ൽ ​ഗാർഹിക പീഡനത്തിന് ദർശനെതിരെ ഭാര്യ വിജയലക്ഷ്മി പോലീസിൽ പരാതി നൽകി. ദർശൻ തന്നെ മർദിച്ചതായും വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ വിജയലക്ഷ്മിയുടെ ദേഹത്ത് മുറിവുകളും ചതവുകളും കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മദ്യലഹരിയിലായിരുന്നതിനാൽ ഒന്നും ഓർമയില്ലെന്നായിരുന്നു ദർശന്റെ മറുപടി. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട താരം 14 ദിവസം പരപ്പന അ​ഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. ഈ കേസ് പിന്നീട് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. ഈ സംഭവത്തിൽ ദർശൻ ആരാധകരോട് പരസ്യമായി മാപ്പുപറഞ്ഞത് വലിയ വാർത്തയായിരുന്നു. 

2016-ൽ ദർശൻ മോശമായി പെരുമാറുന്നെന്ന പരാതിയുമായി ഭാര്യ വീണ്ടും രം​ഗത്തെത്തി. അവർ ബെം​ഗളൂരു പോലീസിനായിരുന്നു പരാതി നൽകിയത്. 2021-ലാണ് ദർശൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മൈസൂരുവിലെ ഒരു ഹോട്ടലിലെ വെയ്റ്ററോട് മോശമായി പെരുമാറിയെന്നായിരുന്നു ഇതിനടിസ്ഥാനം. ഇതും ഒത്തുതീർപ്പാക്കുകയായിരുന്നു. ദർശൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഭരത് എന്ന കന്നഡ ചലച്ചിത്ര നിർമാതാവ് രം​ഗത്തെത്തിയത് 2022-ലായിരുന്നു.

ഫാംഹൗസിൽ വനംവകുപ്പ് റെയ്ഡ്

2023-ലാണ് ദർശൻ പിന്നെയും വാർത്തകളിൽ ഇടംപിടിച്ചത്. ടി നർസിപുരിൽ ദർശന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കർണാടക വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ഒരു റെയ്ഡ് നടത്തി. ഇവിടെ നിന്ന് സംരക്ഷിത വിഭാ​ഗത്തിൽപ്പെടുന്ന നാല് ബാർ ഹെഡഡ് ​ഗീസ് പക്ഷികളെ ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. നിയമംലംഘിച്ച് നടൻ വളർത്തിയതായിരുന്നു ഇവയെ. കൊല്ലപ്പെട്ട രേണുക സ്വാമി സന്ദേശം അയച്ച നടി പവിത്ര ​ഗൗഡയുമായി ദർശൻ വിവാഹേതരബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്.

ഭാ​ഗ്യദേവതയേക്കുറിച്ചുള്ള മോശം പരാമർശം, ചെരിപ്പേറ്

തീർന്നില്ല, ഒരഭിമുഖത്തിനിടെ ഭാ​ഗ്യദേവതയേക്കുറിച്ച് നടത്തിയ പരാമർശം ചില്ലറ പൊല്ലാപ്പിലൊന്നുമല്ല ദർശനെ എത്തിച്ചത്. ഭാ​ഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലിൽ വന്നുമുട്ടില്ല. അതുകൊണ്ട് എപ്പോഴെല്ലാം അവർ നിങ്ങൾക്കടുത്തേക്ക് വന്നാലും വിവസ്ത്രയാക്കി നിങ്ങളുടെ കിടപ്പറയിലേക്ക് കൊണ്ടുപോകണം. അഥവാ നിങ്ങൾ അവർക്ക് വസ്ത്രം തിരിച്ചുനൽകിയാൽ ആ ദേവത നിങ്ങളെ വിട്ട് ഓടിപ്പോകും എന്നാണ് ദർശൻ അന്നുപറഞ്ഞത്. വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു അന്ന് ദർശനെതിരെ ഉയർന്നത്. ഹോസ്പേട്ടിൽ നടന്ന ഒരു ചടങ്ങിനിടെ താരത്തിന് ചെരിപ്പേറ് കിട്ടാനും ഈ പരാമർശം ഇടയാക്കി.

ബാറിലെ സിനിമാ വിജയാഘോഷം

കഴിഞ്ഞ വർഷം കാട്ടേര എന്ന ചിത്രത്തിന്റെ വിജയാഘോഷം ബെം​ഗളൂരുവിലെ ഒരു ബാറിൽവെച്ച് താരം നടത്തിയിരുന്നു. നടന്മാരായ അഭിഷേക് അംബരീഷ്, ധനഞ്ജയ, നിർമാതാവ് റോക്ക്ലൈൻ വെങ്കടേഷ് എന്നിവരും ഈ പാർട്ടിയിലുണ്ടായിരുന്നു. എന്നാൽ പാർട്ടി നടത്താൻ അനുമതിയുണ്ടായിരുന്ന രാത്രി 12.30 കഴിഞ്ഞും ആഘോഷം നീണ്ടുപോയതിനാൽ താരത്തിനും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ അധികൃതർ നോട്ടീസയച്ചു.

നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമം

തന്റെ വീടിന് സമീപം കാർ പാർക്ക് ചെയ്തതിന് ഒരു സ്ത്രീക്കെതിരെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതിന് കേസെടുത്ത സംഭവവും ദർശന്റെ വിവാദ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് കാമാക്ഷിപാളയത്തെ രേണുകാ സ്വാമിയുടെ കൊലപാതകം.

Content Highlights: controversies of Kannada actor Darshan