‘ഗുരുവായൂരിൽ ചെന്നുനിന്ന് ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കുമ്പോൾ തോന്നുന്ന അനുഭൂതിക്ക് പകരം വെക്കാൻ മറ്റൊന്നില്ല’

പി. ലീല | ഫോട്ടോ : മാതൃഭൂമി
പി. ലീല | ഫോട്ടോ : മാതൃഭൂമി

മറ്റൊരു പുലരിയിലേക്ക് കൺതുറക്കുകയാണ് ഗുരുവായൂർ. ക്ഷേത്രാങ്കണം പൊടുന്നനെ ഹരേകൃഷ്ണ മന്ത്രങ്ങളാൽ മുഖരിതമാകുന്നു. അടച്ചിട്ട ഗോപുരവാതിലിനു മുന്നിൽ കണ്ണുകൾ ചിമ്മി തൊഴുകൈകളോടെ അക്ഷമരായി കാത്തുനിൽക്കുന്ന ജനസമുദ്രം. ഇരമ്പുന്ന ആ സാഗരത്തിരകൾക്ക് മുകളിലൂടെ പി. ലീല ഒരു ചന്ദനക്കാറ്റായി ഒഴുകുന്നു; നാരായണീയത്തിൽ തുടങ്ങി ഹരിനാമ കീർത്തനത്തിലൂടെ ജ്ഞാനപ്പാനയിലേക്ക് നീളുന്ന നാദപ്രവാഹം.

കളഭചന്ദനങ്ങളുടെ സുഗന്ധലഹരിയിൽ മതിമറന്നു നിൽക്കേ പഴയൊരു പുലരി ഓർമ്മ വന്നു. ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി വാകച്ചാർത്ത് തൊഴാൻ അച്ഛനുമമ്മയും ആദ്യമായി നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയ ദിവസം. അന്നിത്ര തിരക്കില്ല ഗുരുവായൂരിൽ. ഇത്രയും കെട്ടിടങ്ങളും. ഭക്തജനങ്ങളെ നിയന്ത്രിക്കാൻ കമ്പിവേലി കെട്ടി വിഭജിച്ച ഇടനാഴികളും സംശയക്കണ്ണുകളുമായി കാത്തുനിൽക്കുന്ന സുരക്ഷാഭടന്മാരും മെറ്റൽ ഡിറ്റക്റ്ററുകളും രാത്രിയെ പകലാക്കുന്ന ആലക്തിക ദീപങ്ങളും ഒന്നുമില്ല. പക്ഷേ പി. ലീലയുണ്ടായിരുന്നു അന്നും. ഇന്നത്തെ അതേ പോലെ ആത്മാവിലേക്ക് ഹിമകണമായി ഇറ്റുവീഴുന്ന ശബ്ദമായി. ശ്രീകോവിൽ നടയിൽനിന്നു ചന്ദനചർച്ചിതനായ ഗുരുവായൂരപ്പനെ താണുവണങ്ങുമ്പോഴും ചുറ്റമ്പലത്തിലൂടെ പ്രദക്ഷിണം വെക്കുമ്പോഴും അമ്പലച്ചുമരുകളിലെ ചാരുചിത്രങ്ങൾ കൗതുകത്തോടെ കണ്ടുനിൽക്കുമ്പോഴുമെല്ലാം കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു ഇമ്പമാർന്ന ആ ശബ്ദത്തിൽ പൂന്താനത്തിന്റെ ചിന്തോദ്ദീപകമായ വരികൾ:
"കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?"

Continue reading