യുഎസിലേയ്ക്കുള്ള കയറ്റുമതി നിലച്ചു: പ്രതിസന്ധി നേരിട്ട് സോളാർ കമ്പനികൾ

രാജ്യത്തെ സോളാർ കമ്പനികൾക്ക് തിരിച്ചടിയായി യുഎസിലെ ഉയർന്ന തീരുവ. ഇതോടെ വ്യാപാര കമ്മി കുറയ്ക്കാനുള്ള നീക്കത്തിനും തിരിച്ചടിയായി. 230 ശതമാനത്തിലധികം വരുന്ന തീരുവ കാരണം സോളാർ കമ്പനികളുടെ കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യു.എസ്. താരിഫും കയറ്റുമതിയിലെ ഇടിവും
പ്രിലിമിനറി കൗണ്ടർവെയ്‌ലിംഗ് ഡ്യൂട്ടി (Countervailing Duty), ആന്റി-ഡമ്പിംഗ് ഡ്യൂട്ടി എന്നിവയുൾപ്പെടെ മൊത്തം നികുതി 230 ശതമാനത്തിന് മുകളിലെത്തിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 200 കോടി ഡോളറിന്റെ സോളാർ മോഡ്യൂളുകൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും യു.എസിലേക്കായിരുന്നു. എന്നാൽ മുൻ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പല പ്രമുഖ കമ്പനികൾക്കും കയറ്റുമതി ചെയ്യാനായിട്ടില്ല.
യു.എസ്. വിപണിയിൽ ഒരു വാട്ട്-പീക്കിന് (Watt-peak) 30 സെന്റ് വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത് 24 സെന്റ് മാത്രമാണ്. യു.എസ്. കയറ്റുമതിയിലൂടെ കമ്പനികൾക്ക് 50-100% വരെ ഉയർന്ന മാർജിൻ ലഭിച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ സോളാർ കമ്പനികൾ മറ്റ് വഴികൾ തേടുകയാണ്.
അദാനി ന്യൂ ഇൻഡസ്ട്രീസ്
ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2026 സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയിൽ കയറ്റുമതി നിലച്ചത് അറ്റാദായത്തിൽ കാര്യമായ ഇടിവുണ്ടാക്കി.
വാരി എനർജീസ്
നികുതി മറികടക്കാൻ എത്യോപ്യയിൽ നിന്ന് സെല്ലുകൾ ശേഖരിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്ത് യു.എസിലേക്ക് അയക്കുന്ന സങ്കീർണമായ സപ്ലൈ ചെയിൻ രൂപീകരിച്ചു. യു.എസിൽ 4.2 ജിഗാവാട്ട് ശേഷിയുള്ള സ്വന്തം നിർമാണ ശാല ആരംഭിക്കാനും പദ്ധതിയുണ്ട്.
വിക്രം സോളാർ
നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സെല്ലുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. യു.എസിൽ ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതി കർശനമായ നിയമങ്ങളും വിദഗ്ധ തൊഴിലാളികളുടെ കുറവും കാരണം ഉപേക്ഷിച്ചു.
പ്രീമിയർ എനർജീസ്
നിലവിലെ സാഹചര്യത്തിൽ കയറ്റുമതി ഒഴിവാക്കി. എന്നാൽ യു.എസിൽ ആഭ്യന്തര നിർമാണ ശാല സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നു.
ആഭ്യന്തര വിപണി
- കയറ്റുമതി നിലച്ചതോടെ ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനികൾ.
- ഊർജ ഗ്രിഡുകളെ പുനരുപയോഗ ഊർജത്തിലേക്ക് മാറ്റുന്നതിനാൽ ആഭ്യന്തര ആവശ്യം വർധിക്കും. എന്നിരുന്നാലും അമിത ഉത്പാദനം വില വർധനയ്ക്ക് തടസ്സമാകും.
- രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും കയറ്റുമതി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, സോളാർ കയറ്റുമതിയിലെ ഇടിവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂടാൻ കാരണമാകും.
വെല്ലുവിളികൾ
- യു.എസ്. വിപണിക്ക് പകരമായി യൂറോപ്പ്, മധ്യേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ കമ്പനികൾ പരിഗണിക്കുന്നുണ്ടെങ്കിലും അവിടെയും വെല്ലുവിളികൾ നിലനിൽക്കുന്നു.
- ചൈനീസ് കമ്പനികൾ ഉത്പന്നങ്ങൾ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
- സോളാർ സെല്ലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ യു.എസ്. പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിനാൽ എത്യോപ്യ പോലുള്ള രാജ്യങ്ങൾ വഴി നടത്തുന്ന നീക്കങ്ങൾക്കും ഭാവിയിൽ വെല്ലുവിളികൾ നേരിടാം.
- ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം ആഗോള കപ്പൽ ഗതാഗതത്തിലുണ്ടായ തടസ്സങ്ങളും സോളാർ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്.
അമേരിക്കയുടെ നയങ്ങളിലെ അനുകൂലമായ മാറ്റങ്ങളാകും സോളാർ കയറ്റുമതി പുനരാരംഭിക്കാൻ സഹായിക്കുക. യു.എസ്. വിപണിയെ ലക്ഷ്യം വെച്ച് ഉത്പാദന ശേഷി കൂട്ടിയ കമ്പനികൾക്ക്, നിലവിലെ പ്രതിസന്ധി തുടർന്നാൽ മറ്റ് വിപണികൾ കണ്ടെത്തുകയോ ആഭ്യന്തര വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുകയോ ചെയ്യേണ്ടി വരും. ലാഭകരമായ അമേരിക്കൻ വിപണി നഷ്ടപ്പെടുന്നത് സോളാർ വ്യവസായത്തിന്റെ വളർച്ചാ വേഗതയെ ബാധിച്ചേക്കാം.
Content Highlights: US tariffs exceeding 230% have halted Indian solar module exports., The loss of the US market threatens 50-100% profit margins for exporters., Indian companies are shifting focus to domestic demand and alternative markets like Europe., Increased supply in the domestic market may lead to price stagnation., Global logistics issues and Chinese competition complicate market diversification.