ഷീല കോപിച്ചു; ചെമ്മീനിലെ ഗാനരംഗം സൂപ്പര്‍ഹിറ്റ്

-
-


സ്വപ്നനായികക്ക് പിറന്നാള്‍ ആശംസകള്‍
--------------------

`ചെമ്മീന്‍' ആണ് ഷീലയുടെ ആദ്യ വര്‍ണ്ണ ചിത്രം. ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് വര്‍ണ്ണപ്പകിട്ടിലേക്കുള്ള ``വളര്‍ച്ച''യുമായി പൊരുത്തപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നു സമ്മതിക്കാന്‍ മടിയില്ല ഷീലയ്ക്ക്. മേക്കപ്പിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ പേരില്‍ ക്യാമറാമാനുമായി തര്‍ക്കിക്കേണ്ടി വരെ വന്നിട്ടുണ്ട്. ഇന്നോര്‍ക്കുമ്പോള്‍ തമാശയായി തോന്നാം. ``ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ വെളുപ്പിന്റെ എഫക്റ്റ് കൊണ്ടുവരാന്‍ വെളുത്ത മുണ്ട് കാവിയില്‍ മുക്കിയാണ് ഉപയോഗിക്കുക. മേക്കപ്പിലും ഉണ്ട് വ്യത്യാസം. സാധാരണയിലും ഹെവി ആയിരിക്കും അത്. കടും നിറങ്ങള്‍ സാധാരണം. മുഖത്ത് ചുവപ്പിന്റെ അംശം കൂടുതല്‍ വേണം. കടുത്ത നിറമായിരിക്കും ലിപ് സ്റ്റിക്കിന്. കളര്‍ സിനിമയിലും ആ സമ്പ്രദായത്തിന് മാറ്റമുണ്ടാവില്ല എന്നു കരുതി ഞാന്‍. അതുകൊണ്ടുതന്നെ ചെമ്മീന്റെ ഷൂട്ടിംഗിന് എത്തിയത് പതിവു രീതിയില്‍ മേക്കപ്പ് ചെയ്താണ്.''

``പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ'' എന്ന ഗാനരംഗമായിരുന്നു ചെമ്മീനില്‍ ഷീലയുടെ ആദ്യ ഷോട്ട് . ``എന്നെ കണ്ടതും ക്യാമറാമാന്‍ മാര്‍ക്കസ് ബര്‍ട്ട്‌ലിക്ക് കലി കയറി. അത്രയും മേക്കപ്പ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തം. നോ മേക്കപ്പ് ഫോര്‍ ദിസ് മൂവി. യു റിമൂവ് ഇറ്റ് ഇമ്മീഡിയറ്റ്ലി -- ബര്‍ട്ട്‌ലി ആക്രോശിച്ചു. എനിക്കൊന്നും മനസ്സിലായില്ല. സൗന്ദര്യം കുറഞ്ഞുപോകില്ലേ എന്നായിരുന്നു ഉള്ളിലെ ആശങ്ക. പക്ഷേ അത്തരം വാദങ്ങളൊന്നും ചെവിക്കൊള്ളാന്‍ ക്യാമറാമാന്‍ തയ്യാറായില്ല. കുറച്ചു വെളിച്ചെണ്ണ എവിടെനിന്നോ വരുത്തിച്ചു അദ്ദേഹം. അത് കയ്യിലെടുത്തു മുഖത്തു തേച്ച് മേക്കപ്പ് മുഴുവന്‍ തുടച്ചു മാറ്റി ആദ്യം. പിന്നെ നല്ലവണ്ണം സോപ്പിട്ടു കഴുകി. അത് കഴിഞ്ഞു മുഖം മുഴുവന്‍ വാസ്ലിന്‍ തേച്ചു പിടിപ്പിച്ചു. അത്രയും നേരം എന്റെ കവിളിലൂടെ കണ്ണീര്‍ ഒഴുകിക്കൊണ്ടേയിരിക്കുകയായിരുന്നു. സങ്കടം സഹിക്കാന്‍ പറ്റിയില്ല. അതിനു മുന്‍പൊരിക്കലും മേക്കപ്പ് കൂടാതെ അഭിനയിച്ചിട്ടില്ലല്ലോ.

സിനിമ കണ്ടപ്പോഴാണ് ബര്‍ട്ട്‌ലി പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത്..'' ഏതായാലും അന്നത്തെ പ്രതിഷേധം കൊണ്ടൊരു ഗുണമുണ്ടായി എന്ന് കൂട്ടിച്ചേര്‍ക്കുന്നു ഷീല. ``കുറെ കൂട്ടുകാരികള്‍ ചേര്‍ന്ന് ചുറ്റുമിരുന്ന് കളിയാക്കി പാടുന്ന പാട്ടാണ് പെണ്ണാളേ പെണ്ണാളേ. അവിടെ എന്റെ മുഖത്ത് വേണ്ടത് പരിഭവമാണ്. മേക്കപ്പ് തുടച്ചു കളഞ്ഞതിന്റെ രോഷം ഉള്ളില്‍ നീറിപ്പുകഞ്ഞിരുന്നതിനാല്‍ ആ ഭാവം കൃത്യമായി പാട്ടില്‍ വന്നു. സംവിധായകന്‍ രാമു കാര്യാട്ട് തന്നെ ഷൂട്ടിംഗിനിടയില്‍ വന്നു കാതില്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്: `ഈ മൂഡ് മാറരുത്. ദേഷ്യം അങ്ങനെ തന്നെ നില്‍ക്കട്ടെ. സീനിന് ആവശ്യം അതാണ്. അത് കൂടി കേട്ടപ്പോള്‍ എന്റെ കോപവും സങ്കടവും ഇരട്ടിച്ചു. ഇന്ന് ആ സിനിമ കാണുമ്പോള്‍ ആ ഭാവം അവിടെ എത്ര അനുയോജ്യമായിരുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.''

ഈസ്റ്റ്മാന്‍ കളറിലേക്കുള്ള സിനിമയുടെ ചുവടുമാറ്റത്തില്‍ ഏറ്റവുമധികം സന്തോഷിച്ചവരില്‍ ഒരാള്‍ ഷീലയായിരിക്കും. ``വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ എനിക്ക്.'' ഷീലയുടെ വാക്കുകള്‍. ``കരച്ചില്‍ കഥാപാത്രങ്ങളോടും ഉണ്ട് അതേ വിരക്തി. വര്‍ണ്ണ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് ജീവിതം ആഘോഷമാക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്

ഷീലയ്‌ക്കൊപ്പം ലേഖകന്‍

എനിക്കിഷ്ടം. വടക്കന്‍ പാട്ടു ചിത്രങ്ങളോടുള്ള സ്‌നേഹത്തിനു പിന്നിലും അതുതന്നെയാകാം. ഫാന്റസിയുടെ സ്പര്‍ശമുള്ള കഥകള്‍. കടുത്ത ചായക്കൂട്ടില്‍ വാര്‍ത്തെടുക്കപ്പെട്ട കഥാപാത്രങ്ങള്‍. അത്തരം റോളുകളില്‍ വൈവിധ്യമാര്‍ന്ന കോസ്റ്റിയൂംസ് പരീക്ഷിക്കാന്‍ അവസരമുണ്ട്. കുഞ്ചാക്കോയെ പോലുള്ള സംവിധായകര്‍ വസ്ത്രവിതാനത്തിലെ പരീക്ഷണങ്ങള്‍ക്ക് ആവോളം സ്വാതന്ത്ര്യം തന്നിട്ടുമുണ്ട്.''

ഏറ്റവുമധികം കോസ്റ്റിയൂംസ് ഉപയോഗിച്ചിട്ടുണ്ടാകുക ``കണ്ണപ്പനുണ്ണി''യിലെ ``നീര്‍വഞ്ഞികള്‍ പൂത്തു നീര്‍മാതളം പൂത്തു'' എന്ന ഗാനരംഗത്തായിരിക്കണം. കണ്ണപ്പനുണ്ണിയെ വരവേല്‍ക്കാന്‍ ഷീലയുടെ മാമംഗലം പൊന്നി തോഴിമാര്‍ക്കൊപ്പം നൃത്തം ചെയ്തു പാടുന്ന പാട്ട്. പലവിധ വേഷപ്പകര്‍ച്ചളോടെ വേണം ഈ രംഗത്തു പ്രത്യക്ഷപ്പെടാന്‍ എന്ന് നേരത്തെ ഉറച്ചിരുന്നു ഷീല. ``ആറു തരം കോസ്റ്റിയൂംസ് ആണ് ഞാന്‍ ആ രംഗത്തിനു വേണ്ടി തയ്യാറാക്കിയിരുന്നത്. അതിലൊന്നു പോലും പാഴായിപ്പോകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സംവിധായകന്‍ കുഞ്ചാക്കോ എതിര് പറയുമോ എന്നതായിരുന്നു ഏക ഭയം. പക്ഷേ പൂര്‍ണ്ണമനസ്സോടെ എത്ര കോസ്റ്റിയൂംസ് വേണമെങ്കിലും പരീക്ഷിച്ചുകൊള്ളാന്‍ അദ്ദേഹം അനുവാദം തന്നു. എനിക്കേറ്റവും ആഹ്ലാദം തന്ന ചിത്രീകരണങ്ങളില്‍ ഒന്നാണത്.'' ഗാനരംഗങ്ങളായിരുന്നു ഉദയാ ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണം. അത്തരം രംഗങ്ങളുടെ പൂര്‍ണ്ണതക്കു വേണ്ടി എത്ര പണം വേണമെങ്കിലും ചെലവിടാന്‍ തയ്യാറായിരുന്നു കുഞ്ചാക്കോ. മറിച്ചു ചിന്തിച്ച നിര്‍മ്മാതാക്കളുമുണ്ട്. ചുരുങ്ങിയ ചെലവില്‍ സൂപ്പര്‍ഹിറ്റുകള്‍ വാര്‍ത്തെടുത്തവര്‍. ടി ഇ വാസുദേവന്റെ ``ഡേഞ്ചര്‍ ബിസ്‌കറ്റ്'' എന്ന ചിത്രത്തില്‍ നസീറുമൊത്ത് ഒരേ ലൊക്കേഷനില്‍ ഒരേ കോസ്റ്റിയൂംസ് അണിഞ്ഞു രണ്ടു വ്യത്യസ്ത ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥ ഓര്‍ക്കുന്നു ഷീല. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍, അശ്വതി നക്ഷത്രമേ എന്നിവയായിരുന്നു ആ പാട്ടുകള്‍. ``പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും പന്തികേട് തോന്നിയിരിക്കാം. പക്ഷേ പാട്ടുകളും സിനിമയും സൂപ്പര്‍ഹിറ്റായിരുന്നു.''

--- രവിമേനോന്‍ (മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ഇവിടെ പാട്ടിന് സുഗന്ധം എന്ന പുസ്തകത്തില്‍ നിന്ന് )

Content Highlights : chemmeen movie song Sheela birthday special Paattuvazhiyorathu Ravi menon 

Content Highlights: