അവസാനം കണ്ടപ്പോഴും ഞാൻ പറഞ്ഞു: 'ലീലച്ചേച്ചിയാണ് എന്നെ പാട്ടെഴുത്തുകാരനാക്കിയത്'

പി.ലീലക്കൊപ്പം രവി മേനോൻ | Photo: facebook.com|ravi.menon.1293
പി.ലീലക്കൊപ്പം രവി മേനോൻ | Photo: facebook.com|ravi.menon.1293

``പാട്ടെഴുത്തി''ന്റെ 30 വർഷങ്ങൾ (1990--2020), ഓർമ്മയിൽ ആ "പെൺകുട്ടി" 

---------------------
ഓലകെട്ടിമറച്ച തികച്ചും ``പ്രാകൃത''മായ ഒരു സ്റ്റുഡിയോ. സ്റ്റുഡിയോയുടെ ഒത്തനടുക്കൊരു മരക്കസേര. കസേരമേൽ കയറിനിന്ന്  മൈക്കിലേക്ക് ഏന്തിവലിഞ്ഞു പാടുന്ന കൊച്ചു ഗായിക. പന്ത്രണ്ടുകാരിയായ ആ പെൺകുട്ടിയെ കുറിച്ചായിരുന്നു എന്റെ ആദ്യത്തെ ``പാട്ടെഴുത്ത്'' --  മുപ്പത് വർഷം മുൻപ് കേരള കൗമുദി വീക്കെൻഡ് മാഗസിനിൽ. 

തുടക്കക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയുടെ എല്ലാ അമ്പരപ്പോടെയും ആശങ്കയോടെയും  ആകാംക്ഷയോടെയും ``കങ്കണം'''(1946) എന്ന തമിഴ് സിനിമക്ക് വേണ്ടി ആദ്യ  പിന്നണിഗാനം പാടി റെക്കോർഡ് ചെയ്ത ആ ബാലിക തിരക്കേറിയ പാട്ടുകാരിയായി വളർന്നതും തെന്നിന്ത്യയുടെ ഗാനകോകിലമായതും പിൽക്കാല ചരിത്രം. പി ലീല  എന്നായിരുന്നു ആ കുട്ടിയുടെ പേര്.  

1990 മദ്ധ്യത്തിൽ കോഴിക്കോട് അളകാപുരിയിൽ ലീലച്ചേച്ചിയെ ചെന്ന് കണ്ടത് ലേഖനമെഴുതാനുള്ള ഉദ്ദേശ്യവുമായല്ല. സംഗീതം എന്നും ഉള്ളിലുണ്ടെങ്കിലും  പാട്ടിനെ കുറിച്ച് കാര്യമായി എഴുതിയിട്ടില്ല അതുവരെ. സ്പോർട്സ് ആയിരുന്നല്ലോ ഇഷ്ടമേഖല. അപൂർവമായി സിനിമയെ കുറിച്ചും എഴുതും. അത്രമാത്രം. കുട്ടിക്കാലം മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ശബ്ദത്തിന്റെ ഉടമയെ ഒന്ന് നേരിൽ കണ്ട് സംസാരിക്കുക. കഴിയുമെങ്കിൽ അവരോടൊപ്പം ഒരു പടമെടുക്കുക. പി ലീലയെ കാണാൻ പോകുമ്പോൾ കേരളകൗമുദിയിലെ തുടക്കക്കാരനായ സബ് എഡിറ്റർക്ക് അത്രയേ ഉണ്ടായിരുന്നുള്ളൂ മോഹം. ``കണ്ണും പൂട്ടി ഉറങ്ങുക നീയെൻ'' എന്ന താരാട്ട് കേട്ടു വളർന്ന അന്നത്തെ തലമുറയിലെ പല കുട്ടികളുടെയും  മനസ്സിൽ സ്നേഹനിധിയായ അമ്മയുടെ, അല്ലെങ്കിൽ ചേച്ചിയുടെ സ്ഥാനമായിരുന്നു ലീലയ്ക്ക്. അവരിലൊരാളായിരുന്നല്ലോ ഞാനും.

പക്ഷേ, സംസാരിച്ചു തുടങ്ങിയതോടെ  ഉള്ളിലെ ആരാധകൻ  പതുക്കെ തിരശീലയ്ക്ക് പിന്നിൽ മറയുന്നു. പകരം ആ സ്ഥാനം ചരിത്രാന്വേഷി കയ്യടക്കുന്നു. . തെന്നിന്ത്യൻ സിനിമയുടെ സംഗീത ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഗായികയാണ് മുന്നിൽ കയ്യെത്തും ദൂരെ. ആവേശപൂർവം ലീലച്ചേച്ചി  അയവിറക്കിയ ഓരോ അനുഭവത്തിലും അവരറിയാതെ തന്നെ വന്നു തുളുമ്പിയത് ഓരോ കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ്.  ശൈശവവും കൗമാരവും പിന്നിട്ട് യൗവനത്തിലെത്തിനിന്ന സിനിമാ സംഗീതത്തിന്റെ സർഗാത്മക/സാങ്കേതിക  വളർച്ചയുടെ ചരിത്രം. ജീവിതം തന്നെ സംഗീതത്തിനും ഗുരുവായൂരപ്പനും സമർപ്പിച്ച ഏകാകിയായ ഒരു സ്ത്രീയുടെ ത്യാഗങ്ങളുടെയും നേട്ടങ്ങളുടെയും  കഥ

``കങ്കണം'' എന്ന സിനിമയുടെ റെക്കോർഡിംഗ് നടന്നത് അന്നത്തെ പ്രശസ്ത സംവിധായകൻ കെ സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിൽ ഉള്ള സേലത്തെ താൽക്കാലിക ഗാനലേഖന നിലയത്തിലാണ്. ``സ്റ്റുഡിയോ എന്നോ അതോ ഷെഡ് എന്നോ -- എന്താണ് ആ സംവിധാനത്തെ വിളിക്കേണ്ടത് എന്നറിയില്ല..''-- ലീല പറഞ്ഞു.  ആദ്യം പാടി റെക്കോർഡ് ചെയ്തത്   എച്ച് ആർ പദ്‌മനാഭ ശാസ്ത്രിയുടെ ഈണത്തിൽ  ബേഗഡ രാഗത്തിലുള്ള ശ്രീ വരലക്ഷ്മിം എന്ന ശ്ലോകം. അന്നത്തെ റെക്കോർഡിംഗ് സെഷനിൽ  നിന്ന് ലീലയുടെ മനസ്സിൽ മങ്ങാതെ അവശേഷിച്ചിരുന്ന ഒരേയൊരു ചിത്രം കുറെ കളിമൺകലങ്ങൾ മാത്രം. സ്റ്റുഡിയോയുടെ മുകൾത്തട്ടിൽ നിന്ന് ഞാന്നുകിടക്കുന്നു അവ. ``പാടി റെക്കോർഡ് ചെയ്യുമ്പോഴും ആ  മൺകലങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ. കുട്ടിയല്ലേ? പിന്നീട് അച്ഛൻ പറഞ്ഞാണ് അറിഞ്ഞത്, സ്റ്റുഡിയോയിലെ എക്കോ എഫക്റ്റ് നിയന്ത്രിക്കാനുള്ള ലളിതമായ ഉപാധിയായിരുന്നു അതെന്ന്. ഓലയും പരമ്പും കൊണ്ട് ഉണ്ടാക്കിയ ഷെഡ്  ആയിരുന്നതിനാൽ, റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും പക്ഷികളുടെയും ഒക്കെ ശബ്ദവീചികൾ അകത്തുകടന്നുവരും. അവയെയൊക്കെ നിഷ്പ്രഭമാക്കും വിധം ഉച്ചത്തിൽ പാടണം പാട്ടുകാർ. വർഷം  1946 ആണെന്നോർക്കണം. പ്ലേബാക്ക് സമ്പ്രദായം പോലും അത്ര പ്രചാരം നേടിയിട്ടില്ല. അഭിനയിക്കുന്നവർ തന്നെ പാടുന്നതാണ് അന്നത്തെ രീതി..''

ലീലച്ചേച്ചി സംസാരിച്ചുകൊണ്ടേയിരുന്നു. അറിയാക്കഥകളുടെ ഒരു സ്വർണഖനി യുവപത്രപ്രവർത്തകന് മുന്നിൽ തുറന്നിടുകയായിരുന്നു അവർ. തലേ ആഴ്ചയാണ് നീണ്ട ഇടവേളക്ക് ശേഷം സിനിമക്ക് വേണ്ടി ചേച്ചി  ഒരു പാട്ട് റെക്കോർഡ് ചെയ്തത്. പടം ``എന്റെ സൂര്യപുത്രിക്ക്.'' സംഗീത സംവിധായകൻ ഇളയരാജ.  റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്കുള്ള  തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതയായി അവർ; പലപ്പോഴും കണ്ണു നിറഞ്ഞു.  ``ശ്രീ ശിവസുത''എന്ന് തുടങ്ങുന്ന ആ കൃതി സിനിമയിൽ പാടി അഭിനയിക്കുന്നത് ശ്രീവിദ്യയാണെന്ന അറിവായിരുന്നു ഏറ്റവും ആഹ്ളാദപ്രദം.  പ്രിയ  സുഹൃത്തായിരുന്ന എം എൽ വസന്തകുമാരിയുടെ മകളെ ജനിച്ച നാൾ തൊട്ടറിയാം ലീലക്ക്. ``മണമകൾ'' (1951) മുതലിങ്ങോട്ട് എത്രയോ സിനിമകളിൽ ഞാനും എം എൽ വിയും യുഗ്മഗാനങ്ങൾ പാടി. നല്ല സ്പിരിറ്റിൽ ഉള്ള ഒരു മത്സരം ഞങ്ങൾക്കിടയിൽ എന്നും ഉണ്ടായിരുന്നു. പരസ്പരമുള്ള സ്നേഹാദരങ്ങളിൽ അധിഷ്ഠിതമായ ആ ബന്ധം ശ്രീവിദ്യക്കു വേണ്ടിയുള്ള എന്റെ പാട്ടിലൂടെ പിൻ തലമുറയിലേക്ക് നീളണമെന്നത്  ഗുരുവായൂരപ്പന്റെ നിശ്ചയമാകാം... 

മണിക്കൂറുകൾ നീണ്ട സുദീർഘമായ സംഭാഷണം കഴിഞ്ഞു യാത്രയാകുമ്പോൾ എന്റെ കൈകൾ ചേർത്തുപിടിച്ച് ലീലച്ചേച്ചി പറഞ്ഞു: ``അനിയാ, സംസാരിച്ചു മതിവന്നില്ല എനിക്ക്. ഇത് ഏതിലാ പബ്ലിഷ് ചെയ്യുക? ഒരു കോപ്പി എനിക്ക് മദിരാശിക്ക് അയച്ചു തരണം ട്ടോ. ചേച്ചിക്ക് ഇതൊന്നും വാങ്ങി അയച്ചുതരാൻ ആരൂംല്യ.'' 

ശരിക്കും ധർമ്മസങ്കടത്തിലായി. എഴുതാൻ വേണ്ടിയല്ല വെറുതെ സംസാരിച്ചിരിക്കാൻ വന്നതാണെന്ന് എങ്ങനെ പറയും ലീലച്ചേച്ചിയോട്? അത് ക്രൂരതയല്ലേ? ആ നിമിഷം മനസ്സിലുറച്ചതാണ്  സംഭാഷണം ഒരു ലേഖനമാക്കി വീക്കെൻഡിന് അയച്ചുകൊടുക്കാൻ. എഴുതി അയക്കുമ്പോൾ  അതടിച്ചു വരുമെന്ന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കളിയെഴുത്തുകാരന് പാട്ടിലെന്തു കാര്യമെന്ന് പത്രാധിപർ ചിന്തിച്ചാലോ? പക്ഷെ അടുത്തയാഴ്ച്ച തന്നെ ലീലച്ചേച്ചിയെ കുറിച്ചുള്ള ദീർഘ ലേഖനം പ്രസിദ്ധീകരിച്ചു വീക്കെൻഡ് എഡിറ്റർ എസ് ഭാസുരചന്ദ്രൻ; മനോഹരമായ ഒരു തലക്കെട്ടോടെ: ``ഉജ്ജയിനിയിലെ ഗായിക''. എന്റെ ആദ്യത്തെ സംഗീത ലേഖനം. ``വലിയ സന്തോഷായി. എനിക്ക് ഗുരുവായൂരപ്പൻ കൊണ്ടുതന്ന അനിയനാണ് രവി.'' ലേഖനം വായിച്ച് എഴുതിയ കത്തിൽ ലീലച്ചേച്ചിയുടെ സ്നേഹവാത്സല്യങ്ങൾ മുഴുവനുണ്ടായിരുന്നു. പിന്നീട് എത്രയെത്ര കത്തുകൾ, കൂടിക്കാഴ്ചകൾ... ഇന്ത്യൻ എക്സ്പ്രസ്സിലൂടെ 1991 ൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ ഹരിശ്രീ കുറിച്ചപ്പോഴും ആദ്യമായി ബൈലൈനോടെ അടിച്ചുവന്ന ലേഖനം ലീലച്ചേച്ചിയെ കുറിച്ചായിരുന്നു എന്നത് വിധിനിയോഗമാകാം.

മുപ്പതു വർഷങ്ങൾക്കിടെ പിന്നെയും പിന്നെയും പാട്ടിനെക്കുറിച്ച് എഴുതി. നൂറുകണക്കിന് ലേഖനങ്ങൾ; അഭിമുഖങ്ങൾ; പതിനെട്ട് പുസ്തകങ്ങൾ; ടെലിവിഷൻ പരിപാടികൾ.... സംസ്ഥാന ചലച്ചിത്ര അവാർഡും (ശബ്ദലോകത്തെ ഇളമൺ ഗാഥ) കേരള സാഹിത്യ അക്കാദമി അംഗീകാരവുമൊക്കെ (പൂർണേന്ദുമുഖി) നിനച്ചിരിക്കാതെ കൈവന്നപ്പോൾ സ്വാഭാവികമായും മനസ്സുകൊണ്ട് ആദ്യം നമിച്ചത് ലീലച്ചേച്ചിയെ.  അവസാനം കണ്ടപ്പോഴും ഞാൻ പറഞ്ഞു: ``ലീലച്ചേച്ചിയാണ് എന്നെ പാട്ടെഴുത്തുകാരനാക്കിയത്''. ചിരിയോടെ അത് നിഷേധിച്ചുകൊണ്ട് ചേച്ചി പറഞ്ഞു: ``ഏയ്, ഭഗവാന്റെ നിശ്ചയമാണ് എല്ലാം. രവിയെ കാണാൻ തന്നെ ഇടവരുത്തിയത് അവിടുന്നാണ്...''

മൂന്ന് പതിറ്റാണ്ടിനു  ശേഷം തിരിഞ്ഞുനോക്കുമ്പോൾ തിരശ്ശീലയിലെന്നവണ്ണം ഒരു പാട് മുഖങ്ങൾ മനസ്സിൽ തെളിയുന്നു. പാട്ടുകാരും, പാട്ടെഴുത്തുകാരും സംഗീതസംവിധായകരും വാദ്യകലാകാരന്മാരും നടന്മാരും സംവിധായകരും സാധാരണക്കാരായ വായനക്കാരുമെല്ലാം ഉണ്ട് ആ ചിത്രശാലയിൽ. പലരും അരങ്ങൊഴിഞ്ഞവർ. ചരിത്രത്തിന്റെ ഭാഗമായവർ . പക്ഷേ ആ മുഖങ്ങളിലൊന്ന് ഇന്നും ഓർമ്മകളിൽ ജ്വലിച്ചുനിൽക്കുന്നു. ലീലച്ചേച്ചിയുടെ മുഖം. ഇന്നും സംഗീതത്തെ കുറിച്ച് എഴുതാൻ ഇരിക്കുമ്പോഴെല്ലാം പ്രാർത്ഥനയോടെ ഓർക്കും ആ ഗായികയെ. സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും കൊതി തീർന്നിരുന്നില്ലാത്ത  മൂത്ത സഹോദരിയെ...

Content Highlights : Ravi Menon about Singer P Leela ujjayiniyile gayika Paatuvazhiyorathu

Content Highlights: