ടാറ്റ മോട്ടോഴ്‌സ് വിഭജനം: നിക്ഷേപകര്‍ക്ക് നേട്ടം 2.7 ലക്ഷം കോടി, കുതിച്ചത് 12%

പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

ടാറ്റ മോട്ടോഴ്‌സിന്റെ വിഭജനം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് മികച്ച നേട്ടം. വിഭജനത്തിനു ശേഷം പുതിയതായി ലിസ്റ്റ് ചെയ്ത വാണിജ്യ വാഹന (TMCV) വിഭാഗത്തിന്റെയും പാസഞ്ചര്‍ വാഹന(TMPVL) വിഭാഗത്തിന്റെയും സംയുക്ത വിപണി മൂല്യം 2.7 ലക്ഷം കോടി രൂപ കടന്നു. വിഭജനത്തിന് മുമ്പുള്ള ഓഹരി വിലയേക്കാള്‍ 12.4 ശതമാനമാണ് വര്‍ധനവുണ്ടായത്.

വാണിജ്യ വാഹന വിഭാഗം 28.48 ശതമാനം പ്രീമിയത്തില്‍ 335 രൂപ നിരക്കില്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തു. ഇതോടെ മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്സില്‍ ഓരോ ഓഹരി കൈവശം വെച്ചവര്‍ക്കും പുതുതായി ലിസ്റ്റ് ചെയ്ത ടാറ്റ മോട്ടോഴ്സിന്റെ (വാണിജ്യ വാഹന വിഭാഗം) ഒരു ഓഹരി വീതം ലഭിച്ചു.

രണ്ട് പുതിയ സ്ഥാപനങ്ങളുടെയും സംയുക്ത ഓഹരി വില 742.6 രൂപയയാണ് ഉയര്‍ന്നത്. വിഭജനത്തിന് മുമ്പുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയായ 660.75 രൂപയേക്കാള്‍ 12.4 ശതമാനം കൂടുതലാണിത്.

സ്ഥാപനം

ലിസ്റ്റിംഗ്/വ്യാപാര വില

വിപണി മൂല്യം

പ്രത്യേകത

ടാറ്റ മോട്ടോഴ്‌സ് (CV)

₹335

₹1.2 ലക്ഷം കോടി

നിശ്ചയിച്ച വിലയായ ₹260.75-നേക്കാൾ 28.5% പ്രീമിയം

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (TMPVL)

₹407.6

₹1.5 ലക്ഷം കോടി

അതിവേഗം വളരുന്ന പാസഞ്ചർ, ഇവി, ജെഎൽആർ വിഭാഗങ്ങൾ ഉൾപ്പെടുന്നു

വിഭജനത്തിന്റെ ലക്ഷ്യങ്ങള്‍

  • ഓരോ ബിസിനസ്സിനും അതിന്റേതായ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കുക.
  • ഓഹരിയുടമകളുടെ മൂല്യ വര്‍ധന.
  • ഓരോ സ്ഥാപനത്തിനും സ്വന്തം വളര്‍ച്ചാ പദ്ധതികള്‍ക്കനുസരിച്ച് മൂലധനം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവസരം.
  • രണ്ട് വ്യത്യസ്ത വളര്‍ച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍. സ്ഥിരതയുള്ള വാണിജ്യ വാഹന വിഭാഗം, അതിവേഗം വളരുന്ന പാസഞ്ചര്‍ വാഹന വിഭാഗം എന്നിങ്ങനെ വളരാനുള്ള സാധ്യത.
  • വിഭജനത്തോടെ നിക്ഷേപകര്‍ക്ക് രണ്ട് വ്യത്യസ്ത അവസരങ്ങളാണ് ലഭിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ് (വാണിജ്യ വാഹന വിഭാഗം)

  • സ്ഥിരതയുള്ള വളര്‍ച്ച, സ്ഥിരമായ പണമൊഴുക്ക്, വിവിധ സാമ്പത്തിക സാഹചര്യങ്ങളിലുള്ള പ്രതിരോധശേഷി എന്നിവ ഈ വിഭാഗത്തിന്റെ സവിശേഷതകളാണ്.
  • ഇന്ത്യയുടെ അടിസ്ഥാനവികസനത്തിലെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സുസ്ഥിര ബിസിനസ്സ്.

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (TMPVL)

  • അതിവേഗം വളരുന്ന പാസഞ്ചര്‍ വാഹന, ഇലക്ട്രിക് വാഹന വിപണിയെ ലക്ഷ്യമിടുന്നു.
  • ഇവികളിലും ലക്ഷ്വറി വാഹന (ജാഗ്വാര്‍ ലാന്‍ഡ് റോവര്‍)ങ്ങളിലുമുള്ള നിക്ഷേപം എന്ന നിലയില്‍ മികച്ച വളര്‍ച്ചാ സാധ്യത.

Content Highlights: Tata Motors` demerger unlocks significant value for investors. Both new entities saw combined market cap cross ₹2.7 Lakh Crore, with a 12.4% surge post-split.