ആ വീട്ടില്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്; രാഹുല്‍ സദാശിവന്‍ അഭിമുഖം

ഭയം എന്ന വികാരമാണ് ഹൊറര്‍ സിനിമകളുടെ കേന്ദ്രം. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ഭയം അതേ അളവിലോ അതിനേക്കാളേറെയോ പ്രേക്ഷകരുമായി സംവദിക്കാനാകണം. ഏറെ വെല്ലുവിളി ഈ ദൗത്യത്തില്‍ വിജയിച്ചത് മലയാള സിനിമയുടെ ചരിത്രത്തില്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലമാണ് ഈ നിരയില്‍ ഏറ്റവും പുതിയ ചിത്രം. ഷൈന്‍ നിഗം, രേവതി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂതകാലം സോണി ലീവിലൂടെയാണ് പുറത്തിറങ്ങിയത്. ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമെല്ലാം ഈ സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ രാഹുല്‍ സദാശിവന്‍ സംസാരിക്കുന്നു.
''റെഡ് റെയിന്‍ ആണ് എന്റെ ആദ്യചിത്രം. 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷണ്‍ ത്രില്ലറായിരുന്നു. ഹൊറര്‍ ജോണറിനോട് താല്‍പര്യമുള്ള ഒരാളാണ് ഞാന്‍. അത്തരത്തിലുള്ള ധാരാളം സിനിമകള്‍ കാണാറുണ്ട്. മലയാളത്തില്‍ നല്ലൊരു ഹൊറര്‍ സിനിമയ്ക്കുള്ള സ്‌പേസ് ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഭൂതകാലത്തിലെത്തിയത്. നല്ല കഥയും മികച്ച അഭിനേതാക്കളുമുണ്ടെങ്കില്‍ സ്വീകരിക്കപ്പെടുമെന്ന് തോന്നി. ആദ്യം ഈ സിനമയുടെ കഥ പറയുന്നത് രേവതി ചേച്ചിയോടായിരുന്നു (രേവതി). പിന്നീട് 2020 ല്‍ ഷെയ്‌നിനോട് പറഞ്ഞു. അങ്ങനെ അത് സംഭവിക്കുകയായിരുന്നു.''
സിനിമയിലെ രണ്ടു കഥാപാത്രങ്ങളും മാനസികമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത്തരത്തിലുള്ള കഥാപാത്ര നിര്‍മിതി മനപൂര്‍വ്വമായിരുന്നോ?
ഭൂതകാലം ഒരു ഫിക്ഷണല്‍ സ്റ്റോറി ആണ്. അതില്‍ റിയലിസം കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്. രണ്ട് വ്യക്തികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒരു ബാക്‌സ്റ്റോറിയായിട്ടാണ് അവതരിപ്പിച്ചത്. അതിലേക്ക് ഒരുപാട് ഡീറ്റയിലിങ് നടത്തിയിട്ടില്ല. അമ്മ കഥാപാത്രത്തിന് ക്ലിനിക്കല്‍ ഡിപ്രഷനുണ്ട്. മകനാണെങ്കില്‍ മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ആ വീട്ടില്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ ഹാലുസിനേഷനാണോ എന്ന് സംശയിക്കാം. കഥാപാത്രങ്ങളെ മാത്രമല്ല പ്രേക്ഷകരെ കൂടി ആശയകുഴപ്പത്തിലാക്കാനാണ് അങ്ങനെ ചെയ്തത്. അമ്മയും മകനുമൊഴികെയുള്ള കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കൊപ്പം തന്നെ സഞ്ചരിക്കുന്നവരാണ്. ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുറത്ത് നിന്ന് മാത്രം കാണുന്നവര്‍. അതില്‍ പലരും ആ വീടിനെ പ്രേതബാധയുള്ള വീടായി കാണുകയും ചെയ്യുന്നു. മറ്റു ചിലര്‍ യുക്തിബോധത്തോടെ ചിന്തിക്കുന്നു. ഒടുവില്‍ ആര്‍ക്കും അവരെ സഹായിക്കാന്‍ സാധിക്കുന്നില്ല. പ്രശ്‌നങ്ങളെ നേരിടുന്നതും അതിജീവിക്കുന്നതും അമ്മയും മകനും ഒരുമിച്ച് തന്നെയാണ്.
സാധാരണ ഹൊറര്‍ സിനിമകളില്‍ കാണാത്ത വൈകാരികമായ ഒട്ടേറ ഘടകങ്ങള്‍ ഭൂതകാലത്തില്‍ കാണാന്‍ സാധിക്കും. അത് വെല്ലുവിളിയായിരുന്നോ?
പൊതുവെ ഹൊറര്‍ സിനിമയ്ക്ക് ഒരു സ്ഥിരം പാറ്റേണുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് വേണ്ടെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അമ്മയും മകനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. അവരുടെ ബന്ധത്തില്‍ കാലുഷ്യമുണ്ട്, അതേ സമയം സ്‌നേഹവുമുണ്ട്. അവര്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മാനസികപരമായുള്ള വെല്ലുവിളിയാണ് അമ്മയുടെ പ്രശ്‌നമെങ്കില്‍ മകന്റേത് തൊഴിലില്ലായ്മയും അതിന്റെ നിരാശയില്‍ സംഭവിച്ചുപോയ ലഹരി ഉപയോഗവുമാണ്. രണ്ടു കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് സഹതാപം തോന്നുകയും ചെയ്യും. കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് വൈകാരികമായ അടുപ്പം ഉണ്ടാക്കിയെടുക്കാനാണ് ശ്രമിച്ചത്. അങ്ങനെയൊരു പശ്ചാത്തലത്തില്‍ ഭയം എന്ന എലമെന്റ് അവതരിപ്പിക്കുകയായിരുന്നു.
സത്യത്തില്‍ ആ വീട്ടില്‍ സംഭവിച്ചത് എന്തായിരുന്നു? പ്രേക്ഷകരില്‍ ഒരു ആശയകുഴപ്പം സൃഷ്ടിച്ചത് ബോധപൂര്‍വ്വമായിരുന്നോ?
ആ വീട്ടില്‍ ശരിക്കും എന്താണ് സംഭവിച്ചത് എന്നതില്‍ പ്രേക്ഷകര്‍ക്ക് ആശയകുഴപ്പമുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഓരോരുത്തരും മുന്നോട്ട് വയ്ക്കുന്നത്. എന്റെ ഉദ്ദേശവും അതു തന്നെയായിരുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ അവതരിപ്പിച്ചു. അത് കാണുന്നവര്‍ക്ക് അവരുടെ ഇഷ്ടത്തിന് വിശദീകരിക്കാം. അത്തരം ചര്‍ച്ചകളാണല്ലോ സിനിമയയെ സജീവമാക്കി നിര്‍ത്തുന്നത്.
തിയേറ്ററില്‍ ഭൂതകാലം ഇറങ്ങിയിരുന്നുവെങ്കില്‍ കുറച്ച് കൂടി നല്ല അനുഭവമായേനെ എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്?
തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള സാഹചര്യം നിലവില്‍ ഇല്ലാത്തത് കൊണ്ടാണ് ഒടിടിയെ ആശ്രയിക്കുന്നത്. ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തുവെങ്കില്‍ നല്ല അനുഭവമായി മാറിയേനെ എന്ന് പലരും അഭിപ്രായപ്പെട്ടു. അതില്‍ വലിയ സന്തോഷമുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചെറിയ സിനിമകള്‍ക്ക് ബൃഹത്തായ വിപണിയാണ് നല്‍കിയിരിക്കുന്നത്. ഭാഷയുടെയും രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍ കടന്ന് സിനിമകള്‍ സ്വീകരിക്കപ്പെടുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. അതെല്ലാം വലിയ അംഗീകാരമാണ്.
അടുത്ത സിനിമ?
പുതിയ സിനിമയുടെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. പുതുമയുള്ള വിഷയം സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഈ ഘട്ടത്തിലാകില്ല.
Content Highlights: Bhoothakaalam Movie Director, Rahul Sadasivan Interview, Shane Nigam, Revathy, Horror film
Content Highlights: