ആര്‍.ബി.ഐ നിരക്ക് കുറയ്ക്കുമോ; വിപണിയിലെ സാഹചര്യം വിലയിരുത്താം

#ഡോ.വി.കെ. വിജയകുമാര്‍
Photo: Gettyimages
Photo: Gettyimages

വെല്ലുവിളികളും ചാഞ്ചാട്ടവുമുണ്ടെങ്കിലും ഓഹരി വിപണി ശക്തമായിതന്നെ തുടരുകയാണ്. 22,200 നിലവാരത്തില്‍ നിഫ്റ്റിയുടെ പി.ഇ അനുപാതം ഇരുപതിനോടടുത്താണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം ജി.ഡി.പിയുടെ 126 ശതമാനമാണ്. ഈ കണക്കുകള്‍ ഇവയുടെ ദീര്‍ഘകാല ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണെങ്കിലും ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും മികച്ച കോര്‍പ്പറേറ്റ്വരുമാനം നേടാനുള്ള ക്ഷമതയും ഉയര്‍ന്ന വാല്യുവേഷനെ ന്യായീകരിക്കുന്നതാണെന്ന് നിക്ഷേപകര്‍ കരുതുന്നു. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. 'ആപ്പിളിന് ഗുരുത്വാകര്‍ഷണം എന്ന പോലെയാണ് ആസ്തി വിലകള്‍ക്ക് പലിശ നിരക്ക്'. ജിഡിപി വളര്‍ച്ചയെയും കോര്‍പ്പറേറ്റ് വരുമാനത്തെയും കൂടാതെ ഓഹരി വിപണിയെ സാരമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് പലിശ നിരക്ക്. കോവിഡ് കാലത്തെ സാമ്പത്തിക ഉത്തേജനത്തെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് പലിശ നിരക്കില്‍ കുറവുണ്ടാകുമെന്നുള്ള പ്രതീക്ഷ ആഗോളതലത്തില്‍ വിപണിയില്‍ ഇപ്പോള്‍ കാണുന്ന ബുള്‍ തരംഗത്തിന് കളമൊരുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ സങ്കീര്‍ണ്ണമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളും മാതൃ വിപണിയിയായ അമേരിക്കയിലെ പണപ്പെരുപ്പ പ്രവണതകളെ സംബന്ധിച്ച അനിശ്ചിതത്വവും പലിശ നിരക്ക് ഏതു ദിശയിലേക്കാവുമെന്നതിന് വ്യക്തത നല്‍കുന്നില്ല.

നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചതിലും കുറവായിരിക്കും, അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ ഫെഡ് ആറ് തവണയെങ്കിലും പലിശകുറയ്ക്കും എന്നായിരുന്നു 2024ന്റെ തുടക്കത്തില്‍ വിപണി പ്രതീക്ഷിച്ചിരുന്നത്. മൂന്നു തവണ പലിശകുറയ്ക്കാനുള്ള സാധ്യത ഫെഡും ചൂണ്ടിക്കാട്ടിയിരുന്നു. മന്ദഗതിയില്‍ ആകുന്ന സമ്പദ് വ്യവസ്ഥയും ദുര്‍ബലമാകുന്ന തൊഴില്‍ വിപണിയും നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു പ്രതീക്ഷ. മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വലിയൊരു തകര്‍ച്ച  ഒഴിവാക്കുമെന്ന് വിപണി കരുതിയിരുന്നുവെങ്കിലും പെട്ടെന്നുതന്നെ വളര്‍ച്ച തിരിച്ചുപിടിച്ച് ഗംഭീരമായ തിരിച്ചുവരവ് നടത്തുമെന്ന് ഭൂരിപക്ഷം വിദഗ്ധരും കരുതിയിരുന്നില്ല. സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വിപണിയും ശക്തമായി തിരിച്ചുകയറി. പണപ്പെരുപ്പം താഴ്ന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കലിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷ വര്‍ഷാരംഭത്തിലെ ആറില്‍ നിന്ന് ഇപ്പോള്‍ രണ്ടായി ചുരുങ്ങിയിട്ടുണ്ട് (ആദ്യ പലിശ നിരക്ക് കുറയ്ക്കല്‍ സെപ്റ്റംബറിലേ ഉണ്ടാകാനിടയുള്ളൂ). തത്ഫലമായി യുഎസ്ബോണ്ട് വരുമാനം ഉയര്‍ന്നു. 10-ഇയര്‍ ബോണ്ട് വരുമാനം ഫെബ്രുവരിയില്‍ 3.82 ശതമാനം ആയിരുന്നത് ഏപ്രില്‍ മധ്യത്തോടുകൂടി 4.6 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു.

Content Highlights: Assessing Market Situation: Will RBI Cut Rates?

Continue reading