ഭൂമി വിറ്റ് കിട്ടിയ ലാഭത്തിന് എത്ര നികുതി നൽകണം: എങ്ങനെ ഇളവ് നേടാം?

#സീഡി
പ്രതീകാത്മക ചിത്രം| Photo: AFP
പ്രതീകാത്മക ചിത്രം| Photo: AFP

പത്തു വർഷം മുമ്പ് വാങ്ങിയ ഭൂമി കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് വിറ്റത്. നല്ലൊരു തുക ലാഭമായി ലഭിക്കുകയും ചെയ്തു. ഇതുവരെ ആദായ നികുതി അടയ്ക്കുകയോ റിട്ടേൺ നൽകുകയോ ചെയ്തിട്ടില്ല. ഭൂമി വിറ്റ വകയിൽ ലഭിച്ച തുകയ്ക്ക് എപ്രകാരമാണ് നികുതി നൽകേണ്ടത്?

ഭൂമി വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തെ അത് കൈവശം വെച്ചിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഹ്രസ്വകാല മൂലധന നേട്ടം (Short Term Capital Gains - STCG), ദീർഘകാല മൂലധന നേട്ടം (Long Term Capital Gains - LTCG) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. 24 മാസത്തിൽ കൂടുതൽ കൈവശം വെച്ച ഭൂമി വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് 12.50 ശതമാനം നിരക്കിൽ നികുതി നൽകണം. ഹ്രസ്വകാല നേട്ടങ്ങൾക്ക് വരുമാന പരിധി (Slab rate) അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. വകുപ്പ് 54എ പ്രകാരം പുതിയ വീട് വാങ്ങുകയോ നിർമിക്കുകയോ അല്ലെങ്കിൽ സെക്ഷൻ 54ഇ.സി പ്രകാരം നിശ്ചിത കടപ്പത്രങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്താൽ ദീർഘകാല മൂലധന നേട്ട നികുതിയിൽ ഇളവ് നേടാം.

മൂലധന നേട്ടവും നികുതി നിരക്കും

ഹ്രസ്വകാല മൂലധന നേട്ടം (STCG): പ്ലോട്ട് വാങ്ങി 24 മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ അതിൽ നിന്നുള്ള ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കുന്നു. ഇത് വ്യക്തിയുടെ മൊത്തം വരുമാനത്തോടൊപ്പം ചേർക്കുകയും ബാധകമായ നികുതി സ്ലാബ് പ്രകാരം നികുതി ഈടാക്കുകയും ചെയ്യുന്നു. ഇവിടെ നികുതി ഇളവുകൾ ലഭ്യമല്ല.

ദീർഘകാല മൂലധന നേട്ടം (LTCG): 24 മാസത്തിൽ കൂടുതൽ കൈവശം വെച്ച ഭൂമി വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം ദീർഘകാല മൂലധന നേട്ടമാണ്. ഇതിന് 12.50 ശതമാനമാണ് നികുതി നിരക്ക്.

ഇൻഡെക്‌സേഷൻ (Indexation) വ്യവസ്ഥകൾ:

2024 ജൂലൈ 23-ന് മുമ്പാണ് ഭൂമി വാങ്ങിയതെങ്കിൽ രണ്ട് തരത്തിൽ നികുതി കണക്കാക്കാം.

  • ഇൻഡെക്‌സേഷൻ ആനുകൂല്യം ഇല്ലാതെ 12.50 ശതമാനം നിരക്കിൽ നികുതി അടയ്ക്കാം.
  • ഇൻഡെക്‌സേഷൻ ആനുകൂല്യത്തോടെ 20% നിരക്കിലും.

കാലാകാലങ്ങളിലെ പണപ്പെരുപ്പം തട്ടിക്കിഴിച്ച് നികുതി കണക്കാക്കുന്ന രീതിയാണ് ഇൻഡക്‌സേഷൻ. വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ഭൂമിയാണെങ്കിൽ ഇൻഡക്‌സേഷൻ ആനുകൂല്യത്തിലൂടെ നല്ലൊരു തുക ലാഭിക്കാം.

നികുതി ഇളവ് നേടാനുള്ള മാർഗങ്ങൾ

ദീർഘകാല മൂലധന നേട്ടത്തിന് മാത്രമേ നികുതി ഇളവിന് അർഹതയുള്ളൂ. പ്രധാനമായും രണ്ട് വകുപ്പുകൾ പ്രകാരമാണ് ഇളവ് ലഭിക്കുന്നത്:

വകുപ്പ് 54എ: താമസയോഗ്യമായ വീടുകളിലെ നിക്ഷേപം

ഭൂമി വിറ്റുകിട്ടുന്ന തുക മറ്റൊരു വീട് വാങ്ങാനോ നിർമിക്കാനോ ഉപയോഗിക്കുന്നതിലൂടെ നികുതി ലാഭിക്കാം. ഇതിനുള്ള നിബന്ധനകൾ താഴെ പറയുന്നവയാണ്:

സമയപരിധി: ഭൂമി വിൽക്കുന്നതിന് ഒരു വർഷം മുമ്പോ അല്ലെങ്കിൽ വിറ്റ് രണ്ട് വർഷത്തിനുള്ളിലോ പുതിയ വീട് വാങ്ങിയിരിക്കണം. വീട് വെയ്ക്കുകയാണെങ്കിൽ വിൽപന കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം.

നിക്ഷേപ തുക: നികുതി ഇളവ് മുഴുവനായും ലഭിക്കുന്നതിന് ഭൂമി വിറ്റുകിട്ടിയ മൊത്തം തുക (Net sale consideration) പുതിയ വീട്ടിൽ നിക്ഷേപിക്കണം. തുക ഭാഗികമായാണ് നിക്ഷേപിക്കുന്നതെങ്കിൽ നികുതി ഇളവും ആനുപാതികമായി കുറയും.

മറ്റ് നിബന്ധനകൾ: ഭൂമി വിൽക്കുന്ന സമയത്ത് ഒന്നിൽ കൂടുതൽ വീടുകൾ സ്വന്തമായി ഉണ്ടാകാൻ പാടില്ല.

ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്‌കീം: ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്ന തീയതിക്കുള്ളിൽ തുക വിനിയോഗിക്കാൻ സാധിച്ചില്ലെങ്കിൽ ബാക്കിയുള്ള തുക ഷെഡ്യൂൾഡ് ബാങ്കിലെ 'ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്‌കീമിൽ' നിക്ഷേപിക്കേണ്ടതാണ്. ഈ തുക നിശ്ചിത കാലയളവിനുള്ളിൽ വീട് വാങ്ങാനോ വെയ്ക്കാനോ ഉപയോഗിക്കാം.

സെക്ഷൻ 54 ഇ.സി: ക്യാപിറ്റൽ ഗെയിൻ ബോണ്ടുകളിലെ നിക്ഷേപം

അംഗീകൃത സ്ഥാപനങ്ങൾ: ആർഇസി (Rural Electrification Corporation), എൻഎച്ച്എഐ (National Highway Authority of India), പിഎഫ്‌സി (Power Finance Corporation), ആർഎഫ്‌സി (Railway Finance Corporation) എന്നിവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കാം.

നിക്ഷേപ തുക: വിറ്റുകിട്ടിയ മുഴുവൻ തുകയല്ല ലാഭമായി ലഭിച്ച തുക (Capital gains) മാത്രം ബോണ്ടുകളിൽ നിക്ഷേപിച്ചാൽ മതിയാകും.

പരിധി: സാമ്പത്തിക വർഷം പരമാവധി 50 ലക്ഷം രൂപ വരെ മാത്രമേ ഇത്തരത്തിൽ നിക്ഷേപിച്ച് ഇളവ് നേടാൻ സാധിക്കൂ.

സമയപരിധി: ഭൂമി വിറ്റ് ആറ് മാസത്തിനുള്ളിൽ ഈ നിക്ഷേപം നടത്തണം.

പലിശ നിരക്ക്: 5.25 ശതമാനം വാർഷിക പലിശയാണ് ബോണ്ടുകൾക്ക് ലഭിക്കുക. ഇതിൽനിന്ന് ലഭിക്കുന്ന പലിശക്ക് നികുതി ബാധകമാണ്.

ഹ്രസ്വകാല മൂലധന നേട്ടം

ദീർഘകാല മൂലധന നേട്ടം

കാലയളവ്

24 മാസത്തിൽ താഴെ

24 മാസത്തിൽ കൂടുതൽ

നികുതി നിരക്ക്

വരുമാന സ്ലാബ് അനുസരിച്ച്

12.50%

നികുതി ഇളവുകൾ

ലഭ്യമല്ല

ലഭ്യമാണ് (Sec 54F, 54EC)

ഇൻഡെക്സേഷൻ

ബാധകമല്ല

23 ജൂലൈ 2024-ന് മുമ്പുള്ളവയ്ക്ക് ലഭ്യമാണ്

Content Highlights: Distinction between Short-Term (STCG) and Long-Term Capital Gains (LTCG)., 12.50% tax rate for LTCG on land held over 24 months., Indexation benefits available for properties acquired before July 23, 2024., Tax exemptions via Section 54 (new residential property) and Section 54EC (specified bonds)., Mandatory use of Capital Gains Account Scheme if funds aren't reinvested immediately.