100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്: തിരിച്ചടി നേരിട്ട് ഫാര്‍മ കമ്പനികള്‍, ഓഹരി വിലയില്‍ ഇടിവ്

#Money Desk
.
.

മരുന്ന് കമ്പനികള്‍ക്കുമേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഫാര്‍മ കമ്പനികളില്‍ ആശങ്ക. ഇതേതുടര്‍ന്ന് സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളില്‍ അഞ്ച് ശതമാനം വരെ ഇടിവുണ്ടായി. നിലവില്‍ ബ്രാന്റഡ് മരുന്നുകള്‍ക്ക് മാത്രമാണ് തീരുവ പ്രഖ്യാപിച്ചതെങ്കിലും ജനറിക്, സ്‌പെഷ്യാലിറ്റി മരുന്നുകളിലേക്കും വ്യാപിപ്പിക്കുമോയെന്നാണ് പ്രധാന ആശങ്ക.

യുഎസ് വിപണിയില്‍നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്ന ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ എന്നീ കമ്പനികളെയാകും തീരുമാനം കൂടുതല്‍ ബാധിക്കുക. യുഎസില്‍ സ്വന്തമായി നിര്‍മാണ പ്ലാന്റുകളുള്ള സിപ്ല പോലുള്ള കമ്പനികള്‍ താരതമ്യേന സുരക്ഷിതമാണ്. യുഎസില്‍ പുതിയതായി നിര്‍മാണ പ്ലാന്റുകള്‍ ആരംഭിക്കുന്ന കമ്പനികള്‍ക്ക് താരിഫില്‍ ഇളവ് ലഭിക്കുമെന്നത് ആശ്വാസമായി കമ്പനികള്‍ കരുതുന്നു. എങ്കിലും ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ ഫാര്‍മ കമ്പനികളുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയാണ് യുഎസിലേയ്ക്കുള്ളത്. രാജ്യത്തെ മൊത്തം മരുന്ന് കയറ്റുമതിയുടെ 35 ശതമാനത്തോളം വരുമിത്. ഒക്ടോബര്‍ ഒന്ന് മുതലാണ് ബ്രാന്‍ഡഡ്, പേറ്റന്റ് ഉള്ളതുമായ മരുന്നുകള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫാര്‍മ ഓഹരികള്‍ക്ക് തിരിച്ചടിനേരിട്ടു. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ ഓഹരികള്‍ അഞ്ച് ശതമാനംവരെ താഴ്ന്നു. സണ്‍ ഫാര്‍മയുടെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,547.25 രൂപയിലെത്തി.

ജനറിക് മരുന്നുകള്‍ വ്യാപകമായി കയറ്റുമതി ചെയ്യുന്നതിനാല്‍ സമീപകാല ആഘാതം പരിമിതമായിരിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വിഭാഗംകൂടി താരിഫിന് കീഴില്‍ കൊണ്ടുവരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസില്‍ സ്വന്തമായി നിര്‍മാണ പ്ലാന്റുള്ള കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിപ്ല, അരബിന്ദോ ഫാര്‍മ തുടങ്ങിയ കമ്പനികള്‍ക്ക് ഇത് നേട്ടമാകും. നിര്‍മാണ പ്ലാന്റ് തുടങ്ങുന്നതിന് തറക്കല്ലിട്ട് തീരുവയില്‍നിന്ന് ഒഴിവാകാമന്നും വ്യവസ്ഥയുണ്ട്.

കമ്പനി

യുഎസ് വിപണിയിൽ നിന്നുള്ള വരുമാനം

2026-27 ലെ പ്രതീക്ഷിക്കുന്ന യുഎസ് വരുമാനം

വെല്ലുവിളികളും സാധ്യതകളും

ഡോ. റെഡ്ഡീസ്

47%

$1.5 ബില്യൺ (FY26)

യുഎസിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വരുമാനത്തിന്റെ 15%-ൽ താഴെ മാത്രം.

സൺ ഫാർമ

37%

$2.1 - $2.3 ബില്യൺ (FY26)

വരുമാനത്തിന്റെ 55-57% സ്പെഷ്യാലിറ്റി ബ്രാൻഡുകളിൽ നിന്ന്. പ്രധാന ഉൽപ്പന്നമായ ഇലുമ്യ യുഎസിന് പുറത്താണ് നിർമ്മിക്കുന്നത്.

സിപ്ല

30%

$900 - $950 മില്യൺ (FY26/27)

താരതമ്യേന സുരക്ഷിതം. യുഎസ് വരുമാനത്തിന്റെ 25-30% അവിടെനിന്നാണ്.

സൈഡസ് ലൈഫ് സയൻസസ്

ഉയർന്ന ശതമാനം

$1.3 ബില്യൺ (FY26/27)

യുഎസിലെ ഉത്പാദനം വളരെ പരിമിതം.

അരബിന്ദോ ഫാർമ

ഉയർന്ന ശതമാനം

$1.6 ബില്യൺ (CY2024)

യുഎസിൽ മൂന്ന് നിർമ്മാണ യൂണിറ്റുകൾ. ഉത്പാദനം വർദ്ധിപ്പിച്ച് മൂന്നിലൊന്ന് വിൽപ്പന യുഎസിൽ നടത്താൻ സാധ്യതയുണ്ട്.

ലൂപിൻ

ഉയർന്ന ശതമാനം

$1.1 ബില്യൺ (FY26)

യുഎസ് നിർമ്മാണ യൂണിറ്റുകൾ $70-80 മില്യൺ (മൊത്തം വരുമാനത്തിന്റെ 6-7%) സംഭാവന ചെയ്യുന്നു.

ഗ്ലാൻഡ് ഫാർമ

താരതമ്യേന കുറവ്

$372 - $393 മില്യൺ (FY26/27)

താരതമ്യേന മികച്ച നിലയിൽ. പ്രധാന എതിരാളികൾ ചൈനീസ് കമ്പനികൾ. അവരും ഉയർന്ന താരിഫ് നേരിടാൻ സാധ്യതയുണ്ട്.

ടോറന്റ് ഫാർമ

ഏറ്റവും കുറവ്

$141 - $156 മില്യൺ (FY26/27)

യുഎസ് വിപണിയിലെ സാന്നിധ്യം കുറവായതിനാൽ ആഘാതം കുറവായിരിക്കും.

Content Highlights: US President Trump`s 100% tariff on branded medicines triggers sharp decline in Indian pharma stocks like Sun Pharma, Dr. Reddy`s, and Cipla. Concerns rise over broader impact.