ചൈനയ്ക്ക് വീണ്ടും ട്രംപിന്റെ താരിഫ് ഭീഷണി: തകര്‍ച്ച നേരിട്ട് യുഎസ് ഓഹരി വിപണി

Photo: Gettyimages
Photo: Gettyimages

ചൈനയ്‌ക്കെതിരെ പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് യുഎസ് ഓഹരി സൂചികകള്‍ കനത്ത നഷ്ടംനേരിട്ടു. ലോകത്തെ വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്കയാണ് വിപണിയിലെ ഇടിവിന് പിന്നില്‍.

ഡൗ ജോണ്‍സ് 400ലേറെ പോയന്റ് താഴ്ന്നു. എസ്ആന്‍ഡ്പി 500, നാസ്ദാക്ക് എന്നീ സൂചികകളും തകര്‍ച്ച നേരിട്ടു. അസംസ്‌കൃത എണ്ണവിലയിലും കടപ്പത്ര ആദായത്തിലും കാര്യമായ വ്യതിയാനമുണ്ടായി. ഗാസയിലെ വെടിനിര്‍ത്തല്‍ എണ്ണ വില കുറയാനിടയാക്കിയപ്പോള്‍ വിപണിയിലെ അനിശ്ചിതത്വം ട്രഷറി ബോണ്ടുകളുടെ ആദായത്തെ ബാധിച്ചു.

വീണ്ടും താരിഫ് ഭീഷണി

യുഎസ് വിപണിയിലെ സമീപകാലയളവിലെ നേട്ടത്തിന് വിരമാമിട്ടുകൊണ്ടാണ് താരിഫ് വര്‍ധന വീണ്ടും ചര്‍ച്ചാവിഷയമായത്. ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മുതല്‍ ജെറ്റ് എന്‍ജിനുകള്‍ വരെ നിര്‍മിക്കുന്നതിന് ആവശ്യമായ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

അസംസ്‌കൃത എണ്ണ

ഇസ്രാലേയും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് എണ്ണ വിലയില്‍ ഇടിവുണ്ടാക്കി. മധ്യേഷ്യയിലെ സംഘര്‍ഷ സാധ്യത കുറഞ്ഞതോടെ എണ്ണ വിതരണത്തിലുള്ള തടസ്സങ്ങള്‍ അകന്നതാണ് കാരണം. ബ്രന്റ് ക്രൂഡ് വില ബാരലിന് 3.3 ശതമാനം ഇടിഞ്ഞ് 63.08 ഡോളറായി.

ആഗോള വിപണികളില്‍ ഇടിവ്

യുഎസ്-ചൈന വ്യാപാര സംഘര്‍ഷം ആഗോള വിപണികളിലും പ്രതിഫലിച്ചു. ഹോങ്കോങിന്റെ ഹാങ് സെങ് 1.7 ശതമാനം ഇടിഞ്ഞു. ജപ്പാന്റെ നിക്കി ഒരു ശതമാനം നഷ്ടംനേരിട്ടു.

Content Highlights: US stock indices plunge as Trump renews tariff threats against China. Concerns over escalating trade war between world`s top economies impact markets. Crude oil prices also fluctuate.