സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

ന്യൂഡല്‍ഹി: സ്വകാര്യ തീവണ്ടികളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അവകാശം സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് റെയില്‍വെ കൈമാറും.

ഇന്ത്യന്‍ റെയില്‍വെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിക്കാനുള്ള അവസരവും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കും. ഈതുക അവരുടെ അക്കൗണ്ടിലേയ്ക്കാണ് വരവുവെയ്ക്കുക.

സ്വകാര്യ ട്രെയിനുകള്‍ പുറപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞേ അതേ സ്റ്റേഷനില്‍നിന്ന് ഈ റൂട്ടില്‍ വേറൊരു ട്രയിന്‍ പുറപ്പെടൂ. സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. 

സ്വകാര്യ ട്രെയിനുകളിലെ  ബുക്കിങ് ശേഷി 80ശതമാനത്തില്‍കവിഞ്ഞാല്‍ ഈ സൗകര്യംനല്‍കില്ലെന്നും റെയില്‍വെ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിങ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുക. 

വെയ്റ്റിങ് ലിസ്റ്റില്‍ ഏറെയാത്രക്കാരുള്ള തിരക്കേറിയ റൂട്ടുകളിലാകും സ്വകാര്യ ഓപ്പറേറ്റര്‍മാരെ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തും. യാത്രാ സമയം കുറയ്ക്കാനും അനുമതിനല്‍കും. 

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികള്‍ ഓടിക്കാന്‍ റെയില്‍വെ തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു.

2021 ഫെബ്രുവരിയോടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങും. 2023 ഏപ്രില്‍മാസത്തോടെ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് വ്യക്തമാക്കി. 

Content Highlights: