'ഒറ്റദിവസംകൊണ്ട് പഠിച്ചു, പിറ്റേന്ന് റെക്കോർഡിങ്; മലയാളത്തിൽ ഇനിയും പാടണമെന്ന് പറഞ്ഞു'

49 വർഷംമുൻപ് താൻ സംവിധാനംചെയ്ത ‘സുജാത’ എന്ന ചിത്രത്തിൽ ആദ്യമലയാളഗാനം പാടിയ ആശാ ഭോസ്‌ലെയെ സംവിധായകൻ ഹരിഹരൻ ഓർമ്മിക്കുന്നു
‘ചിത്ചോർ’ എന്ന ഹിന്ദിസിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ യേശുദാസ് വെന്നിക്കൊടി പാറിച്ചുനടന്ന കാലത്താണ് കോഴിക്കോട്ട് പി.വി. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് 1977-ൽ ആദ്യചിത്രമായ സുജാതയുടെ നിർമാണപ്രവർത്തനം തുടങ്ങിയത്. ഞാനായിരുന്നു സംവിധായകൻ. യേശുദാസ് മുഖ്യഗായകൻ. ചിത്രത്തിലേക്ക് ചിത്ചോറിന്റെ സംഗീതസംവിധായകൻ രവീന്ദ്രജയിനിനെ നിർദേശിച്ചതും ദാസായിരുന്നു. അതോടൊപ്പം പുതിയൊരു ശബ്ദം വേണമെന്ന നിർബന്ധമുണ്ടായിരുന്നതിനാൽ ഞാൻതന്നെയാണ് ആശാഭോസ്‌ലെയെ നിർദേശിച്ചത്. സംഗീതസംവിധായകൻ അതംഗീകരിച്ചു. അങ്ങനെയാണ് മുംബൈയിലെ പ്രശസ്തമായ മങ്കേഷ്കർ കുടുംബത്തിൽനിന്നുള്ള ആശാഭോസ്‌ലെ മലയാളത്തിലുമെത്തുന്നത്.
ആശാഭോസ്‌ലെ പാടിയ ഏക മലയാളഗാനമാണ് ‘സുജാത’ എന്ന ചിത്രത്തിലെ ‘സ്വയംവരശുഭദിന മംഗളങ്ങൾ, അനുമോദനത്തിന്റെ ആശംസകൾ...’ എന്ന ഗാനം.
ഞാനും യേശുദാസും മങ്കൊമ്പുമൊക്കെ ഒന്നിച്ചാണ് അന്ന് മുംബൈയിൽ ആശാഭോസ്‌ലെയെ കാണാൻ പോയത്. ചിത്രത്തിൽ പാടാമെന്ന് അവർ സമ്മതമറിയിച്ചു. മലയാളം താൻതന്നെ പഠിപ്പിക്കാമെന്നുപറഞ്ഞ് ചിത്രത്തിലെ എല്ലാ ഗാനവും രചിച്ചിട്ടുള്ള മങ്കൊമ്പ് ഗോപാലകൃഷ്ണൻ അധ്യാപകന്റെ വേഷവും സ്വീകരിച്ചു. ഒറ്റദിവസംകൊണ്ടായിരുന്നു മലയാളം പഠിപ്പിച്ചത്. പിറ്റേന്നുതന്നെ ബോംബൈയിൽവെച്ച് ഗാനം റെക്കോഡ് ചെയ്തു. ഹിന്ദിയിൽ വരികൾ എഴുതിയെടുത്താണ് അവർ മനോഹരമായി ആഗാനം ആലപിച്ചത്. വളരെ പ്രത്യേകതയുള്ള ശബ്ദമാണ് അവരുടേത്. വളരെ കാല്പനികഭംഗി നിറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ ഏതുതരം പാട്ടും അവർക്ക് വഴങ്ങുമെന്ന് തോന്നിയിട്ടുണ്ട്. റെക്കോഡിങ്ങുമായി ബന്ധപ്പെട്ട് ഒരാഴ്ച അവർ മുംബൈയിലുണ്ടായിരുന്നു.
അതിനുശേഷം ഒരിക്കൽക്കൂടി ഒരു ചടങ്ങിൽവെച്ച് അവരെ കണ്ടുമുട്ടി; 2015-ൽ എറണാകുളത്തുനടന്ന ഒരു പ്രമുഖ ടി.വി.ചാനലിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു അത്. അന്നവർ ഏറെ അടുപ്പത്തോടെ സംസാരിച്ചു. ‘സുജാത’യുടെ റെക്കോഡിങ് കാലത്തെ ഓർമ്മകളും അയവിറക്കി. പ്രസംഗത്തിനിടെ, തന്നെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഞാനാണെന്ന് അവർ അന്ന് നന്ദിപൂർവം പറഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നു. അവസരംകിട്ടിയാൽ ഇനിയും മലയാളത്തിൽ 'പാടണമെന്ന ആഗ്രഹവും പങ്കിട്ട അവർ സ്വയംവരശുഭദിന മംഗളങ്ങൾ'... എന്നഗാനം ഹൃദ്യമായി ആലപിച്ചശേഷമാണ് വേദിവിട്ടത്.
സ്വഭാവഗായിക -ശ്രീവത്സൻ ജെ. മേനോൻ
കാരക്ടറുള്ള ശബ്ദമാണ് ആശാ ബോസ്‌ലെയുടേത്. വെർസെറ്റെലായ ഒരു അഭിനേതാവിനെപ്പോലെ ഏതുഭാവത്തിലും പകർന്നാട്ടംചെയ്യാൻ ശേഷിയുള്ള ഗായിക. ഒരു സംഗീത സംവിധായകൻ കൊതിക്കുന്ന ഗായിക. സ്വഭാവഗായിക എന്നുതന്നെ പറയാം.. ഉംമ്രാവോ ജാനിലെ ‘ഇൻ ആഖോം കി മസ്തി മെ...’ പാടിയ അതേ പാട്ടുകാരിയാണ് രംഗീലയും പാടുന്നത്. ഗസൽ മട്ടിലുള്ള ഗാനത്തിനുപറ്റിയ മോഡുലേഷൻ കൊടുക്കാനും സെൻസ്വൽ ആയ ഒരു പാട്ടിനുവേണ്ട ഡൈനാമിക്സ് നൽകാനും അവർക്കുമാത്രമേ കഴിയൂ. ലഗാനിലെ ‘രാധാ കൈസെ ന ജലെ...’ പാട്ടു നോക്കൂ. പതിനെട്ടുകാരിയുടെ എല്ലാം നിഷ്കളങ്കഭാവവും അവർ പ്രതിഫലിപ്പിച്ചു. ശബ്ദത്തിന് പല ഭാവങ്ങൾ നൽകാൻ വേറാർക്കുപറ്റും. ഒരു ട്രെയിൻഡ് സിങ്ങർക്കുപറ്റുന്ന ഒന്നല്ല അത്. അതൊരു വരദാനമാണ്.
പ്രായത്തെ തോൽപ്പിക്കുന്ന സ്വരശുദ്ധി- സുജാത മോഹൻ
വളരെയധികം ആത്മാർഥതയുള്ള ഗായികയായിരുന്നു ആശാജി. റഹ്‌മാന്റെ സംഗീതത്തിൽ ഹിന്ദിയിൽ ആശാജി പാടിയ രംഗീല എന്ന ചിത്രത്തിലെ ‘രംഗീല രേ...’, താൽ സിനിമയിലെ ‘കഹീൻ ആഗ് ലഗേ ലഗ് ജാവേ...’ തുടങ്ങിയ പാട്ടുകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ ഞാനാണ് പാടിയത്. അതുപോലെ ചന്ദ്രമുഖിയിലെ ‘കൊഞ്ചനേരം കൊഞ്ചനേരം...’ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പിലും എനിക്ക് പാടാൻ സാധിച്ചു. റൺ എന്ന സിനിമയിലെ ‘കാതൽ പിസാസ്...’ എന്ന പാട്ടിന്റെ റെക്കോഡിങ് സമയത്ത്, ആശാജിയുടെ വോയിസ് ടോൺ ചെറുതായെങ്കിലും അനുകരിക്കാൻ നോക്കണമെന്ന് വിദ്യാസാഗർ പറഞ്ഞതോർക്കുന്നു. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് ആദ്യമായും അവസാനമായും ആശാജിയെ ഞാൻ കണ്ടത്. അന്ന് പരിചയപ്പെട്ടപ്പോൾ, എന്നെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും അറിയാമെന്നും അവർ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. നല്ലൊരു പാചകവിദഗ്ധ കൂടിയായിരുന്നു ആശാജി. ദുബായിലെ അവരുടെ റസ്റ്ററന്റിൽ ആശാജിയോടുള്ള പ്രേമംകൊണ്ട് ഭക്ഷണം കഴിക്കാൻ ഞാൻ പോയിട്ടുണ്ട്.
ലതാ ദീദി, ഒരു വിരുന്നുസത്കാരംപോലെ
ലതാ ദീദിയോടൊത്ത് പാടുകയെന്നത് ഒരു സംഗീതവിരുന്നുസത്കാരത്തിൽ പങ്കെടുക്കുന്നതുപോലെയാണ്. ‘ഉത്സവ്’, ‘സ്വർഗ് സുന്ദര’ തുടങ്ങിയ ചിത്രങ്ങളിൽ ദീദിയോടൊപ്പം പാടിയിട്ടുണ്ട്. ഞാൻ നന്നായാണോ പാടുന്നതെന്നത് എന്നെ നോക്കിയുള്ള ദീദിയുടെ ഭാവങ്ങളിലൂടെ വ്യക്തമാകുമായിരുന്നു. മുൻപ് ഞായറാഴ്ചകളിലും രാത്രിയിലുമൊക്കെ ഞങ്ങൾ റെക്കോഡിങ്ങിനു പോയിരുന്നു. ദീദി മുറിയിലേക്ക് കയറിവരുമ്പോൾ ഞങ്ങളെല്ലാം എഴുന്നേറ്റുനിൽക്കും. അവർ ഇരുന്നശേഷം ഇരിക്കാൻ പറയുമ്പോൾ മാത്രമേ ഞങ്ങൾ ഇരിക്കാറുള്ളൂ. അത്രയ്ക്ക് ബഹുമാനമായിരുന്നു ദീദിയെ.
(ജ്യോതി വെങ്കിടേഷ് മാതൃഭൂമിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽനിന്ന്)
Content Highlights: Asha Bhosle's debut in the 1977 Malayalam film 'Sujatha'. Director Hariharan shares how she learned Malayalam in just one day. Insight into her versatile vocal range and musical genius. Personal tributes from fellow singers Sujatha Mohan and Srivalsan J. Menon. Reminiscing on her iconic career and impact on Indian cinema