കോർപ്പറേറ്റ് നികുതി കുറച്ചു, ഇളവുകൾ നൽകി; എന്നിട്ടും ജീവനക്കാരുടെ വേതനം വർധിപ്പിച്ചോയെന്ന് പ്രധാനമന്ത്രി

#Wealth Desk
പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI

കോർപ്പറേറ്റ് നികുതി കുറച്ചും നയപരിഷ്‌കാരങ്ങളിലൂടെ സാമ്പത്തിക ഇളവുകൾ നൽകിയും സർക്കാർ സഹായിച്ചിട്ടും ഇവ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നതിനും എത്രത്തോളം ഉപയോഗപ്പെടുത്തിയെന്ന് വ്യവസായപ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയപരമായ ആനുകൂല്യങ്ങൾ സാമ്പത്തികവളർച്ചയ്ക്ക് എങ്ങനെ സംഭാവന നൽകിയെന്ന് വിലയിരുത്താൻ അദ്ദേഹം വ്യവസായികളോട് ആവശ്യപ്പെട്ടു.

ഡൽഹിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) വാർഷികപൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽസൃഷ്ടി, നിക്ഷേപം, രാജ്യത്തിന്റെ ദീർഘകാല സാമ്പത്തികവികസനം എന്നിവയിലേക്കുള്ള തങ്ങളുടെ സംഭാവനകൾ വിലയിരുത്താൻ പ്രധാനമന്ത്രി കമ്പനികളോട് അഭ്യർഥിച്ചു.

വാർഷികവരുമാനം 12 ലക്ഷം രൂപവരെ ആദായനികുതി ബാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നികുതിയിളവുകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഇത്. ജനങ്ങളുടെ വാങ്ങൽശേഷി വർധിച്ചിട്ടുണ്ടെന്നും നികുതിദായകരുടെ പണം തടഞ്ഞുവെക്കില്ലെന്ന് ഉറപ്പാക്കി നികുതി റിട്ടേൺ ഫയലിങ്ങും റീഫണ്ടുകളും എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് നികുതിനിരക്ക് 2019 സെപ്റ്റംബറിൽ 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചു. നിർമാണമേഖലയിലെ അർഹരായ പുതിയ കമ്പനികൾക്കായി 15 ശതമാനം അടിസ്ഥാനനിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ വളർച്ച വേഗത്തിലാക്കാൻ ആവശ്യമായ പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ മോദി ആവശ്യപ്പെട്ടു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും കൃഷി, അനുബന്ധ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും അദ്ദേഹം അഭ്യർഥിച്ചു.

നിക്ഷേപതീരുമാനങ്ങൾ എടുക്കുമ്പോൾ 'ഇന്ത്യ ഫസ്റ്റ്' എന്ന സമീപനം സ്വീകരിക്കാൻ അദ്ദേഹം കമ്പനികളോട് ആഹ്വാനംചെയ്തു. ഇത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുമെന്നും ബിസിനസുകൾക്ക് പുതിയ വളർച്ചാഅവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെയും ചെറുകിട സംരംഭകരെയും വ്യവസായങ്ങളെയും സമ്പത്ത് സൃഷ്ടിക്കുന്നവരെയും നികുതിദായകരെയും ദിവസവും അധിക്ഷേപിച്ചുകൊണ്ടല്ല, മറിച്ച് അവരെ ബഹുമാനിക്കുമ്പോഴാണ് ഒരു രാജ്യം പുരോഗമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Prime Minister Narendra Modi questioned corporate leaders on job creation and wage hikes following tax cuts., Spoke at the FICCI annual general meeting in Delhi, urging companies to evaluate their contributions to economic growth., Highlighted government tax reliefs, including no income tax up to 12 lakh rupees annual income., Urged businesses to adopt an 'India First' approach in investment decisions to achieve self-reliance.