ഇനി മണിക്കൂറുകള്‍ മാത്രം: നികുതി ആനുകൂല്യത്തിനുള്ള ഇടപാടുകള്‍ ഉടനെ പൂര്‍ത്തിയാക്കാം

#Money Desk
പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് 31 ആണ് അവസാന ദിവസം. ഈ വര്‍ഷം മാര്‍ച്ച് 31 ഞായറാഴ്ചയാണ്. അതുമാത്രമല്ല, മാര്‍ച്ച് 29 ന് ബാങ്കുകള്‍ക്കും ഓഹരി വിപണിക്കും അവധിയാണ്. അഞ്ചാമത്തെ ശനിയാഴ്ചയായതിനാല്‍ 30ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഓഹരി വിപണിയോ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കില്ല. അതുകൊണ്ടുതന്നെ മാര്‍ച്ച് 28നകം നിക്ഷേപം പൂര്‍ത്തിയാക്കേണ്ടിവരും. 

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം മാര്‍ച്ച് 31ന് ഞായറാഴ്ച ബാങ്കുകളുടെ ചില ശാഖകള്‍ പ്രവര്‍ത്തിക്കുമെങ്കിലും മിക്കവാറും സര്‍ക്കാരിന്റെ ഇടപാടുകളായിരിക്കും അന്ന് നടക്കുക. അതുകൊണ്ടുതന്നെ മാര്‍ച്ച് 28നകം നിക്ഷേപം നടത്തുന്നാകും നല്ലത്. 

80സി, 80 ഡി എന്നീ വകുപ്പുകള്‍ പ്രകാരം നികുതി ആനുകൂല്യം അവകാശപ്പെടാന്‍ അവസാന ദിനങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ പോര. മാര്‍ച്ച് 31ന് മുമ്പായി പണം ധനകാര്യ സ്ഥാപനത്തിലെത്തിന് ലഭിച്ചതായി ഉറപ്പുവരുത്തുകയും അതുസംബന്ധിച്ച രേഖ(മ്യൂച്വല്‍ ഫണ്ട് ആണെങ്കില്‍ നിക്ഷേപിച്ച തിയതി രേഖപ്പെടുത്തിയ സ്റ്റേറ്റുമെന്റ്) ലഭിക്കുകയും വേണം. 

ടാക്‌സ് സേവിങ്(ഇ.എല്‍.എസ്.എസ്) മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ മാര്‍ച്ച് 31 നോ അതിനുമുമ്പോ പണം മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതായത് ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ യൂണിറ്റുകള്‍ അനുവദിച്ച തിയതി മാര്‍ച്ച് 31 നോ അതിന് മുമ്പോ ആയിരിക്കണം. 

അവസാന നിമിഷത്തെ തടസ്സം ഒഴിവാക്കാന്‍ മാര്‍ച്ച് 28ന് മുമ്പ് നിക്ഷേപം പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. ചെക്ക് വഴിയാണ് നിക്ഷേപിക്കുന്നതെങ്കില്‍ മാര്‍ച്ച് 29നോ അതിന് മുമ്പോ പണം ഡെബിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ലഘു സമ്പാദ്യ പദ്ധതികളിലോ, ടാക്‌സ് സേവിങ് ഫണ്ടുകളിലോ ചെക്ക് വഴിയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ മൂന്നു ദിവസംവരെ എടുത്തേക്കാം. അതുകൊണ്ടുതന്നെ നെറ്റ് ബാങ്കിങ്, യുപിഐ പോലുള്ള സംവിധാനങ്ങള്‍ വഴി ഇടപാട് നടത്തുന്നതാകും നല്ലത്. 

നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നികുതി ലാഭിക്കുന്നതിനുള്ള ഇഎല്‍എസ്എസ് ഫണ്ടുകളിലേയ്ക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. 2023 ഫെബ്രുവരി ഒന്നിന് നിലവില്‍വന്ന വ്യവസ്ഥ പ്രകാരം ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറുന്നതിന് വ്യാപാര ദിനത്തോടൊപ്പം രണ്ടു ദിവസംകൂടി  (ടി+2) എടുക്കും. അതായത് സ്വിച്ച് ചെയ്യുന്നതിനുള്ള അപേക്ഷ വ്യാപാര ദിനത്തില്‍ മൂന്നു മണിക്കു മുമ്പായി നല്‍കിയാല്‍ അന്നത്തെ ദിവസം കഴിഞ്ഞ് രണ്ടു ദിവസംകൂടിയെടുക്കും യൂണിറ്റുകള്‍ അനുവദിക്കാന്‍. അതായത് ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിന്ന് ഇഎല്‍എസ്എസിലേയ്ക്ക് മാറുന്നതിന് മാര്‍ച്ച് 26ന് അപേക്ഷ നല്‍കിയാല്‍ എന്‍എവി തിയതി(യൂണിറ്റ് അലോട്ട്‌മെന്റ് തിയതി) മാര്‍ച്ച് 28 ആകാനാണ് സാധ്യത. 

ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ നികുതി ആനുകൂല്യം നേടുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താം. 

സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1 

Content Highlights: Tax Saving Investments Must Be Completed Now