ലൈലാകവും ജീവാംശവും നേരത്തേ തന്നെ ഇവിടെയുണ്ട്; സമീപനമാണ് പുതിയത്-ഹരിനാരായണന്‍ പറയുന്നു
#സ്വീറ്റി കാവ്
ബി.കെ. ഹരിനാരായണന്‍ | ഫോട്ടോ: ലെബിസണ്‍
സ്വന്തമായി സംവദിക്കാന്‍ ഭാഷയുള്ള സംഗീതത്തിനൊപ്പം അനുയോജ്യമായ വാക്കുകള്‍ കൂടി ചേരുമ്പോഴാണ് മികച്ച ഗാനങ്ങളുണ്ടാവുക. സംഗീതത്തിന്റെ മാറ്റിനൊപ്പം നില്‍ക്കുന്ന വാക്കുകള്‍ക്ക് ശ്രോതാക്കളുടെ ഉള്ളകങ്ങളിലേക്ക് സ്വതന്ത്രസഞ്ചാരം സാധ്യമാണ്. അത് സാധ്യമാക്കാന്‍ സഹായിക്കുന്ന പാട്ടെഴുത്തുകാർക്കിടയിൽ പുതുമുഖങ്ങള്‍ക്ക് അവസരമേറെയുള്ളപ്പോൾ പത്ത് കൊല്ലക്കാലത്തോളം ഒരു എഴുത്തുകാരന്‍ സജീവമായി തുടരുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ രചനകള്‍ മികച്ചതാണെന്ന് ഉറപ്പ്.
കൂട്ടുകൂടാന്‍ ഓലഞ്ഞാലിക്കുരുവിയെ ക്ഷണിച്ചുകൊണ്ടാണ് ബികെ ഹരിനാരായണന്‍ എന്ന പാട്ടെഴുത്തുകാരന്‍ ആസ്വാദകഹൃദയങ്ങളില്‍ തന്റേതായ ഒരിടം ഉറപ്പിച്ചത്. അതിനുമുമ്പേയുള്ള രചനകളുടെ മേന്മ കുറഞ്ഞതിനാലല്ല, മറിച്ച് ആ എഴുത്തുകാരനെ അംഗീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായത് 1983 ലെ ഗാനത്തിലൂടെയായിരുന്നു; ഹരിനാരായണന്റെ രചനയില്‍ നിറഞ്ഞ നാലുമണിപ്പൂച്ചിരിയും ചെറുമഷിത്തണ്ടും പാട്ടിന്റെ മൃദുലമായ ഈണവും നൊസ്റ്റാള്‍ജിയയുടെ ഏറ്റവും അറ്റത്തേക്കാണ് കേള്‍വിക്കാരെ കൊണ്ടെത്തിച്ചത്.
പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും തീക്ഷ്ണത വ്യത്യസ്തമായി പകര്‍ത്തിയ ജീവാംശമായി, കണ്ണെത്താദൂരം നീ മായുന്നു എന്നീ ഗാനങ്ങളിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ശേഷവും തന്റെ രചനകളുടെ മികവിന് പിന്നില്‍ ഒരു കൂട്ടായ്മയാണെന്ന് ആവര്‍ത്തിക്കുകയാണ് ഹരിനാരായണന്‍. ഈണമുണ്ടാക്കി നല്‍കുന്ന സംഗീതസംവിധായകനും പാട്ടിന്റെ സന്ദര്‍ഭം രേഖപ്പെടുത്തി നല്‍കുന്ന സംവിധായകനും രചനയില്‍ സ്വാധീനം ഉണ്ടെന്നുറപ്പ്. പക്ഷെ അവരാഗ്രഹിക്കുന്ന തരത്തില്‍ വരികളൊപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അത് കൃത്യമായി നിര്‍വഹിക്കാനാവുന്നിടത്താണ് രചയിതാവിന്റെ വിജയം. അതു കൊണ്ടാവണം വാക്കുകള്‍ കൊണ്ട് മുട്ടിവിളിച്ച് ഹരിനാരായണന്‍ നമുക്ക് പ്രിയപ്പെട്ടവനായത്.
കവിതയെഴുത്തും പാട്ടെഴുത്തും-വ്യത്യസ്തമായ പ്രക്രിയ; വ്യത്യസ്തമായ സംതൃപ്തി
കവിതയെഴുത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം പാട്ടെഴുത്തില്‍ ലഭിക്കാറില്ലെന്ന് പരാതിപ്പെടുന്നതില്‍ അര്‍ഥമില്ലെന്ന പക്ഷക്കാരനാണ് ഹരിനാരായണന്‍. 'സിനിമ എന്നത് ഒരു സംഘം കലാകാരന്‍മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. സിനിമയുടെ ഭാഗമാകാന്‍ ക്ഷണിക്കപ്പെടുമ്പോള്‍ നമ്മുടേത് മാത്രമായ സ്വാതന്ത്ര്യത്തെ കുറിച്ച് ആകുലതയുണ്ടാവേണ്ട കാര്യമില്ല, ആ കൂട്ടായ്മയില്‍ നമ്മുടെ ഭാഗം ഭംഗിയായി ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം, ആ ബോധ്യം എഴുത്തുകാരന് ഉണ്ടായിരിക്കണം. അതുണ്ടെങ്കില്‍ സ്വാതന്ത്ര്യമില്ലായ്മ എന്നുള്ള തോന്നലിന് ഒരിക്കലും ഇടയുണ്ടാവില്ല'-ഹരിനാരായണന്‍ പറയുന്നു.
'സംതൃപ്തി എന്നത് ആപേക്ഷികമായ സംഗതിയാണ്, എഴുത്ത് എന്ന തലം ഉപേക്ഷിച്ചാല്‍ കവിതാരചനയും പാട്ടെഴുത്തും തികച്ചും വ്യത്യസ്തമായ രണ്ട് പ്രക്രിയകളാണ്. കവിതയില്‍ വാക്കുകളും മൗനവും സംസാരിക്കുമ്പോള്‍ പാട്ടില്‍ സംഗീതം കൂടി ഭാഷയാവുന്നു. സംഗീതത്തിന് പ്രാധാന്യമുള്ളതിനാല്‍ ഈണമിടുന്ന വ്യക്തിയ്ക്കാവശ്യമായത് കൊടുക്കാന്‍ കഴിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്'.
'സിനിമയുടെ ഭാഗമാകുമ്പോള്‍ അവിടെ നമ്മുടെ പ്രവര്‍ത്തനത്തിന് കൃത്യമായ അതിര്‍വരമ്പുകളുണ്ട്. അതിനുള്ളിലേക്ക് പോകേണ്ടതുണ്ടോയെന്ന കാര്യം നമ്മളാണ് നിശ്ചയിക്കേണ്ടത്. സിനിമയ്ക്ക് ഒരു സംവിധായകനുണ്ടാവും, തിരക്കഥയുണ്ടാവും, പാട്ടിനാവശ്യമായ സന്ദര്‍ങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും. അതിരുകള്‍ക്കുള്ളില്‍ നിന്ന് പ്രതിഫലത്തിന് വേണ്ടി എഴുതാന്‍ പോകുമ്പോള്‍ രചനാപരമായ സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ച് മനസ്സിലാക്കി തന്നെയാണ് പോകുന്നത്. അതു കൊണ്ട് ഇന്നേ വരെ അത്തരത്തിലൊരു നെഗറ്റീവ് ഫീലിങ് തോന്നിയിട്ടില്ല'.
'കൂട്ടായ്മയുടെ ഒരു സുഖം പാട്ടെഴുത്തിലുണ്ട്. കവിതയെഴുത്തില്‍ ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് എഴുതുമ്പോള്‍ കിട്ടുന്ന സുഖവും കൂട്ടായ്മയിലെ ഐക്യത്തില്‍ നിന്നുണ്ടാവുന്ന സൃഷ്ടിയുടെ സുഖവും വ്യത്യസ്തമാണ്. രണ്ടിനേയും താരതമ്യപ്പെടുത്താനോ തുലനം ചെയ്യാനോ സാധിക്കില്ല. ഒന്ന് കുറവോ ഒന്ന് അധികമോ ആയി കാണാന്‍ പറ്റില്ല. പാട്ടെഴുത്തുകാരനെന്ന നിലയില്‍ പൂര്‍ണമയായും സംതൃപ്തനാണ്.'
രചനാവഴിയിലെ ഓരോ നിമിഷവും വിലപ്പെട്ടത്; സ്വതന്ത്രസംഗീതത്തിന്റെയും ഭാഗമാണ്; കവിതാസമാഹാരം വന്നേക്കാം
അടുത്ത സുഹൃത്തിലൂടെയാണ് ഹരിനാരായണന്‍ ആദ്യ സിനിമയായ ത്രില്ലറിലേക്കെത്തിയത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ പ്രേക്ഷകര്‍ക്ക് ത്രില്ലുണ്ടാക്കിയില്ലെങ്കിലും അതിലെ പ്രിയങ്കരി എന്നാരംഭിക്കുന്ന ഗാനം പാട്ടുപ്രേമികളുടെ ശ്രദ്ധ നേടി. ധരണ്‍ എന്ന സംഗീതസംവിധായകന്‍ ഒരുക്കിയ ഈണത്തിനൊപ്പിച്ചായിരുന്നു പാട്ടെഴുത്ത്. എഴുതിയ വരികളുമായി ബി ഉണ്ണികൃഷ്ണനെ കാണാനെത്തി ആ വരികള്‍ നോക്കിയ ശേഷം യൂ ആര്‍ ഇന്‍ എന്ന സംവിധായകന്റെ പ്രതികരണമുണ്ടായ നിമിഷം മുതല്‍ ഇന്നേ വരെ ഗാനരചനാ വഴികളിലുണ്ടായ എല്ലാ നിമിഷത്തേയും വളരെ പ്രഷ്യസ് ആയി കാണുന്നുവെന്ന് ഹരിനാരായണന്‍ പറയുന്നു. ഓരോ പാട്ടും പുതിയതാണ്, ആദ്യത്തെ പാട്ടെഴുത്ത് പോലെ തന്നെ ഓരോ പുതിയ പാട്ടെഴുത്തിനേയും ആത്മാര്‍ഥതയോടെയും ഉത്തരവാദിത്വത്തോടെയും നോക്കിക്കാണുന്നു.
'ഒപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രത്യേകിച്ച് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ഒരാള്‍ എന്നൊന്നും പറയാനാവില്ല. എല്ലാവരും നല്ല സംഗീതസംവിധായകരാണ്, പുതിയ നല്ല പാട്ടുണ്ടാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, ശ്രമിക്കുന്നത്. മ്യൂസിക് ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കുമിടയില്‍ നല്ല രീതിയിലുള്ള സൗഹൃദവും അടുപ്പവുമുണ്ട്. പുതിയത് സൃഷ്ടിക്കാനുള്ള ആഗ്രഹവും ആവേശവുമാണ് എല്ലാവരിലും അതിനാല്‍ തന്നെ കംഫര്‍ട്ടബിള്‍ എന്നതിനപ്പുറം അതിന്റെ ഭാഗമാകുക എന്നതിലാണ് കാര്യം. ഓരോ പാട്ടിനും അതിന്റേതായ എഫര്‍ട്ട് ഉണ്ടാകാറുണ്ട്. തന്റെ ഓരോ രചനയും ശ്രദ്ധിക്കപ്പെട്ടത് ഓരോ രീതിയിലാണെങ്കിലും എല്ലാ പാട്ടും എനിക്ക് പ്രിയപ്പെട്ടതാണ്.'
'സിനിമയ്ക്കപ്പുറം ചെയ്ത സ്വതന്ത്രസംഗീതത്തിന്റെ ഭാഗമായി ചെയ്ത ഗാനങ്ങളും അതേ ഗൗരവത്തോടെ തന്നെയാണ് ചെയ്തിട്ടുള്ളത്. കാഴ്ചപ്പാടുകളുടെ രാഷ്ട്രീയം പ്രതിഫലിക്കുന്ന ചില പാട്ടുകളും അതില്‍ പെടുന്നുണ്ട്.' അയ്യന്‍, ഹീല്‍, ഋതു, ഏക് താര, വിത്ത് തുടങ്ങി നിരവധി രചനകളും സിനിമാഗാനങ്ങള്‍ക്കപ്പുറം ബി കെ ഹരിനാരായണന്റേതായുണ്ട്.
'കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഒരു പുസ്തകമാക്കാനുള്ളത്ര കവിതകള്‍ രചിച്ചു കഴിഞ്ഞോ എന്ന സംശയവും മടിയുമാണ് കവിതാസമാഹാരം വൈകുന്നതിനുള്ള കാരണം. ധ്യാനവും ഏകാഗ്രതയും തീര്‍ച്ചയായും വേണ്ട ഒന്നാണ് കവിതയെഴുത്ത്. ഇപ്പോള്‍ ആലോചനയിലില്ലെങ്കിലും ഭാവിയില്‍ കവിതകള്‍ കൂട്ടിച്ചേര്‍ത്ത് പുസ്തകമാക്കിയേക്കാം'.
പ്രണയവുമായി ചങ്ങാത്തം കൂടുമ്പോഴാണ് ഇടനെഞ്ചിന്റെ മണിചെപ്പ് നിറഞ്ഞ് ചന്തം തുടിക്കുന്നതെന്ന് നമ്മോട് പറഞ്ഞത് ഹരിനാരായണനെന്ന പാട്ടെഴുത്തുകാരനാണ്. ആ ഗാനത്തില്‍ തുടര്‍ന്നു വരുന്നത് പ്രണയത്തിന്റെ ആഴം പകര്‍ത്തിയ വരികളാണ്. കണ്ണെടുക്കാതൊരായിരം യുഗം കണ്ടിരിക്കാന്‍ തോന്നുന്നു നിന്‍ മുഖം (ചില്ലുറാന്തല്‍ വിളക്കേ...ചിത്രം: കലി)
തുള്ളിയാമെന്നുള്ളില് വന്ന് നീയാം കടല്- വേദനയും തേന്‍തുള്ളിയാകും പ്രേമത്തെളിച്ചം (വാതിക്കല് വെള്ളരിപ്രാവ്...ചിത്രം: സൂഫിയും സുജാതയും) പ്രേമമെന്ന തെളിച്ചത്തിന് മധുരത്തിന്റെ മാസ്മരികതയുണ്ടെന്ന് ഹരിനാരായണന്‍ പറഞ്ഞത് ഈ പാട്ടിലായിരുന്നു. ശ്വാസമാകെ തീ നിറച്ച് പ്രിയപ്പെട്ടൊരാളെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളില്‍ ഇടം പിടിച്ചു.
പൊന്നോണവെയിലായ് നിന്‍ മഴയില്‍ ഞാന്‍ മെല്ലെ അടുത്തെത്തുന്ന നേരം ചെറുമണിത്തുമ്പയായ് നീ ചേര്‍ന്നു നിന്നിടാമോ? (ഉമ്മറത്തെ ചെമ്പകത്തെ...ചിത്രം: ഇവന്‍ മര്യാദരാമന്‍) പ്രണയത്തിന് മറ്റൊരു ഭാവം പകര്‍ന്ന വരികളായിരുന്നു ആ പാട്ടില്‍
നിന്‍ മൗനമുള്ളാകെ ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ കാലമോരോന്നും പടി ചാരി മാഞ്ഞാലും മതിവരാ മനമായ് ഞാനെന്നും കാത്തുനില്‍ക്കുന്നു (നീലമാലാഖേ...ചിത്രം: പൊറിഞ്ചു മറിയം ജോസ്)കണ്‍മുന്നില്‍ തന്നെ കയ്യെത്തും ദൂരത്തുണ്ടായിട്ടും പ്രിയപ്പെട്ടവളെ സ്വന്തമാക്കാനാവാത്ത വേദന മുഴുവന്‍ പകര്‍ത്തിയ ഗാനം, പ്രണയിനിയെ നീലമാലാഖ എന്ന് വിളിച്ച് മറ്റൊരു തലത്തിലേക്കെത്തിച്ച ഹരിഭാവന.
തുടിക്കും ജീവന്‍ നീയേ പിടയ്ക്കും ശ്വാസം നീയേ ഞരമ്പില്‍ തീയായ് മാറി നീയെന്നുള്ളാകെ (കരിനീലക്കണ്ണുള്ള പെണ്ണ്...(ചിത്രം: ജോസഫ്) കിനാവിന്‍ പീലി കൊണ്ട് തഴുകീടുമെന്നുമൊരു സുഖലയമിതു പ്രണയം എന്ന് എത്ര ഭംഗിയായാണ് പാട്ടെഴുത്തുകാരന്‍ വരികള്‍ ഈണത്തോട് ചേര്‍ത്തു വെച്ചത്!
പ്രണയം മാത്രമല്ല വിരഹത്തിന്റെ തീവ്രതയും ഹരിനാരായണന്റെ പാട്ടുകളിലൂടെ നമുക്ക് ലഭിച്ചു. സിനിമയില്‍ മരണത്തിലേക്ക് നടന്നു നീങ്ങിയ പ്രിയതമയ്ക്കായി നായകന്‍ പാടുമ്പോള്‍ ഒപ്പം നമ്മുടെ കണ്ണുകളും ഈറനണിഞ്ഞു. വരാം ഞാന്‍ നിനക്കായൊരിക്കല്‍ നീയുള്ള ലോകങ്ങളില്‍ (കണ്ണെത്താ ദൂരം...ചിത്രം: ജോസഫ്)-സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം നേടിയ രചന
വേനലില്‍ നീരുമായും പുഴയിലായ് മീനുപോല്‍ ഉരുകി നാം...എന്ന് ലൂക്കയിലെ നായകനും നായികയും വിഷാദിച്ചപ്പോള്‍ കൂടെ നമ്മുടെ ഹൃദയവും ഒന്ന് തേങ്ങിയിരുന്നു. (ഗാനം: നീയില്ലാ നേരം...)
പ്രണയത്തിനപ്പുറം... വ്യത്യസ്തമായ രചനകള്‍; മറ്റ് മേഖലകള്‍; പാട്ടുകൂട്ടായ്മ
ഏറെ ഇഷ്ടത്തോടെയാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ കണ്ണേ തായ്മലരേ എന്നു തുടങ്ങുന്ന ഗാനമെഴുതിയതെന്ന് ഹരിനാരായണന്‍ പറയുന്നു. പുതിയ ചിത്രമായ പ്രീസ്റ്റിലെ നസ്രേത്തിന്‍ നാട്ടിലെ എന്നാരംഭിക്കുന്ന ഗാനവും മറ്റൊരു തായയെ കുറിച്ച് തന്നെ... കണ്‍മുന്നിലെത്താതെ കൃപ പകരുന്ന ദേവത. ഉയിരിന്‍ നാഥനേ എന്ന ഗാനമെഴുതിയ ഗൗരവം തന്നെയാണ് അയ്യന്‍ എന്ന ഭക്തിഗാനത്തിലും നിറഞ്ഞതെന്ന് പ്രിയപാട്ടെഴുത്തുകാരന്റെ വാക്കുകള്‍.
'വാ വയസ് ചൊല്ലിടാന്‍ മടിച്ചിടേണ്ട നീ മനസിലല്ലേ കൗമാരം' എന്ന് ഹൗ ഓള്‍ഡ് ആര്‍ യൂവിന് വേണ്ടി എഴുതിയ ഹരിനാരായണന്‍ തന്നെയാണ് 'ഇരവുമെത്തയില്‍ പുണരുകെന്നെ നീ അരികെ ഞാന്‍ വരാം' (മോഹമുന്തിരി...ചിത്രം: മധുരരാജ)എന്ന് കുറിച്ച് നമ്മെ രസിപ്പിച്ചത്. അയ്യനിലും വിത്തിലും ബിജിബാലിനൊപ്പം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ഹരിനാരായണന്‍ ചാരുലത എന്ന മ്യൂസിക് ആല്‍ബത്തില്‍ അമലായെത്തി ഒരു പ്രണയകഥയിലെ നായകനാവാനുള്ള അത്യാവശ്യഅഭിനയശേഷിയൊക്കെ തനിക്കുണ്ടെന്ന് കാട്ടിത്തരികയും ചെയ്തു. കൂടാതെ ആക്ഷന്‍ ഹീറോ ബിജു, പൂമരം, പ്രാണ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി സംസ്‌കൃതത്തിലും അദ്ദേഹം ഗാനങ്ങള്‍ രചിച്ചു. ഒപ്പം കോഴിക്കോടിന്റെ പ്രത്യേകതകള്‍ വിവരിച്ച് നടത്തിയ രചനയും ഏറെ ശ്രദ്ധേയമായി.
ലോക്ഡൗണ്‍ കാലത്ത് കവി റഫീഖ് അഹമ്മദ് മുന്‍കൈയെടുത്ത് തുടങ്ങിയ പാട്ടെഴുത്തുകാരുടെ ഒരു കൂട്ടായ്മയെ കുറിച്ച് ഹരിനാരായണന്‍ ഏറെ ആര്‍ജ്ജവത്തോടെ സംസാരിക്കുന്നു. എല്ലാവരും ഒന്നിച്ചൊരു കൂടിയിരുപ്പ് സാധ്യമല്ലെങ്കിലും വാട്‌സ്ആപ്പിലൂടെയുള്ള 'രചന' എന്ന കൂട്ടായ്മ വളരെ നല്ല രീതിയില്‍ പരസ്പരസഹകരണത്തോടെയും പരസ്പരസഹായത്തോടെയും മുന്നോട്ടു പോകുന്നുവെന്നും പാട്ടെഴുത്തുകാരുടെ അവകാശങ്ങളെ കുറിച്ചും ആവശ്യങ്ങളെ കുറിച്ചും സംസാരിക്കുന്ന സൗഹൃദത്തിന്റെ കൂട്ടായ്മയാണതെന്നും ഏറെ സന്തോഷത്തോടെയാണ് അദ്ദേഹത്തിന് പറയാനുള്ളത്.
അച്ഛന്‍ രാമന്‍ നമ്പൂതിരിയ്ക്കും അമ്മ ഭവാനിയ്ക്കുമൊപ്പം തൃശ്ശൂരിലെ പെരുമ്പിലാവിലാണ് ഹരിനാരായണന്റെ താമസം. ധന്യ, സ്വപ്‌ന എന്നീ രണ്ട് സഹോദരിമാരുണ്ട്. സിഎ പഠനം പൂര്‍ത്തിയാക്കുകയും ജേണലിസത്തില്‍ ഡിപ്ലോമ നേടുകയും ചെയ്ത ഹരിനാരായണന്‍ ഇപ്പോള്‍ മുഴുവന്‍ സമയവും കവിതാ-ഗാനരചനയ്ക്കായി നീക്കി വെച്ചിരിക്കുകയാണ്. ദ പ്രീസ്റ്റ്, വെള്ളം, മരയ്ക്കാര്‍ എന്നിവയാണ് അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ഒഴിവുനേരം വായനയ്ക്കായും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടാനും ഇഷ്ടപ്പെടുന്ന ഹരിനാരായണന് പിന്നീടുള്ള ഹരം ക്രിക്കറ്റാണ്. ഈണത്തിനനുസരിച്ചുള്ള പാട്ടെഴുത്ത് അപ്ലിക്കേഷന്‍ ഓഫ് ആര്‍ട്ട് ആണ് ഹരിനാരായണന്റെ ഭാഷയില്‍. പുതിയ ഈണങ്ങള്‍ക്കൊപ്പിച്ച് നല്ല വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മികച്ച രചനകളുമായി ഈ പാട്ടെഴുത്തുകാരന്‍ വീണ്ടും വീണ്ടും നമ്മെ അദ്ഭുതപ്പെടുത്തുമെന്നത് തീര്‍ച്ച.
Content Highlights: Interview with B K Harinarayanan Malayalam Lyricist Poet