ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയില് 40% ഇടിവുണ്ടായോ; വിഭജനത്തെക്കുറിച്ച് അറിയാം

ചൊവാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയില് 40 ശതമാനം ഇടിവുണ്ടായി. നിക്ഷേപകരില് പലരും ഇതുകണ്ട് ആശങ്കാകുലരാകുകയും ചെയ്തു. 660.90 രൂപ നിലവാരത്തില് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത ഓഹരിയാണ് ചൊവാഴ്ച രാവിലെ 399 രൂപ നിലവാരത്തിലെത്തിയത്.
ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് പുതിയ കമ്പനിയാക്കിയതിനെ തുടര്ന്നാണ് ഓഹരിയുടെ മൂല്യത്തില് ഇടിവുണ്ടായത്. വിഭജനത്തിന്റെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിരുന്നത് ഒക്ടോബര് 14ആണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില് വിഭജന മൂല്യത്തില് വ്യാപാരം ആരംഭിച്ചപ്പോള് 40 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് ഇതിനെ തുടര്ന്നാണ്.
പകരം ഓഹരി
കൈവശമുള്ള ടാറ്റ മോട്ടോഴ്സിന്റെ ഓരോ ഓഹരിക്കും പുതിയ സ്ഥാപനമായ ടിഎംഎല്സിവിയുടെ ഒരു ഓഹരി കൂടി ലഭിക്കും. പുതിയ കമ്പനിയുടെ ഓഹരികള് 30-45 ദിവസത്തിനുള്ളില് ഡീമാറ്റ് അക്കൗണ്ടുകളിലേയ്ക്ക് വരവുവെക്കുകയാണ് ചെയ്യുക. അതിന് ശേഷമായിരിക്കും എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യുക.
നിക്ഷേപ സാധ്യത
ടിഎംഎല്സിവി: 37.1% വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്മാതാവായാണ് കമ്പനി വിപണിയിലെത്തുന്നത്. 2026 സാമ്പത്തിക വര്ഷത്തെ ആദ്യ പാദത്തില് 12.2% EBITDA മാര്ജിന് രേഖപ്പെടുത്തിയിട്ടുണ്ട്.
ടിഎംപിവി: പുതിയ മോഡലുകള്, എസ്യുവികളിലെ ശക്തമായ സ്ഥാനം, ഇവി, സിഎന്ജി വാഹനങ്ങളുടെ വര്ധിച്ചുവരുന്ന ആവശ്യം (പാസഞ്ചര് വാഹന വരുമാനത്തിന്റെ 45% ഇവയില് നിന്നാണ്) എന്നിവയുടെ പിന്ബലത്തില് 2026 സാമ്പത്തിക വര്ഷത്തിന്റെ രണ്ടാം പകുതിയില് 8-10% വളര്ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിഭജനം കമ്പനികളുടെ മൂല്യം വര്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്. വ്യത്യസ്ത ബിസിനസുകളിലൂടെ മികച്ച മൂല്യം നിലനിര്ത്താന് കമ്പനികള്ക്ക് കഴിയുമെന്നതാണ് നേട്ടം. പുതിയ കമ്പനിയുടെ ഓഹരി വില 320 രൂപയ്ക്കും 470 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറ്റാലിയന് കമ്പനിയുടെ വാണിജ്യ വാഹന വിഭാഗത്തെ ഏറ്റെടുക്കാനുള്ള പദ്ധതി
ടിഎംഎല്സിവിക്കുണ്ട്. ഇതോടെ കമ്പനിയുടെ സംയോജിത വരുമാനം കൂടുകയും ചെയ്യും.
Content Highlights: Understand the 40% drop in Tata Motors stock post-demerger. Details on TMLCV & TMPV, record date, new shares, and investment potential. Learn more.