ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ: എസ് ജാനകിയുടെ ആ പാട്ടോർമ്മ പങ്കുവെച്ച് ആലപ്പി അഷറഫ്

ആലപ്പുഴ: മലയാളി ഏറ്റുപാടുകയാണ് ‘ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...’. ഇന്നും ആളുകളുടെ മനസ്സിൽനിന്നു മായാത്ത ഗാനം എസ്. ജാനകിയുടെ ആവശ്യത്തിൽ റീ റെക്കോഡിങ് നടത്തിയ ഓർമ്മകളാണ് സംവിധായകൻ ആലപ്പി അഷറഫിനു പറയാനുള്ളത്.
1986-ൽ പുറത്തിറങ്ങിയ നിന്നിഷ്‌ടം എന്നിഷ്ടം എന്ന ചിത്രത്തിൽ ഈ ഗാനം രണ്ടു തരത്തിലാണുള്ളത്. ഒന്ന് യുഗ്മഗാനമായിട്ടും മറ്റൊന്നു ചിത്രത്തിന്റെ അവസാനം എസ്. ജാനകി മാത്രം ആലപിക്കുന്നതായിട്ടും. ഈ ഗാനമൊരുക്കിയത് സംഗീത സംവിധായകൻ കണ്ണൂർ രാജനായിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു ഗാനരചയിതാവ്.
അന്ന് മദ്രാസിലെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റിക്കോഡിങ്. ജാനകിയമ്മ ഉച്ചയോടെ സ്റ്റുഡിയോയിലെത്തി. ഗാനത്തിന്റെ റിക്കോഡിങ് ആരംഭിച്ചു. പാട്ടു പൂർത്തിയായപ്പോഴേക്കും അവർക്ക് വൗച്ചറും പണവും നൽകാനുള്ള തിരക്കിലായിരുന്നു ആലപ്പി അഷറഫ്. പാട്ട് പൂർത്തിയാക്കിയപ്പോൾ എല്ലാവരും അവരെ അഭിനന്ദിച്ചു. അവർ സ്റ്റുഡിയോയിലെ ലൈറ്റ് ഓഫാക്കി ഇറങ്ങി സൗണ്ട് എൻജിനിയറുടെ മുറിയിലെത്തി പാട്ടുകേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഗാനത്തിന്റെ ഒരുഭാഗമെത്തിയപ്പോഴേക്കും വീണ്ടും റെക്കോഡ് ചെയ്യണമെന്ന് ജാനകിയമ്മ ആവശ്യപ്പെട്ടു. എല്ലാവരും അഭിനന്ദിച്ച് ഓക്കെ പറഞ്ഞതായിരുന്നു ഗാനം. എന്നാൽ, എന്തോ ചെറിയ കുഴപ്പം പറഞ്ഞാണ് ആദ്യത്തേതിലും ഗംഭീരമായി രണ്ടാമത് ഗാനം പൂർത്തിയാക്കിയത്. സാധാരണ, സംഗീതസംവിധായകരാണ് പാട്ടിന്റെ പോരായ്മകൾ തിരുത്താറുള്ളത്. എന്നാലിവിടെ അവർതന്നെ പോരായ്മ തിരിച്ചറിയുകയായിരുന്നു.
ഈ പാട്ടിനിടയിലെ മോഹഭംഗ മനസ്സിലെ എന്ന ഭാഗം യേശുദാസാണ് പാടിയത്. അന്ന് അത്രയും ഭാഗം പാടുന്നതിനും ഒരുപാട്ടിനുള്ള മുഴുവൻ പണം നൽകണം. യുഗ്മഗാനത്തിനുള്ള പണം മുൻപ് നൽകിയിരുന്നതാണ്. അടുത്തദിവസം ചെറിയ ഭാഗം പാടാനായി എത്തിയ യേശുദാസും പൊലിപ്പിച്ചുപാടി. ജാനകിയമ്മയുടെ പാട്ടുകേട്ടശേഷം അത് ഇഷ്ടപ്പെട്ടതിനാലാണ് പണം വാങ്ങാതിരുന്നത് -ആലപ്പി അഷറഫ് ഓർത്തെടുത്തു. രണ്ടുപേരും മത്സരിച്ചുള്ള ഗാനാലാപനമാണ് ആളുകൾ ഇന്നും ഏറ്റുപാടുന്നതിന് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Director Alleppey Ashraf reminisces about the recording days of the evergreen song 'Elam Manjin Kulirumayoru Kuyil' from the 1986 film Ninnishtam Ennishtam, highlighting the dedication of legendary singers S. Janaki and K.J. Yesudas.