വിദേശനിക്ഷേപകർ കഴിഞ്ഞദിവസം പിൻവലിച്ചത് 13,000 കോടി; ഈവർഷമാകട്ടെ 4.41 ലക്ഷം കോടി

ഒക്ടോബർ എട്ടിന് വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 13,000 കോടി രൂപ മൂല്യമുള്ള ഓഹരികൾ. 2026-ൽ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വിദേശ വിറ്റൊഴിയലാണിത് (മേയ് 29-ന് 21,106 കോടി രൂപയുടെ ഓഹരികളാണ് വിദേശികൾ കൈയൊഴിഞ്ഞത്). ഇതോടെ ഒക്ടോബറിലെ ആദ്യ അഞ്ച് വ്യാപാരദിനങ്ങളിലായി വിദേശനിക്ഷേപകരുടെ അറ്റവിൽപ്പന 37,929 കോടി രൂപയായി. 2026-ൽ ഇതുവരെയുള്ള വിൽപ്പനയാകട്ടെ 4.41 ലക്ഷം കോടിയും.
മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തരനിക്ഷേപ സ്ഥാപനങ്ങൾ ഒക്ടോബർ എട്ടിന് 10,703 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. എന്നിട്ടും വിപണിക്ക് പിടിച്ചുനിൽക്കാനായില്ല. സെൻസെക്‌സ് ആയിരത്തിലേറെ പോയന്റ് തകർച്ച നേരിട്ടു.
റിപ്പോ നിരക്കിലെ വർധന, ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റം, യു.എസ്. കടപ്പത്ര ആദായത്തിലെ കുതിപ്പ് എന്നിവയാണ് വിപണിയെ ബാധിച്ചത്. അതേസമയം, വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ ഒരുപരിധിവരെ നഷ്ടം തിരിച്ചുപിടിക്കുകയും ചെയ്തു.
രണ്ടുവർഷത്തിനിടെ വിദേശനിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് 40 ബില്യൺ ഡോളറാണ് തിരികെക്കൊണ്ടുപോയത്. നിലവിൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്ന ഒന്നും ആഭ്യന്തര വിപണിയിലില്ല. വൻകിട കമ്പനികളിൽ പലതും കാര്യമായ വളർച്ച കാണിക്കുന്നുമില്ല. ഇടത്തരം ചെറുകിട കമ്പനികളിൽനിന്ന് വൻകിട വിദേശനിക്ഷേപകർ വിട്ടുനിൽക്കുകയാണ് പതിവ്. പരിമിതമായ ലിക്വിഡിറ്റിയും ഫ്രീ ഫ്ലോട്ടിങ്ങുമാണ് കാരണം.
വരുംമാസങ്ങളിൽ എ.ഐ. ബൂം അവസാനിക്കുകയോ പശ്ചിമേഷ്യൻ സംഘർഷം അയയുകയോ ചെയ്താലും വിദേശനിക്ഷേപം ഉടനടി തിരിച്ചെത്താനുള്ള സാധ്യതകൾ പ്രകടമല്ല. ദീർഘകാല നിക്ഷേപത്തേക്കാൾ ഹ്രസ്വകാല ട്രേഡിങ്ങിനായിരിക്കും നിക്ഷേപകർ രാജ്യത്തെ വിപണിയെ പ്രയോജനപ്പെടുത്തുക.
Content Highlights: Foreign investors sold shares worth Rs 13,000 crore on a single day in October 2026., Total FII outflow for the year 2026 reached Rs 4.41 lakh crore., Sensex crashed over 1,000 points despite domestic institutional buying of Rs 10,703 crore., Key triggers include repo rate hikes, rising crude oil prices, and US bond yield surges.