പോളിസി വിവരങ്ങൾ ആരായുന്നതിന് വ്യക്തിവിവരങ്ങൾ ശേഖരിക്കരുത്: താക്കീതുമായി ഐ.ആർ.ഡി.എ.ഐ.

ഇൻഷുറൻസ് മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായതോടെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ റെഗുലേറ്ററി അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.) രംഗത്തെത്തി. ഇൻഷുറൻസ് പോളിസികളുടെ പ്രീമിയവും മറ്റു വിവരങ്ങളും അറിയുന്നതിനുമുമ്പുതന്നെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ നിർബന്ധപൂർവം ശേഖരിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനരീതിക്കെതിരെയാണ് ഐ.ആർ.ഡി.എ.ഐ.യുടെ മുന്നറിയിപ്പ്.
സാങ്കേതികവിദ്യയുടെ മറവിൽ പ്രീമിയം വിവരങ്ങൾ നൽകുന്നതിനുമുമ്പായി ഉപഭോക്താക്കളിൽനിന്ന് മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ഒരുതരത്തിലുള്ള 'ടോൾ' ഈടാക്കുന്നതിന് തുല്യമാണെന്ന് ഐ.ആർ.ഡി.എ.ഐ. ചെയർമാൻ അജയ് സേഥ് പറഞ്ഞു.
ഇൻഷുറൻസ് പോളിസികളും അവയുടെ നിരക്കുകളും പരിശോധിക്കാനും താരതമ്യം ചെയ്യാനും ഉപഭോക്താവിന് അവകാശമുണ്ട്. ഇതിനായി സ്വന്തം വ്യക്തിഗത വിവരങ്ങൾ മുൻകൂറായി നൽകേണ്ടിവരുന്നത് ഉപഭോക്താക്കൾക്ക് തടസ്സമാകരുതെന്നാണ് റെഗുലേറ്ററുടെ നിലപാട്.
നിലവിൽ ഇൻഷുറൻസ് കമ്പനികളും ഇടനിലക്കാരായ ഫിൻടെക് കമ്പനികളും ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വൻതോതിൽ ശേഖരിക്കുന്നുണ്ട്. പോളിസി എടുത്താലും ഇല്ലെങ്കിലും കമ്പനികളുടെ മാർക്കറ്റിങ് കോളുകൾക്കായി ഇവ ഉപയോഗിക്കുന്നതും കാര്യമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിപണിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് സുതാര്യതയും പ്രീമിയം തുകകൾ സ്വതന്ത്രമായി താരതമ്യം ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശവും നിലനിർത്തേണ്ടതുണ്ട്. ഉത്പന്നങ്ങളുടെ സവിശേഷതകളും വിലയും ഉപഭോക്താവിന് വ്യക്തമായി അറിയാൻ സാധിക്കുമ്പോൾ മാത്രമാണ് ഇൻഷുറൻസ് വിപണിയിൽ യഥാർഥ മത്സരക്ഷമതയും ഉപഭോക്തൃ അവകാശങ്ങളും ഉറപ്പുവരുത്താനാകൂയെന്നും അജയ് സേഥ് പറഞ്ഞു.
പോളിസി വാഗ്ദാനം ചെയ്യുന്ന സംരക്ഷണം, ഒഴിവാക്കപ്പെട്ട കാര്യങ്ങൾ, തിരികെ ലഭിക്കുന്ന തുക എന്നിവയെക്കുറിച്ച് പ്രാദേശിക ഭാഷകളിൽ ലളിതമായ പോളിസി സംഗ്രഹങ്ങൾ നൽകാൻ ഇൻഷുറർമാർ തയ്യാറാകണം. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുമുമ്പുതന്നെ വിപണിയിലുള്ള വിവിധ പോളിസികളും പ്രീമിയം നിരക്കുകളും പരിശോധിക്കാനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: IRDAI opposes mandatory collection of personal details before showing policy premiums., Chairman Ajay Seth compares forced mobile number collection to a toll., Consumers have the right to freely compare insurance policies and rates without sharing personal info., Insurers must provide simple policy summaries in regional languages.