സേവന തർക്കങ്ങൾ പരിഹരിക്കാം: ഒരു കോടിവരെ നഷ്ടപരിഹാര സാധ്യത, പി.എൽ.എയെക്കുറിച്ചറിയാം

#പൂർണിമ മോഹൻ
പ്രതീകാത്മക ചിത്രം| Photo: AFP
പ്രതീകാത്മക ചിത്രം| Photo: AFP

കോഴിക്കോട്: ഉപഭോക്തൃകോടതികൾ പരാതികൾകൊണ്ട് വീർപ്പുമുട്ടുന്നതിനിടെ, പെർമനന്റ് ലോക് അദാലത്തിനെ (പി.എൽ.എ.) സത്യത്തിലാരും തിരിച്ചറിയുന്നില്ല. കഴിഞ്ഞവർഷം സംസ്ഥാനത്തുള്ള മൂന്ന് പി.എൽ.എ.കളിലായി എത്തിയ കേസുകൾ െവറും 661 എണ്ണം മാത്രം.

സേവനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ അതിവേഗം പരിഹരിക്കാൻ രൂപവത്കരിച്ച സംവിധാനമാണിത്. ഒരു കോടി രൂപവരെ നഷ്ടപരിഹാരത്തിന് അർഹതയുള്ള കേസുകൾ ഇവിടെ പരിഗണിക്കും. പി.എൽ.എ.യുടെ വിധി അന്തിമമാണ്. അതിനുമേൽ അപ്പീൽ നൽകാൻ കഴിയില്ല, ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ മാത്രമേ കഴിയൂ. ഇത്ര കരുത്തുറ്റ സംവിധാനമായിട്ടും പി.എൽ.എ.യിൽ എത്തുന്ന േകസുകൾ കുറവാണ്. ജനങ്ങൾക്ക് ഇതേക്കുറിച്ചുള്ള അവബോധം കുറവായതാണ് പ്രധാനകാരണം.

കോഴിക്കോട് പി.എൽ.എ.യിൽ കഴിഞ്ഞ വർഷം 250 കേസുകളാണ് രജിസ്റ്റർചെയ്തത്. എറണാകുളത്ത് 245 പരാതികളും തിരുവനന്തപുരത്ത് 166 പരാതികളും മാത്രമേ എത്തിയുള്ളൂ.

പരാതി നൽകാവുന്ന സേവനങ്ങൾ

  • വ്യോമ-ജല-റോഡ് ഗതാഗതം (റെയിൽവേ ഉൾപ്പെടുന്നില്ല)
  • തപാൽ, ടെലഗ്രാഫ്, ടെലഫോൺ സേവനങ്ങൾ
  • ജലം, വൈദ്യുതി എന്നിവയുടെ വിതരണം
  • പൊതുശുചിത്വം
  • ആശുപത്രികളിലെയോ ഡിസ്‌പെൻസറികളിലെയോ സേവനങ്ങൾ
  • ഇൻഷുറൻസ്
  • വിദ്യാഭ്യാസം
  • റിയൽ എസ്റ്റേറ്റ്(ഫ്‌ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിർമാതാക്കളും വാങ്ങുന്നവരും തമ്മിലുള്ള തർക്കങ്ങൾ)

എങ്ങനെ സമീപിക്കാം

നേരിട്ടോ, വക്കീൽ മുഖേനയോ കേസ് നൽകാം. കോർട്ട് ഫീ ഇല്ല. വെറെയെവിടെയും നൽകാത്ത പരാതികൾമാത്രമേ സ്വീകരിക്കൂ.

ഒരു ചെയർപേഴ്‌സണും രണ്ട് അംഗങ്ങളും അടങ്ങിയതാണ് അദാലത്ത്. ചെയർപേഴ്‌സൺ ജില്ലാ ജഡ്ജിയോ, മുൻജില്ലാ ജഡ്ജിയോ, ജില്ലാ കോടതിയിലെ അഡീഷണൽ ജഡ്ജിയോ, ജില്ലാ ജഡ്ജിയെക്കാൾ ഉയർന്ന റാങ്കിലുള്ള ജുഡീഷ്യൽ പദവി വഹിച്ച ആളോ ആയിരിക്കണം.

നിഷേധിച്ച ഇൻഷുറൻസ് പി.എൽ.എ. വഴി നേടിയെടുത്തു

കോഴിക്കോട്: അർഹമായ ക്ലെയിം നിഷേധിച്ച പരാതിയിൽ സ്വകാര്യ ഇൻഷുറൻസ് കന്പനിക്കെതിരേ പെർമനന്റ് ലോക് അദാലത്ത് വിധി. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ

സീനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററും കൂടരഞ്ഞി സ്വദേശിയുമായ ജോണി സാലസിന്റെ കുടുംബത്തിനാണ്

അനുകൂലവിധി ലഭിച്ചത്. ഇൻഷുറൻസ് കന്പനിക്കെതിരേ ഭാര്യ നൽകിയ പരാതിയിൽ ജോണി സ്വയംവാദിച്ചാണ്

അനുകൂലവിധി നേടിയത്. മൂന്നുവയസ്സുള്ള മകളുടെ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചതിനെതിരേയാണ് ജോണി

പി.എൽ.എ.യെ സമീപിച്ചത്. ആദ്യം പണരഹിതചികിത്സയ്ക്കുള്ള

ആനുകൂല്യവും തുടർന്ന് റീഇമ്പേഴ്‌സ്‌മെന്റും ഇൻഷുറൻസ് കമ്പനി നിഷേധിച്ചെന്നായിരുന്നു പരാതി. ഒരു ലക്ഷത്തിലധികം രൂപ സ്വന്തമായി നൽകേണ്ടിവന്നെന്നും പരാതിയിൽ പറഞ്ഞു. കേസ് പരിഗണിച്ച പി.എൽ.എ.,

മെഡിക്കൽ ബില്ലിനൊപ്പം പരാതിക്കാരനുണ്ടായ മാനസിക

ബുദ്ധിമുട്ടുകൾ പരിഗണിച്ച് നഷ്ടപരിഹാരവും കോടതിച്ചെലവും

നൽകാൻ ഉത്തരവിട്ടു. അപേക്ഷ നിഷേധിച്ചതുമുതലുള്ള ഒമ്പത് ശതമാനം വാർഷികപലിശയും നൽകണം.

അവബോധം കുറവ്

ജനങ്ങൾക്കിടയിൽ പി.എൽ.എ.യെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്. ഇതിനായി ബോധവത്കരണം നടത്തുന്നുണ്ട്. പലപ്പോഴും വെറുമൊരു ഇൻഷുറൻസ് കോടതിമാത്രമായി പി.എൽ.എ. തെറ്റിദ്ധരിക്കപ്പെടുന്നു.

- ആർ.ടി. പ്രകാശ്, കോഴിക്കോട് പി.എൽ.എ. ചെയർമാൻ

Content Highlights: Permanent Lok Adalat (PLA) handles service disputes with compensation claims up to ₹1 Crore., PLA verdicts are final with no option for appeal, except writ petitions in the High Court., No court fees are required, and cases can be filed directly or through a lawyer., Covers transport, postal, telecom, water, electricity, insurance, education, and real estate services.