ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തട്ടിപ്പ്: പിടികൂടാന്‍ റെയില്‍വേ, 3.02 കോടി ഐഡികള്‍ റദ്ദാക്കി

#Money Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

റിസര്‍വേഷന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി സംശയാസ്പദമായ 3.02 കോടി ലോഗിന്‍ ഐഡികള്‍ റദ്ദാക്കിയതായി റെയില്‍വേ. വന്‍തോതില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൂടിയ വിലയ്ക്ക് മറിച്ചുവില്‍ക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റഡ് ബോട്ടുകളെയും സോഫ്റ്റ്‌വെയറുകളെയും ലക്ഷ്യമിട്ടാണ് നടപടി.

വ്യാജ ഉപയോക്താക്കളെ തടയാന്‍ ആന്റി ബോട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിച്ചു. ഓണ്‍ലൈന്‍, കൗണ്ടര്‍ എന്നിവ വഴിയുള്ള തത്കാല്‍ ബുക്കിങിനായി ആധാര്‍ അധിഷ്ഠിത ഒടിപി സ്ഥിരീകണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.

ടിക്കറ്റ് ബുക്കിങ് സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ റെയില്‍വെ സ്വീകരിച്ചുവരികയാണ്. നെറ്റ്‌വര്‍ക്ക് ഫയര്‍വാളുകള്‍, നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സംവിധാനങ്ങള്‍, വെബ് അപ്ലിക്കേഷനുകള്‍ ഉള്‍പ്പടെയുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വ്യാജ്യ ഉപയോക്താക്കളെ ഒഴിവാക്കാനും യഥാര്‍ഥ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ ബുക്ക് ചെയ്യുന്നതിനും അക്കമൈ പോലുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംശയകരമായി ബുക്ക് ചെയ്തവരുടെ പിഎന്‍ആര്‍ ഉപയോഗിച്ച് സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlights: Indian Railways cancels over 3.02 crore login IDs to combat train ticket booking scams and fraud. Learn about new measures to ensure fair bookings for genuine passengers.