എല്ലുംതോലുമായ രൂപം കണ്ടപ്പോള്‍ ചേട്ടൻ പൊട്ടിക്കരഞ്ഞു: 'ഇങ്ങനെ നരകിക്കാന്‍ നീ എന്തു പാപമാടാ ചെയ്തത്'

പുലികേശി എന്ന ഫൈറ്റ്മാസ്റ്ററെക്കുറിച്ച് ത്യാഗരാജന്‍ ധാരാളം കേട്ടിരുന്നു. പാലക്കാട്ടുകാരനായ പുലികേശി എന്ന പുരുഷോത്തമന്‍ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയ ആളാണ്. സ്റ്റണ്ട്മാസ്റ്റര്‍ സ്വാമിനാഥനായിരുന്നു ഗുരു. നല്ല നടനായിരുന്നുവെങ്കിലും ഫൈറ്റ് മാസ്റ്റര്‍ എന്ന നിലയിലാണ് പുലികേശി അറിയപ്പെട്ടത്. സിനിമയില്‍ സംഘട്ടനസംവിധായകനായ അദ്ദേഹത്തിന് വടപളനിയില്‍ 'നാടകമന്‍ട്രം' എന്ന പേരില്‍ സ്വന്തമായി ഒരു നാടകട്രൂപ്പ് കൂടിയുണ്ടായിരുന്നു. പുലികേശിയെ പരിചയപ്പെട്ടാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് ത്യാഗരാജനോട് പലരും പറഞ്ഞു. പുലികേശിയുടെ ട്രൂപ്പിലെ മിക്ക അംഗങ്ങളും ചായ കുടിച്ചിരുന്നത് വടപളനിയിലെ രാമസ്വാമി ടീ ഷാപ്പില്‍ നിന്നാണ്. അവിടെ പലപ്പോഴും പുലികേശി വരാറുണ്ടായിരുന്നെങ്കിലും ത്യാഗരാജന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഒരു ദിവസം ടീ ഷാപ്പിലേക്ക് പുലികേശി പോകുന്നത് ത്യാഗരാജന്‍ കാണാനിടയായി. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹത്തിന്റെ പിറകെ ഓടിച്ചെന്നു. വെളുത്ത് നല്ല തടിയും ഉയരവുമുള്ള പുലികേശി കാണാനും വളരെ സുന്ദരനായിരുന്നു. ചായ കുടിക്കാനിരുന്ന അദ്ദേഹത്തിന്റെ മുന്നില്‍ ചെന്ന് ത്യാഗരാജന്‍ കൈകൂപ്പി. 'ആരാണ്?' പുലികേശി ചോദിച്ചു.
'സര്‍, എന്റെ പേര് ത്യാഗരാജന്‍ എന്നാണ്.' സിനിമയിലഭിനയിക്കാനുള്ള മോഹവുമായി നാടുവിട്ട് വന്നതും അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും മുമ്പ് നാടകത്തിലഭിനയിച്ചതിന്റെ പരിചയവുമെല്ലാം ശ്വാസംവിടാതെ പുലികേശിയോട് വിശദീകരിച്ചു. 'എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം സാര്‍' എന്ന ദയനീയമായ അപേക്ഷ കേട്ടാവണം പുലികേശി ത്യാഗരാജനുകൂടി ഒരു ചായ കൊടുക്കാന്‍ പറഞ്ഞു. ചായ കുടിക്കുന്നതിടയില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു: 'വിചാരിക്കുന്നത്ര എളുപ്പമുള്ള പണിയല്ല നാടകമന്‍ട്രത്തിലേത്, ജോലിയുള്ള ദിവസം പണമുണ്ടാവും. അല്ലാത്തപ്പോള്‍ വെറുതെയിരിക്കേണ്ടിവരും.'
'കുഴപ്പമില്ല സാര്‍.' ത്യാഗരാജന്‍ പറഞ്ഞു.
Content Highlights: stunt choreographer thyagarajan action tamil movie shivaji ganeshan, mgr