17 % വളർച്ച നേടിയിട്ടും എന്തുകൊണ്ട് ഓഹരിയിൽ ഇടിവ്: കാരണം അറിയാം

ഡിസംബർ പാദത്തിൽ 17% വളർച്ച രേഖപ്പെടുത്തിയിട്ടും ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭമായ ട്രെന്റ് ലിമിറ്റഡിന്റെ ഓഹരി 8.3% ഇടിവ് നേരിട്ടു. ഇതോടെ വിപണി മൂല്യത്തിൽ 13,000 കോടി രൂപ അപ്രത്യക്ഷമായി.
അടിസ്ഥാന വളർച്ചാ സൂചകങ്ങളിലെ മന്ദഗതിയാണ് നിക്ഷേപകർക്കിടയിൽ ആശങ്ക പടർത്തിയത്. ചൊവ്വാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 4,060 നിലവാരത്തിലേയ്ക്ക് താഴ്ന്നു. ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 17% വർധിച്ച് 5,220 കോടി രൂപയിലെത്തിയിരുന്നു. വില്പന കുറഞ്ഞതും വരുമാനം തുടർച്ചയായി ഇടിയുന്നതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഇടിവിന്റെ കാരണങ്ങൾ
സൂഡിയോ, വെസ്റ്റ്‌സൈഡ് ബ്രാൻഡുകൾക്ക് കീഴിൽ പുതിയ സ്റ്റോറുകൾ തുറന്ന് വരുമാനം കൂട്ടുന്നുണ്ടെങ്കിലും നിലവിലെ സ്‌റ്റോറുകളിൽ വില്പനയിൽ ഇടിവുണ്ടായതാണ് നിക്ഷേപകരുടെ ആശങ്കക്ക് കാരണം.
നിലവിലുള്ള സ്റ്റോറുകളുടെ ഉത്പാദനക്ഷമത അളക്കുന്നതിനുള്ള പ്രധാന സൂചകമാണ് ചതുരശ്ര അടിയിൽ നിന്നുള്ള വരുമാനം. ഇതിൽ മുൻവർഷത്തെ അപേക്ഷിച്ച് 15.7 ശതമാനമാണ് ഇടിവുണ്ടായത്. മൂന്നാം പാദത്തിലാണ് രണ്ടക്കത്തിലുള്ള ഇടിവ് രേഖപ്പെടുത്തിയത്. പുതിയ സ്റ്റോറുകളിൽ നിന്നുള്ള വരുമാനം കൂടുന്നുണ്ടെങ്കിലും നിലവിലുള്ള സ്റ്റോറുകളിലെ വിൽപ്പന വളർച്ച മന്ദഗതിയിലായതും ഓഹരി വിലയെ ബാധിച്ചു.
Content Highlights: Trent Ltd`s stock fell 8.3% despite 17% growth in Q4. Discover the reasons behind the market`s reaction and potential impacts on investors.