വിദേശ നിക്ഷേപകരുടെ വില്പന കുറഞ്ഞേക്കാം; കുതിപ്പിന് ഇനി എത്രനനാള്‍ ?

ഇന്ത്യന്‍ ഓഹരി വിപണി ആഴ്ച തോറും താഴോട്ടു വരികയാണ്. സെപ്റ്റംബര്‍ അവസാനം വാരം മുതല്‍ തുടങ്ങിയ ആഭ്യന്തര വിപണിയിലെ കരടിത്തം ഒരു മാസത്തോളമായി തുടരുന്നു. എന്നാല്‍, ആഗോള ഓഹരി വിപണിയില്‍ രണ്ടു മൂന്നു മാസം മുമ്പു തന്നെ, അതായത് ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ ഉയര്‍ന്ന തോതിലുള്ള കാലുഷ്യം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. ആഭ്യന്തര വിപണിയില്‍ വിറ്റൊഴിക്കല്‍ ആരംഭിച്ചത് വൈകിയാണെന്നാണ് ഇതിനര്‍ത്ഥം.
ഇതര രാജ്യങ്ങളില്‍ ഇന്നുവരെയുണ്ടായ കടുത്ത തിരുത്തലുകളുടെ പാര്‍ശ്വഫലങ്ങളാണിപ്പോള്‍ രാജ്യത്തെ വിപണിയില്‍ അനുഭവപ്പെടുന്നത്. പ്രധാനപ്പെട്ട പല ആഗോള വിപണികളും നേരത്തേ തന്നെ ഇത്തരം തിരുത്തലുകള്‍ക്കു വിധേയമാവുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എത്താന്‍ വൈകി എന്നുമാത്രം. ഈ വിറ്റൊഴിക്കലില്‍ നിന്ന് ഇന്ത്യന്‍ വിപണിയും യഥാസമയം കരകയറുകതന്നെ ചെയ്യും.
നിലവിലുള്ള സാമ്പത്തിക വേഗക്കുറവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്ന വീണ്ടെടുപ്പ് ഹ്രസ്വ കാലയളവില്‍ എത്രകാലം നിലനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല. ഇടക്കാലയളവില്‍ പരിധിവിടാതെ സമ്മിശ്ര ശൈലിയില്‍ ട്രേഡിംഗ് നടക്കുമെന്നാണ് കരുതുന്നത്. ഈ വാരം നിഫ്റ്റി 50 ക്ലോസ് ചെയ്തത് 24,181 ലാണ്. കഴിഞ്ഞ വാരാന്ത്യത്തേക്കാള്‍ 2.7 ശതമാനവും സെപ്റ്റംബര്‍ 26 നേക്കാള്‍ 7.76 ശതമാനവും താഴെയാണിത്. മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്നുള്ള അടുത്ത പിന്തുണ ഇടങ്ങള്‍ 24.100 ഉം 23,900 വും പ്രതിരോധം 24,300 24,500 എന്നീ പോയിന്റുകളിലും ആയിരിക്കും.
സാമ്പത്തിക വേഗക്കുറവ്, കൂടിയ തോതിലുള്ള വിലക്കയറ്റം, പലിശ നിരക്ക് എന്നിവയാണ് ആഗോള ഓഹരി വിപണികള്‍ നേരിടുന്ന പ്രാഥമിക വെല്ലുവിളികള്‍. മെച്ചപ്പെട്ട യീല്‍ഡ് കാരണം കടപ്പത്രങ്ങള്‍ ആകര്‍ഷകമായി നിലകൊള്ളുന്നു. കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഡിമാന്റും വര്‍ധിക്കുന്ന ആഗോള സംഘര്‍ഷങ്ങളും കൂടിയ വാല്യുവേഷനും കാരണം ഓഹരികളിലെ ആദായം കുറയുന്നു. സ്വര്‍ണത്തിന്റെ ആകര്‍ഷണീയത വര്‍ധിക്കുകയും ചെയ്തു.
യെന്‍ കാരി ട്രേഡിനെത്തുടര്‍ന്ന് ആഗോള തലത്തില്‍ വിറ്റൊഴിക്കല്‍ ആരംഭിച്ചത് ജൂലായിലാണ്. തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള കുതിപ്പ്, ശക്തമായ ആഭ്യന്തര സാമ്പത്തിക കണക്കുകള്‍, ബജറ്റിലെ കരുതലുകള്‍ എന്നിവ കാരണം അക്കാലത്ത് ഇന്ത്യയെ ഇതു ബാധിച്ചില്ലെന്നു മാത്രമല്ല നമ്മുടെ വിപണി മികച്ച പ്രകടനം നടത്തുകയും ചെയ്തു. ആഗോള പ്രതിഭാസത്തിന്റെ പ്രത്യാഘാതം വൈകിയാണെങ്കിലും ഇന്ത്യയില്‍ അനുഭവപ്പെട്ടതിന്റെ ഭാഗമാണ് ഒക്ടോബറിലെ ഇടിവ്.
ചൈനയില്‍ നിന്നാണ് നിലവില്‍ രാജ്യത്തെ വിപണി ഏറ്റവും ശക്തമായ മത്സരം നേരിടുന്നത്. കുറഞ്ഞ വാല്യുവേഷനും സാമ്പത്തിക ഉത്തേജക പദ്ധതികളും കാരണം ചൈന വിദേശ നിക്ഷേപകര്‍ക്ക് ഇഷ്ട ഇടമായിത്തീര്‍ന്നിരിക്കുന്നു. ഉത്തേജക പദ്ധതികള്‍ ചൈനയില്‍ ഫലം കണ്ടുതുടങ്ങിയാല്‍ വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളിലേക്ക് ഒഴുകുന്നത് വര്‍ധിക്കും.
രണ്ടാംപാദ ഫലങ്ങള്‍ പ്രകാരം കോര്‍പറേറ്റ് ലാഭ വളര്‍ച്ച കുറഞ്ഞത് ആഭ്യന്തര വിപണിയിലെ വിദേശ സ്ഥാപന ഓഹരികളുടെ വില്പന ഈ മാസം വര്‍ധിക്കാനിടയാക്കി. ഇന്ത്യയുടെ വാല്യുവേഷന്‍ ദീര്‍ഘകാല ശരാശരിയിലേക്കു തിരുത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ വാങ്ങുക എന്ന തത്വമാണ് ആഭ്യന്തര നിക്ഷേപകര്‍ പിന്തുടരേണ്ടത്. ദീര്‍ഘകാല ശരാശരിയേക്കാള്‍ അല്പം മുന്നിലാണ് നമ്മുടെ വാല്യുവേഷന്‍. കോര്‍പറേറ്റ് ഭാവി വളര്‍ച്ചയുടെ കാര്യത്തില്‍ ശക്തമാണ് നമ്മുടെ നില.
2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള യഥാര്‍ത്ഥ ജിഡിപിയുടെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്ന് ഈയിടെ പുറത്തുവിട്ട നയരേഖയില്‍ ആര്‍ബിഐ വിലയിരുത്തുന്നു. ഈ പതിറ്റാണ്ടില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. 2025ല്‍ ആഗോള വിലക്കയറ്റവും കൂടിയ പലിശ നിരക്കും കുറയുന്നതോടെ വരുമാന വളര്‍ച്ച തിരിച്ചുവരുമെന്നുവേണം കരുതാന്‍. ഉപഭോഗം, എഫ്എംസിജി, അടിസ്ഥാന സൗകര്യ വികസനം, പുതുതലമുറ കമ്പനികള്‍, നിര്‍മാണം, കെമിക്കല്‍സ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സാധ്യത പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര വരുമാനം കുറയുകയും വിദേശ സ്ഥാപന ഓഹരികള്‍ ഇതര വികസ്വര രാജ്യങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ വിപണി ഇപ്പോള്‍ തിരുത്തല്‍ ഘട്ടത്തിലാണ്. ഈ മാസം ഒരു ലക്ഷം കോടി രൂപയ്ക്കുള്ള വിദേശ സ്ഥാപന ഓഹരികളാണ് വിറ്റൊഴിക്കപ്പെട്ടത്. ഇതു വരെ ഏറ്റവും കൂടിയ വില്‍പന് നടന്ന കോവിഡ്-19 ഭീതിയുടെ കാലത്ത് വിറ്റതാകട്ടെ ഇതിന്റെ 60 ശതമാനം മാത്രം. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഇവയെല്ലാം ഉള്‍ക്കൊണ്ടു എന്നത് ഗുണപരമാണ്. ശക്തമായ തിരിച്ചുവരവ് എപ്പോഴുണ്ടാകുമെന്നു പറയാന്‍ കഴിയില്ലെങ്കിലും സമീപ ഭാവിയില്‍ തന്നെ വിദേശ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കല്‍ കുറയുമെന്നാണ് കരുതേണ്ടത്. ആഭ്യന്തര സ്ഥാപന നിക്ഷേപങ്ങളും ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള പണമൊഴുക്കും ശക്തമായാല്‍ നിഫ്റ്റി സൂചിക 23,900 23,500 പോയിന്റുകളില്‍ ഭദ്രമായ നിലകൈവരിക്കും. ഹ്രസ്വകാലത്ത് ഇതിനു താഴേയ്ക്കുപോകാനുള്ള സാധ്യത വിരളമാണ്. കോര്‍പറേറ്റ് ലാഭത്തിലെ കുറവു മൂലം ഇന്ത്യയുടെ കൂടിയ വാല്യുവേഷന്‍ ചുരുങ്ങിയതിനാല്‍ സംവത് 2081 ന്റെ ആദ്യഘട്ടം ചഞ്ചലമായിരിക്കും. വരുമാന വളര്‍ച്ച വീണ്ടും ശക്തിയാര്‍ജിക്കുമെന്ന് വിപണി കണക്കാക്കുന്നതോടെ ഇന്ത്യയുടെ ദീര്‍ഘകാല കുതിപ്പ് തിരിച്ചെത്തും. 2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലോ നാലാം പാദത്തിലോ മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത കൈവരികയുള്ളു.
Content Highlights: Indian Market Correction: Short-Term Volatility Ahead