റിഹേഴ്സൽ കാണാൻ വന്ന ട്രൗസറിട്ട ആ കുട്ടി അങ്ങനെ ഹോളിവുഡ് നടൻവരെയായി

-
-

കോഴിക്കോട് : 1978-ൽ സംഗമം തിയേറ്റേഴ്സിന്റെ ഗോപുരനടയിൽ എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിലാണ് കലിംഗ ശശിയെ ആദ്യമായി കാണുന്നത്. ഞാൻ അഭിനയിക്കുന്ന പ്രൊഫഷണൽ നാടകമായിരുന്നു അത്. എം.ടി. വാസുദേവൻനായരാണ് നാടകം എഴുതിയതും സംവിധാനം ചെയ്തതും.

അതിന്റെ ക്യാമ്പിലേക്ക് ഞാനെത്തുമ്പോൾ ട്രൗസറിട്ട ഒരുകുട്ടി അവിടെ ഇരിപ്പുണ്ട്. വിക്രമൻനായരും വിൽസൺ സാമുവലും ഒക്കെയുള്ളതാണ് അന്ന് സംഗമം ട്രൂപ്പ്. വിക്രമൻനായരുടെ മരുമകനാണ് ഈ കുട്ടി. എന്നും അദ്ദേഹത്തോടൊപ്പം വരും. സെയ്‌ന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥിയായ ഒരു പയ്യൻ. ഫ്രാൻസിസ് റോഡിലെ സംഗമം തിയേറ്റേഴ്സ് ഓഫീസ് കെട്ടിടത്തിനു മുകളിലായിരുന്നു റിഹേഴ്സൽ ക്യാമ്പ്. അന്നുതുടങ്ങിയ അടുപ്പവും പരിചയവും സ്നേഹവുമാണ് ശശിയുമായി.

പിൽക്കാലത്ത് ശശി അമ്മാവനായ വിക്രമൻനായരുടെ സ്റ്റേജ് ഇന്ത്യയിലെ പ്രധാന നടനായി. ഒട്ടേറെ നാടകങ്ങൾ ചെയ്തു. അതിനൊക്കെശേഷമാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അത് ഒരു നിമിത്തമായിരുന്നു. രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിൽ ഒട്ടേറെ നാടകപ്രവർത്തകരെ അഭിനേതാക്കളാക്കിയിരുന്നു. സിനിമയിലേക്കുള്ള നാടകപ്രവർത്തകരെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു.

ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ അതിനായുള്ള അഭിമുഖം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ശശി അവിടെ എത്തി. അഭിനേതാക്കൾക്കായുള്ള ക്യാമ്പിൽ ശശിയെക്കൂടി പങ്കെടുപ്പിക്കാൻ രഞ്ജിത്ത് നിർദേശിച്ചു. അങ്ങനെയാണ് പാലേരി മാണിക്യത്തിലെ ഡിവൈ.എസ്.പി.യുടെ വേഷത്തിൽ ശശി എത്തിയത്. പിന്നെ ഒട്ടേറെ വേഷങ്ങൾ പല സംവിധായകരുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന് ലഭിച്ചു. ഹോളിവുഡിൽപോലും അഭിനയിക്കാൻ അവസരം കിട്ടി.

സിനിമയിൽ തിരക്കുള്ളപ്പോഴും അദ്ദേഹം നാടകത്തെ മറന്നില്ല. സിനിമയുടെ പ്രഭാവലയങ്ങളൊന്നും അദ്ദേഹത്തെ ഒരിക്കലും ബാധിച്ചില്ല. അതിന്റെ ആടയാഭരണങ്ങളോ അലങ്കാരങ്ങളോ കൊണ്ടുനടക്കാത്ത നടനായിരുന്നു ശശി.

സ്കൂൾവിദ്യാർഥിയായി നാടകറിഹേഴ്സൽ കാണാനെത്തിയ കാലത്ത് ശശി ഒരു നടനാവും എന്ന് കരുതിയിരുന്നില്ല. വിക്രമൻനായർക്കൊപ്പം സ്റ്റേജ് ഇന്ത്യയിലാണ് ശശി പ്രവർത്തിച്ചത്. ഞാൻ സംഗമം തിയേറ്റേഴ്സിൽ തന്നെയായിരുന്നു. അതിനാൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ അവസരമുണ്ടായിട്ടില്ല. എങ്കിലും 1978-ൽ ആദ്യം കണ്ടപ്പോൾ തുടങ്ങിയ സ്നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായില്ല. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് ആദ്യകാലത്ത് നാടകത്തിൽ ശശി തിളങ്ങിയത്.

ഏതു കഥാപാത്രത്തെയും അങ്ങേയറ്റം സ്വാഭാവികമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള മികവ് അദ്ദേഹത്തിലെ നടന് സഹജമായിരുന്നു. മോണകാട്ടിയുള്ള ചിരിയും സവിശേഷമായ അംഗവിക്ഷേപങ്ങളും ശരീരപ്രകൃതിയുമൊക്കെ അദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. ഒരു മികച്ച നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

Content Highlights: actor sasi kalinga, babu parasseri writes

Content Highlights: