ജൂണോടെ സെൻസെക്സ് ഒരു ലക്ഷം കടക്കുമോ? പ്രവചനവും സാധ്യതകളും

#Money Desk
Image: Freepik
Image: Freepik

വൈകാതെ സെന്‍സെക്‌സ് ഒരു ലക്ഷം പിന്നിടുമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. സമ്പദ്‌വ്യവസ്ഥ പുതിയ വളര്‍ച്ചാഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും മറ്റ് വികസ്വര വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ഇപ്പോള്‍ അനുകൂലമായി മാറിക്കൊണ്ടിരിക്കുകയുമാണെന്നുമാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍.

അടുത്ത വര്‍ഷം ജൂണോടെ സെന്‍സെക്‌സ് ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് പ്രവചനം. ഇതിന് 30 ശതമാനം സാധ്യതയാണ് മോര്‍ഗന്‍ കല്പിക്കുന്നത്.

വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍

ഉത്തേജക നടപടികള്‍: പലിശനിരക്ക്, കരുതല്‍ ധനാനുപാതം (CRR) എന്നിവ കുറച്ചത്, ബാങ്കിംഗ് നിയന്ത്രണങ്ങളിലെ ഇളവുകള്‍, വിപണിയിലെ പണലഭ്യത ഉയര്‍ത്തിയത് എന്നിവ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വേകി.

മൂലധനച്ചെലവ് (Capex): സര്‍ക്കാര്‍ മൂലധനച്ചെലവിലെ വര്‍ധന സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍: ജിഎസ്ടി കുറയ്ക്കല്‍ 1.5 ലക്ഷം കോടി രൂപയുടെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അനുകൂല ആഗോള ഘടകങ്ങള്‍: ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നത്, ഇന്ത്യ-യുഎസ് വ്യാപാര കരാറിനുള്ള സാധ്യത എന്നിവ വിപണിക്ക് അനുകൂലമാണ്.

സാമ്പത്തിക നയമാറ്റം: കോവിഡിന് ശേഷമുള്ള കര്‍ശനമായ സാമ്പത്തിക നയങ്ങളില്‍ അയവ് വരുന്നത് വളര്‍ച്ചയെ സഹായിക്കും.

മൂല്യം: ഓഹരികളുടെ ആപേക്ഷിക മൂല്യത്തില്‍ തിരുത്തല്‍ സംഭവിച്ചെന്നും ഒക്ടോബറില്‍ അത് ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഘടനാപരമായ മാറ്റങ്ങള്‍

വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ (stock-picking) വിപണിയുടെ പൊതുവായ ദിശയ്ക്കായിരിക്കും പ്രാധാന്യം.

ഉയര്‍ന്ന വില-വരുമാന (P/E) അനുപാതത്തെ പിന്തുണയ്ക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ ഇവയാണ്:

എണ്ണയെ ആശ്രയിക്കുന്നത് കുറയുന്നു: ഇന്ത്യയുടെ ജിഡിപിയില്‍ എണ്ണയുടെ സ്വാധീനം കുറയുന്നത് സാമ്പത്തിക സ്ഥിരത നല്‍കുന്നു.

കയറ്റുമതി വര്‍ധന: ജിഡിപിയില്‍ കയറ്റുമതിയുടെ, പ്രത്യേകിച്ച് സേവന മേഖലയുടെ പങ്ക് വര്‍ധിക്കുന്നത് വളര്‍ച്ചയെ സഹായിക്കുന്നു.

കുറയുന്ന പണപ്പെരുപ്പം: വിതരണ ശൃംഖലയിലെയും നയപരമായ മാറ്റങ്ങളുടെയും ഫലമായി പണപ്പെരുപ്പത്തിലെ ചാഞ്ചാട്ടം കുറയുന്നു. ഇത് പലിശയിലും വളര്‍ച്ചാ നിരക്കുകളിലും സ്ഥിരത നല്‍കുന്നു. ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ ചാഞ്ചാട്ടം, കുറയുന്ന പലിശ എന്നിവ ഉയര്‍ന്ന P/E അനുപാതത്തിന് കാരണമാകുന്നു.

ഗാര്‍ഹിക നിക്ഷേപം: മുകളില്‍ വിശദീകരിച്ച ഘടകങ്ങള്‍ ഗാര്‍ഹിക സമ്പാദ്യം ഓഹരി വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ സഹായിക്കും.

അനുകൂല ഘടകങ്ങള്‍

  • കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളില്‍ പ്രതീക്ഷിക്കുന്ന മികവ്.
  • അടുത്ത പാദത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത.
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം.
  • ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള യുഎസ് താരിഫ് കുറയ്ക്കുന്നത്.

വെല്ലുവിളികള്‍

  • ആഗോള സാമ്പത്തിക വളര്‍ച്ചയിലുണ്ടാകുന്ന മാന്ദ്യം.
  • ഇപ്പോഴും തുടരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍.
  • വിദേശ നിക്ഷേപത്തിലെ ഇടിവ്.

മോര്‍ഗന്‍ സ്റ്റാന്‍ലി ശുപാര്‍ശ ചെയ്യുന്ന പ്രധാന ഓഹരികള്‍

  1. മാരുതി സുസുക്കി
  2. ട്രെന്റ്
  3. ടൈറ്റന്‍ കമ്പനി
  4. വരുണ്‍ ബിവറേജസ്
  5. റിലയന്‍സ് ഇന്‍ഡസ്ട്രീസ്
  6. ബജാജ് ഫിനാന്‍സ്
  7. ഐസിഐസിഐ ബാങ്ക്
  8. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ
  9. അള്‍ട്രാടെക് സിമന്റ്
  10. കോഫോര്‍ജ്

Content Highlights: Morgan Stanley predicts Sensex hitting 1 lakh by June `26. Explore economic growth factors, structural changes, and key stocks in our analysis.