ഒരു സെന്റിന് ഒന്നരക്കോടി,100 കോടിയിലധികം വിലയുള്ള വസതികള്‍; സമാധാനത്തോടെ ഉറങ്ങാനാവാത്ത ബാന്ദ്ര

പല ബോളിവുഡ് താരങ്ങളുടേയും മേല്‍വിലാസം തേടിപ്പോയാല്‍ നമ്മള്‍ ചെന്നെത്തുക ബാന്ദ്രയിലായിരിക്കും. ദിലീപ് കുമാറും റിഷി കപൂറുമെല്ലാം താമസിച്ച ബോളിവുഡിന്റെ ഈ 'സ്വര്‍ഗത്തില്‍' തന്നെയാണ് ഖാന്‍ ത്രിമൂര്‍ത്തികളും കുടുംബത്തോടൊപ്പം കഴിയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കറുടെ മേല്‍വിലാസവും ഇതുതന്നെയാണ്. ഷാരൂഖ് ഖാന്റെ മന്നത്തും സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്‌മെന്റും ആമിര്‍ ഖാന്റെ ഫ്രീദാ അപ്പാര്‍ട്ട്‌മെന്റും ബാന്ദ്രയെ സമ്പന്നമാക്കുന്നു. ജോണ്‍ എബ്രഹാമിന്റെ വില്ല ഇന്‍ ദി സ്‌കൈ, രണ്‍ബീര്‍ കപൂറിന്റെ കൃഷ്ണരാജ് എന്നീ വീടുകളും ബാന്ദ്രയില്‍ തന്നെയാണ്.
പ്രധാനപ്പെട്ട ഫിലിം സ്റ്റുഡിയോകളില്‍ പലതും ബാന്ദ്രയ്ക്ക് അടുത്താണ് എന്നതാണ് താരങ്ങള്‍ ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം. അതുമാത്രമല്ല, കടലിന്റെ പശ്ചാത്തലത്തിലുള്ള വീടുകളും ആഡംബര ഷോപ്പിങ് മാളുകളും ടോപ്പ് റസ്റ്ററന്റുകളും കോര്‍പറേറ്റ് ഹബ്ബുകളും ബാന്ദ്രയെ പല താരങ്ങളുടേയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ആര്‍.ബി.ഐ, യു.എസ് കോണ്‍സുലേറ്റ്, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍, ജിയോ, ആപ്പിള്‍ തുടങ്ങിയവയുടേയെല്ലാം ഓഫീസുകള്‍ ബാന്ദ്ര ഈസ്റ്റിലും വെസ്റ്റിലുമായിട്ടാണുള്ളത്. എന്നാല്‍ ഈ 'ബോളിവുഡ് ഹബ്' ഇപ്പോള്‍ അത്ര സുരക്ഷിതമല്ല. തുടര്‍ച്ചയായ ആക്രമണങ്ങളും മോഷണശ്രമവുമെല്ലാം ബാന്ദ്രയുടെ സുരക്ഷയെ ചോദ്യചിഹ്നത്തിലാക്കുന്നു. കോടികള്‍ കൊടുത്ത് വാങ്ങിയ വീടുകളില്‍ സമാധാനത്തോടെ ഉറങ്ങാന്‍പറ്റിയില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്താണൊരു പ്രയോജനം?
Content Highlights: bandra crimes raise safety concerns after saif ali khan issue