ഇനിവരുമോ ഇതുപോലൊരു ക്ലാസിക്?, 50 വർഷം പിന്നിട്ട് മലയാളത്തിന്റെ 'നിർമാല്യം'

എം.ടി. വാസുദേവൻ നായർ, നിർമാല്യത്തിൽ പി.ജെ. ആന്റണി | ഫോട്ടോ: സാജൻ വി നമ്പ്യാർ, ആർക്കൈവ്സ് \ മാതൃഭൂമി
എം.ടി. വാസുദേവൻ നായർ, നിർമാല്യത്തിൽ പി.ജെ. ആന്റണി | ഫോട്ടോ: സാജൻ വി നമ്പ്യാർ, ആർക്കൈവ്സ് \ മാതൃഭൂമി

"എന്റെ നാലുമക്കളെ പെറ്റ നീയോ നാരായണീ" എന്ന് ഒരു വെളിച്ചപ്പാടിന്റെ നെഞ്ചുപൊട്ടിയുള്ള ചോദ്യം വെള്ളിത്തിരയിൽ മുഴങ്ങിയിട്ട്, തന്റെ ഉപാസനകൊണ്ട് സ്വന്തം കുടുംബത്തിന്റ പട്ടിണി മാറിയില്ല എന്നുതിരിച്ചറിഞ്ഞ്, സ്വന്തം തിരുനെറ്റിയിൽ ആ‍ഞ്ഞുവെട്ടി ദേവിക്ക് മുന്നിൽ ഒരുപാസകൻ പിടഞ്ഞുവീണുമരിച്ചിട്ട് ഇന്നേക്ക് അമ്പതുവർഷം. എം.ടി വാസുദേവൻ നായരെന്ന എഴുത്തുകാരന്റെയും സംവിധായകന്റേയും പി.ജെ. ആന്റണി എന്ന നടന്റേയും, പിന്നെ മലയാളത്തിന്റെയും സ്വന്തം നിർമാല്യം പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് തികയുന്നു. 

എം ടി വാസുദേവൻ നായർ തന്നെ എഴുതിയ പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് നിർമാല്യം. ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും അവിടുത്തെ ശാന്തിക്കാരനും വെളിച്ചപ്പാടും കഴകക്കാരനും അവരുടെ ജീവിതവുമെല്ലാമാണ് നിർമാല്യത്തിലൂടെ എം.ടി ആവിഷ്കരിച്ചത്. കൊടിയ ദാരിദ്ര്യത്തിലും അനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് ഈ കഥയിലെ നായകൻ. വെളിച്ചപ്പാടിന്റെ അശ്രദ്ധയിൽ അയാളുടെ കുടുംബം ശിഥിലമാവുന്നു. പട്ടിണി മാറ്റാൻ ഭാര്യക്ക് മറ്റൊരാൾക്കുമുന്നിൽ വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. താൻ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പിൽ ആത്മഹത്യ ചെയ്യുകയാണ്.

'നിർമാല്യ'ത്തിൽ പി.ജെ. ആന്റണി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഒരുപക്ഷേ മലയാളത്തിൽ അതുവരെ കാണാത്ത ധീരമായ പരീക്ഷണമായിരുന്നു നിർമാല്യം. അതിനുമുമ്പോ ശേഷമോ അതുപോലൊരു ക്ലൈമാക്സ് പിന്നീട് മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽത്തന്നെ ഉണ്ടായിട്ടില്ല. താൻ പറയാനുദ്ദേശിച്ചതെന്തോ അത് ഒട്ടും മറയില്ലാതെ പ്രേക്ഷകനുമുന്നിൽ കാണിക്കുകയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന എഴുത്തുകാരനും സംവിധായകനും. 1973 നവംബർ 23-നായിരുന്നു നിർമാല്യം തിയേറ്ററുകളിലെത്തിയത്. എം.ടി. വാസുദേവൻ നായരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. നോവൽ ഫിലിംസിന്റെ ബാനറിൽ എം.ടി തന്നെയായിരുന്നു നിർമാണവും.

'നിർമാല്യ'ത്തിന്റെ സെറ്റിൽ ഛായാ​ഗ്രാഹകൻ രാമചന്ദ്ര ബാബു | ഫോട്ടോ: ആർക്കൈവ്സ് \ മാതൃഭൂമി

നടൻ സുകുമാരന്റെ ആദ്യ ചിത്രം, രവി മേനോന്റെ രണ്ടാമത്തെ ചിത്രം എന്നീ പ്രത്യേകതകൾകൂടി നിർമാല്യത്തിനുണ്ട്. സുമിത്രയായിരുന്നു നായിക. കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, ശങ്കരാടി, കുഞ്ഞാണ്ടി, സുരാസു, ശാന്താ ദേവി തുടങ്ങി പ്രതിഭകളുടെ സം​ഗമം തന്നെയായിരുന്നു നിർമാല്യത്തിൽ. പി.ജെ. ആന്റണി ചെയ്ത വെളിച്ചപ്പാടിന്റെ വേഷത്തിലേക്ക് ശങ്കരാടിയേയായിരുന്നു ആദ്യം പരി​ഗണിച്ചിരുന്നത്. തന്റെ ശരീരം വെളിച്ചപ്പാടിന്റെ വേഷത്തിന് ചേരില്ലെന്ന് കണ്ട് ആ വേഷം നിരസിച്ച അദ്ദേഹം തന്നെയാണ് പി.ജെ. ആന്റണിയുടെ പേര് നിർദേശിക്കുന്നതും. രാമചന്ദ്ര ബാബുവായിരുന്നു ഛായാ​ഗ്രാഹകൻ. സ്വാതി തിരുനാളിന്റെയും ഇടശ്ശേരിയുടേയും കവിതകൾക്ക് കെ. രാഘവനായിരുന്നു ഈണമിട്ടത്. എം.ബി. ശ്രീനിവാസനായിരുന്നു പശ്ചാത്തലസം​ഗീതം.

'നിർമാല്യ'ത്തിൽ സുകുമാരൻ, രവി മേനോൻ, സുമിത്ര എന്നിവർ | ഫോട്ടോ: ആർക്കൈവ്സ് \ മാതൃഭൂമി

മലയാളത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത നായകനായിരുന്നു പി.ജെ. ആന്റണിയുടെ വെളിച്ചപ്പാട്. ഉത്സവത്തിന് വാളും ചിലമ്പുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങവേ സ്വന്തം ഭാര്യയുടെ മുറിയിൽനിന്നും അന്യപുരുഷൻ ഇറങ്ങിവരുന്നതുകണ്ട് അമ്പരക്കുന്നുണ്ട് വെളിച്ചപ്പാട്. എന്റെ നാലുമക്കളെ പെറ്റ നീയോ നാരായണീ എന്ന ചോദ്യത്തിന് തന്നെ ഇങ്ങനെയാക്കിയത് നിങ്ങൾ തന്നെയാണെന്ന ഭാര്യയുടെ മറുപടിയിൽ ആ അമ്പരപ്പ് തളർച്ചയിലേക്ക് വഴിമാറുന്നുണ്ട്. ഭ​ഗവതിയെ രക്ഷിക്കാൻ നിങ്ങൾ നടന്നപ്പോൾ വീട്ടിൽ അടുപ്പെരിഞ്ഞിരുന്നില്ലെന്ന നാരായണിയുടെ വാക്കുകൾ നിസ്സഹായതയോടെ കേട്ടുനിൽക്കാനേ അയാൾക്കാകുമായിരുന്നുള്ളൂ. സ്വന്തം കുട്ടികൾ വിശന്നുകരയുമ്പോൾ ഭ​ഗവതി അരിയും കാശും കൊണ്ടുവന്നുതന്നില്ല എന്ന നാരായണിയുടെ സങ്കടത്തോടെയും അതിലേറെ അറുത്തുമുറിച്ചുമുള്ള പറച്ചിലിൽ വെളിച്ചപ്പാടിന്റെ തൊണ്ടയിൽ നിന്നുള്ള ഏക മറുപടി അമ്മേ എന്ന വിളി മാത്രമായിരുന്നു.

'നിർമാല്യ'ത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

1974-ൽ മികച്ച ഫീച്ചർ ഫിലിമിനും പി.ജെ. ആന്റണിക്ക് നടനുമുള്ള ദേശീയ പുരസ്കാരങ്ങൾ നിർമാല്യത്തെ തേടിയെത്തി. അതേവർഷം മികച്ച ചിത്രം, നടൻ, എഡിറ്റർ, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നിർമാല്യം സ്വന്തമാക്കി.

മികച്ച നടനുള്ള ദേശീയ പുരസ്കാരം പി.ജെ. ആന്റണി സ്വീകരിക്കുന്നു  | ഫോട്ടോ: ആർക്കൈവ്സ് \ മാതൃഭൂമി

വിശപ്പാണ് ഏറ്റവും വലുതെന്ന് പറയുന്ന, അല്ലെങ്കിൽ വിശപ്പകറ്റുന്നതിനേക്കാൾ വലുത് ഈ ലോകത്ത് എന്തുണ്ടെന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്ന ചിത്രമാണ് നിർമാല്യം. അതുകൊണ്ടാണ് പുറത്തിറങ്ങി അരനൂറ്റാണ്ടായിട്ടും ഈ ചിത്രം പ്രസക്തമാവുന്നത്. ദൈവം, ദാരിദ്ര്യം എന്നീ ആശയങ്ങളെ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്നപോലെ ഇണക്കിച്ചേർത്തിട്ടുള്ള, നിർമാല്യത്തോളംപോന്ന മറ്റൊരു ചിത്രവും ഇക്കാലത്തിനിടയിൽ മലയാളസിനിമയിൽ സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. പുറത്തിറങ്ങി അമ്പത് ആണ്ടുകളായെങ്കിലും നമ്മുടെ സമൂഹം ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന് പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് നിർമാല്യം എന്ന ക്ലാസിക്.

Content Highlights: 50 years of nirmalyam movie, mt vasudevan nair and pj antony