പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും അതിസമ്പന്നദേശം; ഇനിയും സാധ്യമാണ് ഭ്രമയുഗങ്ങള്‍

പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും അതിസമ്പന്ന പാരമ്പര്യം നമുക്ക് സ്വന്തമാണ്. ഇത്തരം കഥകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലവുമാണ് നമ്മുടേത്. ഏറ്റവും പുതിയ തലമുറയ്ക്ക് അത് എത്രമാത്രം പ്രാപ്യമാകുന്നുവോ എന്നൊരു സന്ദേഹം ബാക്കിയുണ്ട്. ഇതില്‍ താത്പര്യം വച്ചുപുലര്‍ത്തുന്നുവെങ്കില്‍ പുസ്തകത്താളുകളോ വിക്കി താളുകളോ മറിച്ചാല്‍ കഥകളുടെ അമൂല്യശേഖരത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായേക്കും. എല്ലാം രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കിലും രേഖപ്പെടുത്തിയവ അത്ര വിശാലമാണ്. താളിയോലകളുടെയും അതിനെ പരിവര്‍ത്തനപ്പെടുത്തിയ അക്ഷരങ്ങളുടെയും ഈ അക്ഷയഖനി നമ്മുടെ ജനപ്രിയ ദൃശ്യകല വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും പോലുള്ള കഥാപാത്ര സാധ്യതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും മലയാള സിനിമയുടെ ഭീതിയുടെ ഭൂമികയില്‍ പരിചിതമല്ലാത്ത മിത്തുകളും കഥാപാത്രങ്ങളുമാണ് ഏറെയും.
നമ്മുടെ ഭ്രമാത്മക/ഹൊറര്‍ സിനിമകളില്‍ ഏറിയപങ്കും ബാധാവേശവും അതിന്റെ ഒഴിപ്പിക്കല്‍ കര്‍മങ്ങളിലും ഒതുങ്ങിപ്പോരുന്നതായിട്ടാണ് കാണുന്നത്. അതിനപ്പുറമുള്ള ചരിത്രാന്വേഷണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സിനിമ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ അതിസമ്പന്നമായ ഈ ഭൂതകാലം തൊട്ടുണര്‍ത്തപ്പെടാതെ നിലവറയിലാണ്ടു കിടക്കുകയാണ്. മലയാളികളില്‍ ഭീതി ഉണര്‍ത്തിയ വിഖ്യാത സിനിമകളായ ഭാര്‍ഗവീനിലയവും യക്ഷിയും മണിച്ചിത്രത്താഴും അടുത്തകാലത്ത് പുറത്തുവന്ന ഭൂതകാലവുമടക്കം മനസ്സിന്റെ വിഭ്രാത്മകതയിലേക്കും അടരുകളിലേക്കുമാണ് സഞ്ചരിക്കുന്നത്. മനുഷ്യമനസ്സിലെ ഭീതിയുടെ മാനസികാപഗ്രഥനം സാധ്യമാക്കുക വഴിയാണ് ഈ സിനിമകള്‍ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്നത്. അതിനപ്പുറം ഒരു ശ്രീകൃഷ്ണപ്പരുന്തോ അഥര്‍വമോ ഒക്കെ മാത്രമാണ് ആഭിചാരക്രിയകളും മിത്തുകളും അല്‍പ്പമെങ്കിലും പ്രയോജനപ്പെടുത്തിയിട്ടുള്ളവ. എന്ന് സ്വന്തം ജാനകിക്കുട്ടിയും അനന്തഭദ്രവും പോലെയുള്ള സിനിമകള്‍ ഒരു മുത്തശ്ശിക്കഥയുടെ കൗതുകം ജനിപ്പിക്കുന്നവയും. മിത്തുകളുടെ സങ്കലനം വേണ്ടുംവിധം ആവാഹിച്ചിട്ടുള്ള കലാനിലയത്തിന്റെ അതിപ്രശസ്ത നാടകമായ രക്തരക്ഷസ്സിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനും പ്രേക്ഷകരില്‍ വേണ്ടത്ര ഭീതിയുടെ അനുഭവം സൃഷ്ടിക്കാനായില്ല.
Content Highlights: Malayalam filmmakers zoom in on history, mythology for big-budget movies