അര്‍ജുനനായാലും ഭീമനായാലും പറ്റില്ലെങ്കില്‍ പറഞ്ഞുവിടുമെന്ന് ദേവരാജന്‍; എന്നാല്‍ പിന്നീട് സംഭവിച്ചത്

#വി.പി. ശ്രീലൻ
അര്‍ജുനന്‍ മാസ്റ്റര്‍ യേശുദാസിനൊപ്പം, അര്‍ജുനന്‍ മാസ്റ്റര്‍
അര്‍ജുനന്‍ മാസ്റ്റര്‍ യേശുദാസിനൊപ്പം, അര്‍ജുനന്‍ മാസ്റ്റര്‍

അര്‍ജുനന്‍ മാസ്റ്ററുടെ നാലാം ചരമവാര്‍ഷികം

പുലര്‍ച്ചെ ഹാര്‍മോണിയപ്പെട്ടിയുടെ മുന്നിലാണ് അര്‍ജുനന്‍ മാഷ്.  മാഷിന്റെ  ഹാര്‍മോണിയത്തില്‍  ഒരു നാടകപ്പാട്ടിനുകൂടി ഈണമൊരുങ്ങുകയാണ്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.  കെ.പി.എ.സി.യുടെ പുതിയനാടകം 'കാളിദാസന്' വേണ്ടിയാണ് മാഷിന്റെ പുതിയ ഈണം.   

ചലച്ചിത്ര സംഗീതസംവിധായകന്‍ എന്നനിലയിലാണ് എം.കെ. അര്‍ജുനനെ കേരളം അറിയുന്നതെങ്കിലും അര്‍ജുനന്‍ മാഷ് കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് നാടകങ്ങള്‍ക്കുവേണ്ടിയാണ്.  സിനിമയുടെ പ്രഭയില്‍ തിളങ്ങിനിന്ന കാലത്തും നാടകസംഗീതത്തെ മാഷ് കൂടെക്കൂട്ടിയിരുന്നു. മദ്രാസിലെ തിരക്കിനിടയില്‍ ഇടയ്ക്കിടെ നാട്ടിലേക്ക് ഓടിയെത്തി നാടകപ്പാട്ടിന് ഈണമിട്ട് മടങ്ങുന്ന കാലവുമുണ്ടായിരുന്നു.  പ്രണയവും വിരഹവും സങ്കടങ്ങളുമൊക്കെ നിറയുന്ന, മനസ്സിനെ ആര്‍ദ്രമാക്കുന്ന എത്രയെത്ര പാട്ടുകള്‍! അരങ്ങിലേക്ക് ആസ്വാദകരെ മാടിവിളിച്ച ആ ഈണങ്ങളൊക്കെ മലയാള നാടകചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, ചരിത്രത്തിലെവിടെയും അവ രേഖപ്പെടുത്തിയിട്ടില്ല.  ഒരുപക്ഷേ സിനിമാപ്പാട്ടിനെക്കാള്‍ മനോഹരമായ പാട്ടുകള്‍! അര്‍ജുനന്‍ മാഷ് ദിവസങ്ങളെടുത്ത് ഒരുക്കിയ ഈണങ്ങള്‍...

''നാടകത്തിലാണ് ഞാന്‍ തുടങ്ങിയത്. നാടകത്തെ ഒരിക്കലും മാറ്റിനിര്‍ത്തിയിരുന്നില്ല. ഇപ്പോഴും നാടകപ്പാട്ടുതന്നെ ചെയ്യുന്നു...'' -മാഷ് പറയുന്നു. ശാരീരികാവശതകള്‍ മാഷിന്റെ ഈണങ്ങളെ ബാധിക്കുന്നില്ല.  ഹാര്‍മോണിയവുമായി കുറച്ചുനേരമിരുന്നാല്‍ ഒന്നാന്തരം പാട്ടുണ്ടാകുമെന്ന് നാടകസമിതിക്കാര്‍ക്കറിയാം. അതുകൊണ്ട് ഇപ്പോഴും അവരെല്ലാം മാഷിനെ തേടിയെത്തുന്നു. അറുപതുവര്‍ഷംമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1958-ലാണ് അര്‍ജുനന്‍ മാഷ് ആദ്യമായി നാടകപ്പാട്ടിന് ഈണമിടുന്നത്.  കൊച്ചിയിലെ അമേച്വര്‍ നാടകസമിതി അവതരിപ്പിച്ച 'പള്ളിക്കുറ്റം' എന്ന നാടകത്തിലായിരുന്നു തുടക്കം.  ഈ നാടകത്തിന് മറുപടിയായി മറ്റൊരു നാടകം കൊണ്ടുവന്നു. 'എന്നിട്ടും കുറ്റം പള്ളിക്ക്'  എന്നായിരുന്നു നാടകത്തിന്റെ പേര്. ആ സമിതിയും നാടകപ്പാട്ടിന് ഈണമിടുന്ന ചുമതല മാഷിനെത്തന്നെ ഏല്‍പ്പിച്ചു.    അതും മാഷ് ചെയ്തു. പിന്നെ കൊച്ചിയുടെ നാടകലോകം ഈണങ്ങള്‍ക്കായി മാഷിന്റെ ചുറ്റും കൂടുകയായിരുന്നു.  തുടര്‍ന്ന്  നാടകപ്പാട്ടുകള്‍ക്കൊപ്പമായിരുന്നു  ആ ജീവിതത്തിന്റെ ഒഴുക്ക്.   കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒട്ടുമിക്ക അമേച്വര്‍ ട്രൂപ്പുകള്‍ക്കും മാഷുതന്നെ സംഗീതമൊരുക്കി. നാടകം ഏതായാലും സംഗീതം അര്‍ജുനന്‍ എന്ന രീതിയായിരുന്നു. 1968-ല്‍ സിനിമാലോകത്തേക്ക് മാഷ് ചുവടുെവച്ചപ്പോഴും ഈ രീതിക്ക് മാറ്റമുണ്ടായില്ല.

വഴിയൊരുക്കിയത് ദേവരാജന്‍ മാഷ്

അങ്ങനെയിരിക്കുമ്പോഴാണ് അര്‍ജുനന്‍, ദേവരാജന്‍ മാഷുമായി ബന്ധപ്പെടുന്നത്.  കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഒരു ഹാര്‍മോണിസ്റ്റിനെ തേടുകയായിരുന്നു ദേവരാജന്‍. നാടകനടന്‍ മണവാളന്‍ ജോസഫാണ് ദൗത്യവുമായെത്തിയത്. പുലര്‍ച്ചെതന്നെ  അര്‍ജുനന്‍ കൊല്ലത്ത് കാളിദാസയുടെ ഓഫീസിലെത്തി ദേവരാജന്‍ മാഷിനെ കണ്ടു.  പേരെന്താണെന്ന് ദേവരാജന്‍ മാഷിന്റെ ചോദ്യം. അര്‍ജുനന്‍ എന്ന് മറുപടി. അര്‍ജുനനായാലും ഭീമനായാലും പറ്റില്ലെങ്കില്‍ പറഞ്ഞുവിടുമെന്നായി ദേവരാജന്‍ മാഷ്.  ആദ്യകാഴ്ചയിലെ ദേവരാജന്‍ മാഷിന്റെ ആദ്യപ്രതികരണം എം.കെ. അര്‍ജുനന്‍ ഇന്നും ഓര്‍ക്കുന്നു: ''പക്ഷേ, അദ്ദേഹം പറഞ്ഞുവിട്ടില്ല എന്നുമാത്രമല്ല,  സംഗീതലോകത്ത് ഉയരങ്ങളിലേക്കുള്ള വഴിതെളിക്കുകയും ചെയ്തു..''  ഡോക്ടര്‍ എന്ന വിഖ്യാതനാടകത്തിനാണ് ദേവരാജന്‍മാഷിനൊപ്പം ആദ്യമായി ഹാര്‍മോണിയം വായിച്ചത്. പിന്നീട് പത്തുവര്‍ഷം 'കാളിദാസ'യ്‌ക്കൊപ്പമുണ്ടായിരുന്നു.  അക്കാലത്ത് സ്റ്റേജില്‍ ലൈവായി ഹാര്‍മോണിയം വായിക്കുന്ന രീതിയായിരുന്നു. ദേവരാജന്‍ മാഷിന്റെ ഈണം മനസ്സിലേക്ക് ആവാഹിച്ച് വര്‍ഷങ്ങളോളം അര്‍ജുനന്‍ മാഷ് വേദികളില്‍നിന്ന് വേദികളിലേക്ക് പോയി.

കെ.പി.എ.സി.യിലേക്ക്

ദേവരാജന്‍ മാഷാണ് അര്‍ജുനനെ കെ.പി.എ.സി.യില്‍ എത്തിച്ചത്.  ഇരുപതോളം നാടകങ്ങളില്‍ കെ.പി.എ.സി.ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഹാര്‍മോണിയവുമായി മാഷ് കെ.പി.എ.സി.യുടെ വേദികളിലെത്തി. പിന്നീട് കെ.പി.എ.സി.യുടെ ഒട്ടേറെ നാടകങ്ങളിലെ പാട്ടുകള്‍ക്ക് മാഷ് ഈണമിട്ടു.  വൈക്കം മാളവിക, ആലപ്പി തിയ്യറ്റേഴ്സ്, തിരുവനന്തപുരം സൗപര്‍ണിക, സൂര്യസോമ,  ചങ്ങനാശ്ശേരി ഗീഥാ, മാനിഷാദ, സാംസ്‌കാരിക തുടങ്ങി കേരളത്തിലെ പ്രമുഖ നാടകസമിതികളുടെ നാടകങ്ങളിലെ പാട്ടുകള്‍ക്കെല്ലാം  അര്‍ജുനന്‍ മാഷ് സംഗീതത്തിന്റെ മധുരം പുരട്ടി. വയലാര്‍, ഒ.എന്‍.വി.,  യൂസഫലി കേച്ചേരി, ഏഴാച്ചേരി രാമചന്ദ്രന്‍, എ.പി.ഗോപാലന്‍, ഷാഹുല്‍ ഹമീദ്, ഏറ്റുമാനൂര്‍ സോമദാസന്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, പി.ജെ.ആന്റണി, സി.പി.ആന്റണി തുടങ്ങി മലയാള നാടകലോകത്തിനുവേണ്ടി പാട്ടെഴുതിയ ഒട്ടുമിക്കവരുടെയും വരികള്‍ക്ക് അര്‍ജുനന്‍ മാഷ് ഈണമിട്ടിട്ടുണ്ട്.

ആയിരത്തഞ്ഞൂറും കടന്ന് പാട്ടുകള്‍..

എത്ര നാടകപ്പാട്ടുകള്‍ക്ക് ഈണമിട്ടു എന്നുചോദിച്ചാല്‍ അര്‍ജുനന്‍ മാഷ് ചിരിക്കുമായിരുന്നു.  അതിനൊരു കണക്കുമില്ല. പക്ഷേ, ഒരു കാര്യം മാഷിനറിയാം. ഒരു വര്‍ഷംപോലും മാഷ് നാടകപ്പാട്ടിന് ഈണമിടാതിരുന്നിട്ടില്ല. വര്‍ഷം മൂന്നോ നാലോ നാടകസമിതികള്‍ക്കുവേണ്ടി പാട്ട് ചെയ്യും. ഓരോ നാടകത്തിലും ശരാശരി നാലഞ്ച് പാട്ടുണ്ടാകും. ആദ്യകാലത്ത് ഇവയുടെ എണ്ണം അതിനെക്കാള്‍ കൂടുതലായിരുന്നു. അങ്ങനെ കണക്കുകൂട്ടിയാല്‍ നാടകപ്പാട്ടിന്റെ എണ്ണം ആയിരത്തഞ്ഞൂറിലേറെയാണ്.   ഇതിനൊക്കെ എന്തുകണക്ക് എന്ന മട്ടിലാണ് മാഷ്.  ഒരു ദിവസംതന്നെ പല പാട്ടുകള്‍ക്ക് ഈണമിട്ട കാലമുണ്ടായിരുന്നു.  അവസാനസമയത്താകും വരികളെഴുതിക്കിട്ടുക. വേഗം പാട്ട് ചിട്ടപ്പെടുത്തിയില്ലെങ്കില്‍ നാടകം മുടങ്ങും. ഇങ്ങനെ സമ്മര്‍ദങ്ങള്‍ക്കിടയിലും കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍ മാഷ് ചിട്ടപ്പെടുത്തി.

സംസ്ഥാന അവാര്‍ഡുകള്‍ പതിനാറ്

നല്ല നാടകപ്പാട്ടിനുള്ള സംഗീതനാടക അക്കാദമിയുടെ 16  അവാര്‍ഡാണ് എം.കെ. അര്‍ജുനന് ലഭിച്ചത്; ഒരു ഫെലോഷിപ്പും.  ആ കണക്കും  അദ്ദേഹം ഓര്‍ത്തുവെച്ചിട്ടില്ല. മാഷിന്റെ ഏറ്റവും കൂടുതല്‍ നാടകപ്പാട്ടുകള്‍ പാടിയ കല്ലറ ഗോപനോട് ചോദിച്ചാണ് ആ കണക്ക് മാഷ് ഉറപ്പിക്കുന്നത്.  മാഷ് ഈണമിട്ട പാട്ടുകള്‍പാടി മികച്ച പാട്ടുകാരനുള്ള ഏഴ് സംസ്ഥാന അവാര്‍ഡുനേടി റെക്കോഡിട്ട പാട്ടുകാരനാണ് കല്ലറ ഗോപന്‍.   സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിക്ക് മാഷിന്റെ പാട്ടുകളെ കടന്നുപോകാനാവാത്ത കാലമായിരുന്നു അത്.  ഓരോ പാട്ടിലും വ്യത്യസ്തത നിലനിര്‍ത്തി, നാടകസംഗീതത്തിന് മാഷ് പുതിയ മാനം നല്‍കുകയായിരുന്നു.  മാഷ് ചിട്ടപ്പെടുത്തിയ പാട്ടിന് മൂന്ന് അവാര്‍ഡുകള്‍ കിട്ടിയ സന്ദര്‍ഭവുമുണ്ടായി. 2007-ലായിരുന്നു അത്.  കെ.പി.എ.സി.യുടെ നഗരവിശേഷം എന്ന നാടകത്തിനുവേണ്ടി ഒ.എന്‍.വി.രചിച്ച  'രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞുപോകും..' എന്ന് തുടങ്ങുന്ന പാട്ടിനാണ് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചത്.  ഗാനരചയിതാവിനുള്ള പുരസ്‌കാരം ഒ.എന്‍.വി.ക്കും സംഗീതത്തിനുള്ള പുരസ്‌കാരം മാഷിനും ആലപിച്ചതിനുള്ള പുരസ്‌കാരം കല്ലറ ഗോപനും  ലഭിച്ചു. ഇതൊരു റെക്കോഡായിരുന്നു.

കേള്‍ക്കാതെപോയ പാട്ടുകള്‍...

സിനിമയ്ക്കുവേണ്ടി അര്‍ജുനന്‍ മാഷ് ഈണമിട്ട പാട്ടുകളേറെയും മലയാളിയുടെ ചുണ്ടിലുണ്ട്.  'കസ്തൂരി മണക്കുന്നല്ലോ...' എന്ന പാട്ടുപോലെ ചിലതെല്ലാം പുതിയ തലമുറയും നെഞ്ചിലേറ്റുന്നു.  ശുദ്ധസംഗീതത്തിന്റെ തേന്‍  പുരട്ടിയ ഒട്ടേറെ നാടകപ്പാട്ടുകള്‍ മാഷിന്റേതായുണ്ട്. ഇവയിലേറെയും അധികമാരും കേള്‍ക്കാതെ പോയതാണ്. ദിവസങ്ങളോളം കഷ്ടപ്പെട്ട് ഒരുക്കിയ പാട്ടുകളും ആ കൂട്ടത്തിലുണ്ട്. ഒരുപക്ഷേ, സിനിമയില്‍ നാം കേട്ടതിനെക്കാള്‍ മികച്ചവയാണ് അതില്‍ പലതും.  എന്നാല്‍, നാടകത്തിന്റെ ചുറ്റുവട്ടത്തുമാത്രം പെയ്തിറങ്ങി, പിന്നെ ഓര്‍മകളില്‍നിന്നുപോലും മാഞ്ഞുപോയ ആ പാട്ടുകള്‍ കേള്‍ക്കാനുള്ള ഭാഗ്യം അധികം പേര്‍ക്കുമുണ്ടായില്ല. ഇവയൊന്നും സൂക്ഷിച്ചിട്ടുമില്ല.  മധുരമൂറുന്ന ആ പാട്ടുകള്‍ മലയാളത്തിന്റെ നഷ്ടമാണ്.  
(പുന:പ്രസിദ്ധീകരണം) 
 

Content Highlights: remembering arjunan master, malayalam cinema, super hits, g devarajan