നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചര്‍ നല്‍കാന്‍ ഇന്‍ഡിഗോ

സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസ്സമുണ്ടായവര്‍ക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് വൗച്ചറുകള്‍ നല്‍കുക. വൈകിയ സമയത്തിന് ആനുപാതികമായി 5,000 രൂപ മുതല്‍ 10,000 രൂപവരെയാകും നഷ്ടപരിഹാരം ലഭിക്കുക. ഇതിന് പുറമെ നല്‍കുന്ന 10,000 രൂപയുടെ വൗച്ചറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും. അതിനിടയില്‍ ഇന്‍ഡിഗോ വഴിയുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാം.
നിലവില്‍ തടസ്സമുണ്ടായ യാത്രകളുടെ നിരക്കുകള്‍ തിരികെ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവര്‍ക്കും ഉടനെ പണം ലഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ കഴിഞ്ഞ ദിവസം മാത്രം 220 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഡിസംബര്‍ രണ്ടിന് ആരംഭിച്ച പ്രതിസന്ധി പത്ത് ദിവസത്തോളമാണ് നീണ്ടത്. അതിനിടെ ഇന്‍ഡിഗോ സിഇഒ ഉള്‍പ്പടെയുള്ളവരെ ഡിജിസിഎ വിളിച്ചുവരുത്തി. സര്‍വീസ് പുനഃസ്ഥാപിക്കല്‍, പണം തിരികെ നല്‍കല്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: IndiGo to provide ₹10,000 travel vouchers plus compensation for flight cancellations on Dec 3-5. Get compensated for disruptions.