രവി പിള്ളയുടെ കമ്പനിക്ക് ഖത്തറിൽ എൽ.എൻ.ജി. പദ്ധതിയുടെ നിർമാണക്കരാർ

കൊച്ചി: ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി. പദ്ധതിയുടെ നിർമാണക്കരാർ പ്രമുഖ മലയാളി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് ഏഷ്യാ കോൺട്രാക്ടേഴ്സ് (ജി. എ.സി.) എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലഭിച്ചു. 1.6 കോടി ടൺ ശേഷിയുള്ള ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.) പദ്ധതിയുടെ എൻജിനിയറിങ്, സംഭരണ, നിർമാണ (ഇ.പി.സി.) കരാറാണ് ഇവർ സ്വന്തമാക്കിയത്. ടെക്നിപ് എനർജീസ്, കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനി (സി.സി.സി.) എന്നിവയാണ് സംയുക്തസംരംഭത്തിലെ മറ്റു കമ്പനികൾ.

ഖത്തറിലെ പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഖത്തർഎനർജി (പഴയ ഖത്തർ പെട്രോളിയം) യുടേതാണ് പദ്ധതി. ലോകത്തിലെതന്നെ ഏറ്റവും വലിയ എൽ.എൻ.ജി. വികസന പദ്ധതിയാണ് ഇത്.

ഏഴുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ഖത്തറിന്റെ മൊത്തം എൽ.എൻ.ജി. ഉത്പാദനശേഷി 14.2 കോടി ടണ്ണായി ഉയരും. ലോകത്തിലെതന്നെ ഏറ്റവും വലിയ എൽ.എൻ.ജി. ഉത്പാദകരാണ് ഖത്തർ.

എൽ.എൻ.ജി. ഉത്പാദനത്തിന് പുറമേ, പ്രതിദിനം 1.75 ലക്ഷം ബാരൽ പാചകവാതക (എൽ.പി.ജി.) ഉത്പാദന പ്ലാന്റ് പദ്ധതിയുടെ ഭാഗമായി നിർമിക്കും.

നിർമാണക്കരാറിൽ ഖത്തർ എനർജിയുടെ സി.ഇ.ഒ. കൂടിയായ ഊർജമന്ത്രി സാദ് ഷെരീദ അൽ-കാബി, ജി.എ.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ രവി പിള്ള, ടെക്നിപ് എനർജീസ് സി.ഇ.ഒ. അർനൗഡ് പീറ്റോൺ, സി.സി.സി. ചെയർമാൻ സമിർ ഖൗരി എന്നിവർ ഒപ്പുവെച്ചു.

ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാവും പദ്ധതിയെന്ന് രവി പിള്ള 'മാതൃഭൂമി'യോട് പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും സുപ്രധാനമായ എൽ.എൻ.ജി. പദ്ധതിയുടെ നിർമാണപങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഖത്തർ എനർജിയോടും ഖത്തർ സർക്കാരിനോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlights: A consortium led by Dr. Ravi Pillai's Gulf Asia Contractors (GAC) has won the contract., The project is part of the world's largest LNG development by QatarEnergy., It is an EPC contract for a 16 million-ton capacity Liquefied Natural Gas (LNG) plant., This will boost Qatar's total LNG production capacity to 142 million tons., The project is expected to create thousands of job opportunities.