മീശ വെച്ച് കുറച്ചുകൂടെ മലയാളി ആകണമെന്ന് ഉപദേശിച്ചവരുണ്ട്, എല്ലാം പോസിറ്റീവായി കാണുന്നു: സുദേവ് നായർ

#സുദേവ് നായർ/ അജ്മൽ പഴേരി
സുദേവ് നായർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
സുദേവ് നായർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

വർഷങ്ങൾക്കു മുമ്പ് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് വണ്ടികയറുമ്പോൾ സുദേവ്നായരുടെ സ്വപ്‌നം മലയാള സിനിമയിലൊരു ഇരിപ്പിടമായിരുന്നു, എന്നാൽ, വർഷങ്ങൾക്കിപ്പുറം അതേ ബോംബൈയിൽ നിന്ന് ബഡാ രാജനായി കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ ലക്ഷ്യം മൈക്കിളപ്പനായിരുന്നു..! ബോക്‌സോഫീൽ പുത്തൻ റെക്കോഡ് പർവങ്ങൾ തീർക്കുന്ന അമൽനീരദ്- മമ്മൂട്ടി ടീമിന്റെ ഭീഷ്മപർവം കണ്ടവരാരും മൈക്കിളിപ്പനെ വീഴ്ത്താനെത്തുന്ന ആ ചുള്ളൻ വില്ലനെ മറന്നുകാണില്ല. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കളരിയിൽനിന്ന് പതിനെട്ടടവും പയറ്റിത്തെളിഞ്ഞാണ് സുദേവ് നായർ എന്ന മുംബൈ മലയാളി കേരളത്തിലേക്കെത്തിയത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം കൈകളിലാക്കി ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാന്നിധ്യം അറിയിക്കാനും സുദേവിനായി.

ഭീഷ്മയിൽ ബോംബെക്കാരനായി തിളങ്ങിയ സുദേവിന് ശരിക്കും മുംബൈ പശ്ചാത്തലമുണ്ടല്ലോ..

= മുംബൈ പശ്ചാത്തലമല്ല, ഞാൻ ശരിക്കും മുംബൈ മലയാളിയാണ്. ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിൽത്തന്നെ. അച്ഛനും അമ്മയ്ക്കും മുംബൈയിലായിരുന്നു ജോലി. പഠിച്ചത് മുംബൈയിലെ പല സ്ഥലങ്ങളിലാണെങ്കിലും അമ്മ എന്നെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. ചെറുപ്പത്തിലേ സിനിമയിൽ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. പ്രത്യേകിച്ച് മലയാളസിനിമയിൽ. സിനിമാമോഹം കൂടിയതോടെ പുണെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ ചേർന്നു. അവിടെ കോഴ്‌സ് പൂർത്തിയാക്കി നേരെ അവസരംതേടി കൊച്ചിയിലെത്തി. മൂന്നു മാസം കൊച്ചിയിൽ തങ്ങി. പിന്നീട് എന്റെ ശരീരവും ലുക്കും വെച്ച് മലയാളം എളുപ്പമാകില്ലെന്ന് പലരും പറഞ്ഞതോടെ ഞാൻ തിരികെ മുംബൈയ്ക്ക് വണ്ടി കയറി.

പിന്നീട് മൈ ലൈഫ് പാർട്ടണറിലൂടെ മലയാളത്തിൽ അവസരം കിട്ടി. ആദ്യത്തെ സിനിമയിൽത്തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കാനായി. അതിനുശേഷം അനാർക്കലിയും എസ്രയും കരിയറിൽ വഴിത്തിരിവായി. ഈ സിനിമകളിലൂടെ കൂടുതൽപേർ തിരിച്ചറിയാൻ തുടങ്ങി. ആ കാലയളവിൽ ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു. പലതും ചെറിയ റോളുകളായിരുന്നു. എന്നാൽ, പല റോളുകളും ഇംപാക്ട് ഉണ്ടാക്കുന്നതായിരുന്നു. കായംകുളം കൊച്ചുണ്ണി, എബ്രഹാമിന്റെ സന്തതികൾ എന്നീ സിനിമകളിലെയൊക്കെ റോളുകൾ ശ്രദ്ധിക്കപ്പെട്ടു.

ഈ മുംബൈ പശ്ചാത്തലമാണോ ഭീഷ്മയിലേക്കെത്തിച്ചത്...

= സംവിധായകൻ അമൽ നീരദാണ് ഭീഷ്മയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം വിളിച്ചപ്പോൾ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കണമെന്നത് കുറെക്കാലത്തെ ആഗ്രഹമാണ്. മമ്മൂക്ക, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ അടക്കമുള്ളവർക്കൊപ്പം ഭീഷ്മയിൽ ഒരുപാട് നല്ല അനുഭവങ്ങൾ ലഭിച്ചു.

അന്ന് മാറ്റിനിർത്തിയ ലുക്കും ശരീരവുമല്ലേ ഇന്ന് തുണയാകുന്നത്...

= എന്നെ കാണാൻ മലയാളിയെപ്പോലെ ഇല്ല എന്നായിരുന്നു അന്ന് ആളുകൾ പറഞ്ഞത്. മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണം എന്ന് ചിലർ ഉപദേശിച്ചു. എന്നാൽ, എനിക്കതിനോട് യോജിക്കാൻ കഴിഞ്ഞില്ല. എന്റെ പേഴ്‌സണാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം വരുമെന്നായിരുന്നു ഉള്ളിൽ. ഇപ്പോൾ മലയാളി ടച്ചില്ലാത്തത് നെഗറ്റീവായിട്ടല്ല, മറിച്ച് പോസിറ്റീവായിട്ടാണ് കാണുന്നത്. കുറച്ച് സിനിമകൾ റിലീസാവാനുണ്ട്. 19-ാം നൂറ്റാണ്ട്, കൊത്ത്, തുറമുഖം, ഖെഡ്ഡ, വഴക്ക്, മോൺസ്റ്റർ എന്നിവയാണ് ഉടനെ റിലീസാകാൻ പോകുന്ന ചിത്രങ്ങൾ.

Content Highlights: actor sudev nair interview, bheeshmaparvam movie, thuramukham movie, monster malayalam movie