സെന്‍സെക്‌സില്‍ 1000 പോയന്റിലേറെ നേട്ടം: റെക്കോഡ് ഉയരംകുറിച്ച് നിഫ്റ്റി

പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചാ കണക്കുകളും യുഎസിലെ പണപ്പെരുപ്പം കുറയുന്നതും ഓഹരി വിപണി നേട്ടമാക്കി. സെന്‍സെക്‌സ് 1,123 പോയന്റ് ഉയര്‍ന്ന് 73,624ലിലും നിഫ്റ്റി 336 പോയന്റ് നേട്ടത്തില്‍ 22,319ലുമെത്തി. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് തുണയായി.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ രണ്ട് ശതമാനത്തോടെ നേട്ടത്തില്‍ മുന്നിലെത്തി. ഓട്ടോ, ബാങ്ക്, എനര്‍ജി, ഇന്‍ഫ്ര സൂചികകളും 1.8 ശതമാനംവരെ ഉയര്‍ന്നു. നിഫ്റ്റി മിഡിയ, ഐടി, ഫാര്‍മ തുടങ്ങിയ സൂചികകള്‍ നഷ്ടം നേരിട്ടു.
ജിഡിപി കണക്കുകള്‍
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ 8.4 ശതമാനം വളര്‍ച്ച കൈവരിച്ചതാണ് വിപണിയുടെ മുന്നേറ്റത്തിന് പ്രധാനകാരണം. ഉത്പാദന-സേവന മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റം ആറ് പാദങ്ങളിലെ ഏറ്റവും മികച്ച വളര്‍ച്ചയിലെത്താന്‍ രാജ്യത്തെ സഹായിച്ചു.
ആഗോള വിപണികള്‍
ആഗോള വിപണികളിലെ അനുകൂല സൂചനകള്‍ വിപണിക്ക് കരുത്തായി. വാള്‍സ്ട്രീറ്റ് ഓഹരികള്‍ ഒറ്റരാത്രികൊണ്ട് മികച്ച നേട്ടമുണ്ടാക്കി. യുഎസിലെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായത് നാസ്ദാക്ക്, എസ്ആന്‍ഡ്പി 500 സൂചികകളെ റെക്കോഡ് ഉയരത്തിലെത്തിച്ചു. ഇതേതുടര്‍ന്ന് ഏഷ്യന്‍ വിപണിയും നേട്ടത്തിലായി. ജപ്പാന്റെ നിക്കി പുതിയ ഉയരംകുറിച്ചു. ചൈനീസ് സൂചികകളും ഹോങ്കോങ് ഹാങ്‌സെങ് സൂചികയും നേട്ടമുണ്ടാക്കി.
യുഎസിലെ പണപ്പെരുപ്പം
യുഎസിലെ പണപ്പെരുപ്പം അനുകൂലമായതിനാല്‍ ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത വിപണി മുന്നില്‍ കണ്ടു. നിരക്ക് കുറച്ചാല്‍ വിപണിയിലേക്ക് പണമൊഴുകാനുള്ള സാധ്യതയേറും. നിക്ഷേപകരില്‍ ഇത് ആത്മവിശ്വസമുയര്‍ത്തി.
വിദേശ നിക്ഷേപകര്‍
കഴിഞ്ഞ ദിവസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,568 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് രാജ്യത്തെ വിപണിയില്‍നിന്ന് വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 230 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുയും ചെയ്തു. വിദേശ നിക്ഷേപകര്‍ തിരിച്ചുവരുന്നതിന്റെ സൂചന വിപണി നേട്ടമാക്കി.
Content Highlights: Sensex zooms 1,000 points, Nifty hits fresh record high