മൂന്നുമാസത്തെ ലാഭം 19,101 കോടിയുമായി റിലയൻസ് ഇൻഡസ്ട്രീസ്

കൊച്ചി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലായ്-സെപ്റ്റംബർ കാലയളവിൽ 19,101 കോടി രൂപയുടെ സംയോജിത അറ്റാദായം കൈവരിച്ചു. അനുബന്ധ കമ്പനികളുടേതുൾപ്പെടെയാണ് ഇത്. മുൻ വർഷം ഇതേ കാലയളവിലെ 19,820 കോടിയെ അപേക്ഷിച്ച് 3.6 ശതമാനം ഇടിവ്. എണ്ണ ശുദ്ധീകരണം-പെട്രോകെമിക്കൽ ബിസിനസുകളിലെ പ്രകടനം മോശമായതാണ് ലാഭം ഇടിയാൻ കാരണം.
ഇതേ കാലയളവിൽ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 2.56 ലക്ഷം കോടി രൂപയിൽനിന്ന് 2.58 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മാത്രം കണക്കെടുത്താൽ ലാഭം 9.4 ശതമാനം ഉയർന്ന് 16,563 കോടി രൂപയിലെത്തി. വരുമാനം 2.35 ലക്ഷം കോടി രൂപയുമായി.
ജിയോയുടെ ലാഭത്തിൽ കുതിപ്പ്
റിലയൻസ് ജിയോ ഇൻഫോകോമിന്റെ സംയോജിത അറ്റാദായം 23.4 ശതമാനം കുതിച്ചുയർന്ന് 6,539 കോടി രൂപയിലെത്തി. ജിയോയുടെ വരുമാനം 18 ശതമാനം വർധിച്ച് 31,709 കോടി രൂപയായി. വരിക്കാരിൽനിന്നുള്ള ശരാശരി വരുമാനം 7.4 ശതമാനം വർധിച്ച് 195.10 രൂപയിലെത്തി. നിരക്കുവർധനയാണ് ഇതിന് സഹായിച്ചത്.
റിലയൻസ് റീട്ടെയിലിൽ നേരിയ നേട്ടം
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിൽനിന്നുള്ള സംയോജിത അറ്റാദായം 1.3 ശതമാനം വർധിച്ച് 2,836 കോടി രൂപയായി. വരുമാനം 3.5 ശതമാനം കുറഞ്ഞ് 66,502 കോടി രൂപയിലുമെത്തി. മൊത്തം വരുമാനം 76,302 കോടി രൂപയാണ്.
Content Highlights: reliance industries profit