ഏവിയേഷനും ഹോട്ടല്‍ മാനേജ്‌മെന്റും വിട്ടു; ഇനി സിനിമയും യാത്രയും- ആതിര പട്ടേല്‍

ആതിര പട്ടേല്‍
ആതിര പട്ടേല്‍

രുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ ചുവടുറപ്പിച്ച നടിയാണ് ആതിര പട്ടേല്‍. ഇഷ്ടി എന്ന സംസ്‌കൃത ചിത്രത്തിലൂടെയായിരുന്നു ആതിര അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്കമാലി ഡയറീസ്, വില്ലന്‍, സണ്‍ഡേ ഹോളിഡേ, ആട് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 2022 ല്‍ സോണിലീവിലൂടെ പുറത്തിറങ്ങിയ ഭൂതകാലമാണ്‌ ആതിരയുടെ ഏറ്റവും പുതിയ ചിത്രം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രേവതിയും ഷെയ്ന്‍ നിഗവുമാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിച്ചത്. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് ആതിര. അതോടൊപ്പം തന്നെ അമ്മ ഹേന ചന്ദ്രന്‍ സംവിധാനം ചെയ്ത കൊച്ചുറാണി എന്ന ഹ്രസ്വചിത്രത്തിന്റെ വിജയവും ആതിരയെ ആവേശത്തിലാക്കുന്നു.

കൊച്ചുറാണിയിലെ കൊച്ചുറാണി

കൊച്ചുറാണിയാകാന്‍ എനിക്ക് അധികം ബുദ്ധിമുട്ടായി തോന്നിയില്ല. അമ്മയുടെ വാക്കുകളിലൂടെ പറയുകയാണെങ്കില്‍ എന്റെ യഥാര്‍ഥ സ്വഭാവം തന്നെയാണ് കൊച്ചുറാണിയ്ക്കും. ഞാന്‍ ഈ കഥ നേരത്തേ തന്നെ വായിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു കൊച്ചുറാണിയുടേത്.

അമ്മ സംവിധായികയാകുമ്പോള്‍

അമ്മ സംവിധായികയായി എത്തിയത് സന്തോഷം തരുന്ന ഒന്നു തന്നെയായിരുന്നു. ഞങ്ങള്‍ തമ്മില്‍ പരസ്പരധാരണയുണ്ട്. അമ്മയ്ക്ക് എന്തുവേണമെന്നും, എങ്ങിനെ ചെയ്യണമെന്നുമെല്ലാം എനിക്ക് പറയാതെ തന്നെ മനസ്സിലാകും. സംവിധായകരെ നന്നായി ഡിപ്പന്‍ഡ് ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റാണ് ഞാന്‍. അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളും എളുപ്പമായി. മാത്രവുമല്ല ചിത്രത്തിലെ മറ്റു അഭിനേതാക്കളില്‍ മിക്കവരും എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അവരോടൊപ്പം ജോളി ആന്റിയും (ജോളി ചിറയത്ത്) ഉണ്ടായിരുന്നു. വളരെ സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു കൊച്ചുറാണി ചിത്രീകരിച്ചത്.

ഭൂതകാലത്തിലെ പ്രിയ

ഭൂതകാലത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. സംവിധായകന്‍ രാഹുല്‍ സദാശിവനും ഷെയ്ന്‍ നിഗവും മറ്റു അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമെല്ലാം മികച്ച പിന്തുണയാണ് നല്‍കിയത്. കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് ചിത്രീകരിച്ച സിനിമയാണ് ഭൂതകാലം. ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രേവതി മാമുമായി (രേവതി) എനിക്ക് കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും കാണാനും പരിചയപ്പെടാനും ധാരാളം സംസാരിക്കാനുമുള്ള അവസരം ഒത്തുവന്നു.

ഏവിയേഷനും ഹോട്ടല്‍ മാനേജുമെന്റും വിട്ട് സിനിമയിലേക്ക്

സിനിമയിലേക്കെത്തിയത് വളരെ യാദൃശ്ചികമായാണ്. ആദ്യം ഇഷ്ടിയിലാണ് അഭിനയിച്ചത്. അങ്കമാലി ഡയറീസില്‍ ഓഡിഷന്‍ കോള്‍ കണ്ട് അപേക്ഷിച്ചതായിരുന്നു. അങ്കമാലി ഡയറീസിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്‌ വില്ലനിലേക്ക് എന്നെ നിര്‍ദ്ദേശിക്കുന്നത്. പിന്നീട് ആട്, കോണ്ടസ എന്നീ ചിത്രങ്ങള്‍ ചെയ്തു. ഏവിയേഷനും ഹോട്ടല്‍മാനേജ്‌മെന്റുമാണ് പഠിച്ചത്. എന്നാല്‍ അതെല്ലാം വിട്ടു. ഒരുപാട് യാത്ര ചെയ്യാനാണ് താല്‍പര്യം. ഇതുവരെ എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍ എന്റെ സ്വഭാവവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നവയായിരുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ നല്ല വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിനുള്ള അവസരങ്ങള്‍ ഒത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Athira Patel actor interview, Kochurani short film, Bhoothakaalam, movies 

Content Highlights: