സിമന്റില്‍ ഏറ്റുമുട്ടാന്‍ അദാനിയും ബിര്‍ളയും: ഇന്ത്യ സിമന്റ്‌സിന്റെ 23% ഓഹരികള്‍ അള്‍ട്രടെക്കിന്

Photo: Gettyimages
Photo: Gettyimages

സിമന്റ് വ്യവസായത്തില്‍ അദാനിയോടൊപ്പം ഏറ്റുമുട്ടാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ സിമന്റ്‌സിന്റെ 23 ശതമാനം ഓഹരികള്‍ അള്‍ട്രടെക് സിമന്റ് സ്വന്തമാക്കിയതോടെയാണിത്. ഓഹരിയൊന്നിന് 267 രൂപ നിരക്കില്‍ 7.06 കോടി ഓഹരികളാണ് ഏറ്റെടുക്കുക. 1,885 കോടി രൂപയാണ് മൊത്തം ഇടപാട് മൂല്യം. 

ഒരു മാസത്തിനകം ഇടപാട് പൂര്‍ത്തിയാക്കാന്‍ അള്‍ട്രടെകിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ അള്‍ട്രടെകിന്റെ ഓഹരി വില വ്യാഴാഴ്ച ആറ് ശതമാനത്തോളം ഉയര്‍ന്ന് 11,811 നിലവാരത്തിലെത്തി. ഇന്ത്യാ സിമന്റ്‌സിന്റേതാകട്ടെ ഒമ്പത് ശതമാനം കുതിച്ച് 288 രൂപയിലുമെത്തി. 

ദക്ഷിണേന്ത്യയില്‍ പ്രധാന വിപണിയുള്ള ഇന്ത്യ സിമന്റ്‌സിന് പ്രതിവര്‍ഷം 1.45 കോടി ടണ്‍ ഉത്പാദന ശേഷിയാണുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം 5,112 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 2022-23 സാമ്പത്തികവര്‍ഷം 5,608 കോടി രൂപയും 2021-22ല്‍ 4,858 കോടി രൂപയും കമ്പനി വരുമാനം നേടി. 

രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാവ് എന്ന നിലയില്‍ കുമാര്‍ മംഗലും ബിര്‍ളയുടെ നേതൃത്വത്തിലുള്ള അള്‍ട്രടെക്കിന്റെ നീക്കം വിപണിയിലെ ആധിപത്യം ലക്ഷ്യമിട്ടുതന്നെയാണ്. ഇന്ത്യ സിമന്റ്‌സിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസന്റെ കൈവശമുള്ളത് 29 ശതമാനത്തില്‍ താഴെ മാത്രം ഓഹരികളാണ്. നേരിയ വ്യത്യാസം മാത്രം. ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകിഷന്‍ ദമാനിയുടെ കൈവശം 20.78 ശതമാനവും ഇഎല്‍എം പാര്‍ക്ക് ഫണ്ടിന്റെ കൈവശം 5.58 ശതമാനവും എല്‍ഐസിയുടെ കൈവശം 3.6 ശതമാനവും ഓഹരികളാണുള്ളത്.  

സിമന്റ് വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമായി അദാനി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് അള്‍ട്രാടെക്കിന്റെ നീക്കം. 10,000 കോടി രൂപ മുടക്കി പെന്ന സിമന്റ്‌സിനെ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.  സംഘി സിമന്റ്‌സിന്റെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞവര്‍ഷമാണ് അദാനി സ്വന്തമാക്കിയത്. 2004ല്‍ എല്‍ആന്‍ഡ്ടിയില്‍നിന്ന് അള്‍ട്രാടെക് ഏറ്റെടുത്തതോടെയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളായത്. 

സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1 

Content Highlights: UltraTech to buy 23% stake in India Cements