പൂരെ പച്ഛാസ് ഹജാർ... ഒറ്റ ഡയലോഗിലൂടെ ചരിത്രമായ മാക്മോഹൻ

അൻപത് വർഷം മുൻപ് ഷോലേ കണ്ട് മൈസൂരിലെ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു മെലിഞ്ഞ താടിക്കാരനും കൂടെ പോന്നു; ഒപ്പം മൂന്ന് വാക്കുകളും: "പൂരെ പച്ഛാസ് ഹജാർ..." താടിക്കാരന്റെ സിനിമാപ്പേര് "സാംബാ". കൊള്ളത്തലവൻ ഗബ്ബർ സിംഗിന്റെ വിശ്വസ്ത അനുയായി. ഒളിസങ്കേതത്തിന് ചുറ്റുമുള്ള പാറക്കൂട്ടത്തിന് മേൽ നിറതോക്കുമായി കാവലിരിക്കുന്ന സാംബായെ നോക്കി ഗബ്ബർ അലറുന്നു:
"അരേ ഓ സാംബാ, കിത്ത്നാ ഇനാം രഖേ ഹേ സർക്കാർ ഹം പർ ?" എന്റെ തലയ്ക്ക് സർക്കാർ ഇട്ടിരിക്കുന്ന വിലയെത്ര?
താഴേക്ക് നോക്കി താടിക്കാരൻ സാംബായുടെ ഇൻസ്റ്റന്റ് മറുപടി: "പൂരെ പച്ഛാസ് ഹജാർ..."
കഴിഞ്ഞു. ഷോലെയിൽ സാംബാ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് അത്രമാത്രം. എങ്കിലെന്ത്? ആ മൂന്നേ മൂന്ന് വാക്കുകൾ മതിയായിരുന്നല്ലോ എന്നെപ്പോലുള്ള സാധാരണ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സാംബായെ അനശ്വരനാക്കാൻ. മൈസൂരിലെ ഏതോ തിയേറ്ററിൽ നിന്നാണ് ഷോലേ ആദ്യം കണ്ടത്. പടം റിലീസായി അധികമായിരുന്നില്ല അപ്പോൾ. പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു എട്ടാം ക്ലാസുകാരന്റെ മൈസൂർ സന്ദർശനം. ഭാഷ ഹിന്ദി ആയതുകൊണ്ട് അത്ര ഉത്സാഹത്തോടെയല്ല തിയേറ്ററിലെ ഇരുട്ടിൽ ചെന്നിരുന്നത്. എന്നാൽ സെവന്റി എംഎം സ്‌ക്രീനിൽ പടം ഓടിത്തുടങ്ങിയതോടെ കഥ മാറി; ഭാഷ അപ്രസക്തമായി. അംജദ് ഖാന്റെ ഗബ്ബർ സിംഗിനെപ്പോലൊരു കിടിലൻ വില്ലനെ വെള്ളിത്തിരയിൽ അതുവരെ കണ്ടിട്ടില്ല ഞങ്ങൾ. എം.എൻ. നമ്പ്യാർ, അശോകൻ, മനോഹർ, ജോസ് പ്രകാശ്, ഗോവിന്ദൻകുട്ടി, കെ.പി.ഉമ്മർ, ജി.കെ. പിള്ള ഇവരെയൊക്കെയായിരുന്നു കണ്ട് ശീലം. എന്നാൽ ഗബ്ബർ ഒറ്റയടിക്ക് സകലരേയും നിഷ്പ്രഭരാക്കിക്കളഞ്ഞു; സിനിമയിലെ മുഖ്യവേഷക്കാരായ ഠാക്കൂർ ബൽദേവ് സിംഗിനേയും (സഞ്ജീവ് കുമാർ) വീരുവിനേയും (ധർമേന്ദ്ര) ജയദേവിനെയും (അമിതാഭ് ബച്ചൻ) വരെ.
Content Highlights: Beyond gabbars shadow remembering MacMohans impact on hindi cinema