ഹെര്‍ബല്‍ ഐസൊലേറ്റ്‌സിന് ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റി പുരസ്‌ക്കാരം

കൊച്ചി: സിന്തൈറ്റ് ഗ്രൂപ്പിന്റെ ഹെര്‍ബല്‍ ഐസൊലേറ്റ്‌സിന് 2024ലെ ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റി (ഐപിസി) പുരസ്‌ക്കാരം. ഇന്ത്യയിലെ മികച്ച നൂതന കുരുമുളക് ഉത്പന്ന വ്യവസായി എന്ന ബഹുമതിക്കാണ് ഹെര്‍ബല്‍ ഐസൊലേറ്റ്‌സ് അര്‍ഹമായത്. കുരുമുളകിനെ ആധാരമാക്കി പുതുമയുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും മൂല്യവര്‍ധിത ഉത്പാദനത്തിലും കമ്പനി കാഴ്ചവെച്ച മികവാണ് അംഗീകരിക്കപ്പെട്ടത്.

കൊച്ചി ലേ മേറീഡിയന്‍ ഹോട്ടലില്‍ നടന്ന 53-മത് ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സുഗന്ധദ്ര്യ എക്‌സിബിഷനും അരങ്ങേറി.

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ അംഗീകാരം തങ്ങളുടെ നൂതനത്വത്തിന്റെയും ഗുണമേന്മയോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്ന് ഹെര്‍ബല്‍ ഐസൊലേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് നൈനന്‍ പറഞ്ഞു. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ കുരുമുളകിനെ ആഗോളതലത്തില്‍ മൂല്യവത്തായി അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പുരസ്‌കാരം തങ്ങളുടെ കര്‍ഷകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഉള്‍പ്പെടെയുള്ള കൂട്ടായ്മയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡീഹൈഡ്രേറ്റഡ് ഗ്രീന്‍ പെപ്പര്‍ ഉത്പാദനത്തില്‍ ആഗോളവിപണിയിലെ 70 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഹെര്‍ബല്‍ ഐസൊലേറ്റ്‌സ്. കമ്പനി മൂല്യവര്‍ധിത മസാല എക്‌സ്ട്രാക്റ്റുകള്‍, ഫ്‌ളേവറുകള്‍, കൃത്രിമ കൂട്ടുകളോ നിറങ്ങളോ സിന്തറ്റിക് പ്രിസര്‍വേറ്റീവുകളോ ഇല്ലാതെ 'ക്ലീന്‍ ലേബല്‍' ഘടകങ്ങള്‍ എന്നിവയിലൂടെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കമ്പനി വികസിപ്പിക്കുന്നത്.

സേവര്‍ഓണ്‍ എന്ന ഉപബ്രാന്‍ഡിന് കീഴില്‍ കമ്പനി ഹൈഡ്രൊലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍ (ജലം വിഘടിത പ്രോട്ടീന്‍- എച്ച് വി പി), യീസ്റ്റ് എക്‌സ്ട്രാക്റ്റ്, റീആക്ഷന്‍ ഫ്‌ളേവറുകള്‍, വിനീഗര്‍ പൗഡര്‍, ചീസ് പൗഡര്‍ തുടങ്ങി രുചിവര്‍ധക ഘടകങ്ങള്‍ ആഗോള ഭക്ഷ്യ വ്യവസായത്തിനായി അവതരിപ്പിക്കുന്നു. ഗവേഷണത്തിലൂടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, സുസ്ഥിരതാ പദ്ധതികള്‍, കര്‍ഷക പങ്കാളിത്തം തുടങ്ങിയവയില്‍ തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപങ്ങളാണ് കമ്പനിയ്ക്ക് ആഗോള സുഗന്ധദ്രവ്യ- മസാല വ്യവസായത്തിന് ശക്തിയും നേട്ടവും നല്‍കുന്നത്.

ഹെര്‍ബല്‍ ഐസൊലേറ്റ്‌സിനെ കുറിച്ച്:

1984ല്‍ കേരളത്തില്‍ ആരംഭിച്ച ഹെര്‍ബല്‍ ഐസൊലേറ്റ്‌സ് പ്രകൃത്യാധിഷ്ഠിത മസാല ഉത്പന്നങ്ങളിലും രുചി വര്‍ധക ഇനങ്ങളിലും മികവ് പുലര്‍ത്തുന്നതോടൊപ്പം ആഗോള ഭക്ഷ്യ- പാനീയ വ്യവസായത്തിന് ഗുണമേന്മയും ശുചിത്വവുമുള്ള ഘടകങ്ങള്‍ എത്തിക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്.

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റിയെ കുറിച്ച്:

1972-ല്‍ യു എന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ പസഫിക്കിന് കീഴില്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയില്‍ ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളാണ്. പാപ്പുവ ന്യൂഗിനിയയും ഫിലിപ്പൈന്‍സുമാണ് അസോസിയേറ്റ് അംഗങ്ങള്‍.

സംഘടന ആഗോള കുരുമുളക് വ്യവസായത്തിലെ സഹകരണം, ഗവേഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Content Highlights: Synthite Herbal Isolates recognized with the 2024 International Pepper Community Award for India`s Best Innovative Pepper Product Enterprise. Excellence in value-added pepper products.