മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എവർഗ്രീൻ! എന്താവും മണിച്ചിത്രത്താഴിന്റെ അത്ഭുത രസക്കൂട്ട്?

'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല' ഇത് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ വലിയ പ്രദര്‍ശനവിജയത്തെ സൂചിപ്പിക്കുന്ന നിരവധി പോസ്റ്ററുകളിലൊന്നില്‍ വന്ന പരസ്യവാചകമായിരുന്നു. പ്രേക്ഷകരെ തങ്ങളുടെ സിനിമയിലേക്ക് അടുപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരസ്യവാചകങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത് പതിവാണ്. സിനിമയുടെ റിലീസിന് മുമ്പും തീയേറ്റര്‍ വിജയം നേടുമ്പോഴും തീയേറ്ററില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുമ്പോള് കാണികളെ തിയേറ്ററിലെത്തിക്കാനും ഇത്തരം പരസ്യവാചകങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. റിലീസിനു മുമ്പ് സിനിമയുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി വലിയ വാചകശകലങ്ങളോടെ മുഴുവന്‍ പേജ് പത്രപ്പരസ്യങ്ങള്‍ നല്കുന്ന പതിവ് മലയാളസിനിമയുടെ പ്രാരംഭദശകങ്ങളിലുണ്ടായിരുന്നു. എന്തു തന്നെയായിരുന്നാലും ഈ പരസ്യവാചകങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം പരമാവധി പ്രേക്ഷകരെ തീയേറ്ററിലെത്തിക്കുക എന്നതു തന്നെയായിരുന്നു. എന്നാല്‍ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ 'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ....' എന്നു തുടങ്ങുന്ന വാചകം കേവലമൊരു പരസ്യാകര്ഷണ തന്ത്രത്തിനപ്പുറത്തെ വാസ്തവമായിരുന്നു. അത്യപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ് മണിച്ചിത്രത്താഴ് എന്ന അത്ഭുതസൃഷ്ടിക്കു പിന്നില്‍ സംഭവിച്ചത്. കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞ് വിസ്മയമായിത്തീര്‍ന്ന ഈ സിനിമ പിറവിയുടെ മൂന്ന് പതിറ്റാണ്ടിലെത്തുമ്പോഴും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്നു.
മേല്‍സൂചിപ്പിച്ച പോലെ ആരും കുറ്റം പറയാത്ത ഈ സിനിമ പണിക്കുറ തീര്‍ന്ന ശില്‍പ്പം എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന സൃഷ്ടിയാണ്. ഒരു സിനിമയുടെ എല്ലാ യൂണിറ്റും ഒരുപോലെ വിജയിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭം മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിക്കുകയും അതേ ഉള്‍ക്കാമ്പോടെ കാണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായും ഈ സിനിമയെ കാണാം. ഇങ്ങനെയൊരു സിനിമ പിന്നീട് ആവര്‍ത്തിക്കാനിടയില്ല. അതിന്റെ അണിയറശില്‍പ്പികള്‍ക്കു പോലെ ഈ സിനിമയെ ഇതുപോലെ പുനഃസൃഷ്ടിക്കാനുമായേക്കില്ല. മലയാളിയുടെ സിനിമാസ്വാദന ശീലത്തിലും അഭിരുചിയിലും മണിച്ചിത്രത്താഴ് എന്ന സിനിമയുണ്ടാക്കിയ സ്വാധീനം അത്രകണ്ട് വലുതാണ്.
Content Highlights: N P Muraleekrishnan Column Show Reel