അദാനിക്കെതിരെ യു.എസ് നടപടി: തിരിച്ചടി നേരിട്ട് ഓഹരികൾ, വിപണി മൂല്യത്തിൽ 86,356 കോടി നഷ്ടം

#Money Desk
Adani Group Icon | Photo: Mathrubhumi
Adani Group Icon | Photo: Mathrubhumi

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദാനി ഗ്രീൻ എനർജി എക്‌സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നിയമനടപടികളെത്തുടർന്ന് ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ വൻ ഇടിവ്.

അദാനി ഗ്രൂപ്പ് ഓഹരികൾ 14% വരെ താഴ്ന്നു. വിപണിമൂല്യത്തിൽ 86,356 കോടി രൂപ നഷ്ടമാകുകയും ചെയ്തു. 265 മില്യൺ ഡോളറിന്റെ കൈക്കൂലി ഇടപാടും സാമ്പത്തിക തട്ടിപ്പും സംബന്ധിച്ച ആരോപണങ്ങളാണ് നിയമനടപടിക്കിടയാക്കിയത്. അദാനി ഗ്രീൻ എനർജി കടപ്പത്രങ്ങൾ വഴി യുഎസിൽ നിന്ന് ധനസമാഹരണം നടത്തിയപ്പോൾ കൃത്യമായ വിവരങ്ങൾ നിക്ഷേപകരെ അറിയിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നുമാണ് പ്രധാന ആരോപണം.

നേരിട്ട് സമൻസ് അയക്കുന്നതിനായി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയിൽ അനുമതി തേടിയിട്ടുണ്ട്. നയതന്ത്ര ചാനലുകൾ വഴിയുള്ള നീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് യുഎസ് കോൺസൽ വഴിയോ ഇ-മെയിൽ വഴിയോ സമൻസ് നൽകാനാണ് എസ്ഇസി അനുമതി തേടിയിരിക്കുന്നത്.

ഹേഗ് കൺവെൻഷൻ പ്രകാരം സമൻസ് അയക്കാനുള്ള എസ്ഇസിയുടെ അധികാരപരിധിയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു. 2025 ഫെബ്രുവരി മുതൽ നയതന്ത്ര മാർഗത്തിലൂടെ നോട്ടീസ് അയക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെട്ട നിലയിലാണ്.

പ്രധാന ആരോപണങ്ങൾ

കൈക്കൂലി ഇടപാട്: അദാനി ഗ്രീൻ എനർജി ഉത്പാദിപ്പിക്കുന്ന ഹരിത ഊർജം വാങ്ങുന്നതിനായി വിവിധ ഇന്ത്യൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് പണം നൽകിയതായി യുഎസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

നിക്ഷേപകരെ വഞ്ചിക്കൽ: കോഴ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുകൊണ്ട് ഫണ്ട് സമാഹരണം നടത്തിയതുകൊണ്ട് ഇത് സാമ്പത്തിക തട്ടിപ്പിന്റെ പരിധിയിൽ വരുന്നു.

2023 ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ഉന്നയിച്ച 'സ്റ്റോക്ക് മാനിപ്പുലേഷൻ', 'അക്കൗണ്ടിംഗ് തട്ടിപ്പ്' എന്നീ ആരോപണങ്ങൾക്ക് ശേഷം അദാനി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.

വിപണിയിലെ തിരിച്ചടി

എസ്ഇസി നടപടികളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ 12 ലിസ്റ്റഡ് കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇടിവ് (%)

അദാനി ഗ്രീൻ എനർജി

14.6%

അദാനി എനർജി സൊല്യൂഷൻസ്

12%

അദാനി എന്റർപ്രൈസസ്

11%

അദാനി പോർട്സ്

7.49%

അദാനി പവർ

5.65%

ഒരൊറ്റ ദിവസം കൊണ്ട് ഗ്രൂപ്പിന്റെ വിപണി മൂല്യം 13.59 ലക്ഷം കോടി രൂപയിൽ നിന്ന് 12.73 ലക്ഷം കോടി രൂപയായി. 2023-ലെ ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഗ്രൂപ്പിന്റെ മൂല്യം 19.2 ലക്ഷം കോടിയിൽ നിന്ന് 6.7 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

Content Highlights: US probe into Adani Group sparks significant stock drop, losing ₹86,356 crore in market value. Allegations of bribery & financial fraud. Get the latest.