വിലക്കയറ്റം രൂക്ഷമാകും, ജീവിത ചെലവ് കൂടും: ഏതൊക്കെ മേഖലകൾക്ക് തിരിച്ചടിയാകും?

#Money Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് രൂപ വർധിപ്പിച്ചത്. സിഎൻജി വില കിലോഗ്രാമിന് രണ്ട് രൂപയും കൂട്ടി. ഉപഭോക്താക്കൾക്ക് കനത്ത ബാധ്യതയാകുമെങ്കിലും എണ്ണ വിപണന കമ്പനികൾ നേരിടുന്ന വൻ നഷ്ടം കുറയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഭ്യന്തര വിപണിയെ എത്രത്തോളം ബാധിക്കുമെന്നതിന്റെ ഉദാഹരണമാണ് നിലവിലെ വിലക്കയറ്റം. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് ക്രൂഡ് വില കത്തിക്കയറാനിടയായത്. ബാരലിന് 75 ഡോളറിൽ താഴെയായിരുന്ന ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തിനുള്ളിൽ 120 ഡോളറിന് മുകളിലെത്തി. 50 ശതമാനത്തിലധികം വർധന. അസംസ്‌കൃത എണ്ണയുടെ ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാതെ കമ്പനികൾക്ക് മുന്നോട്ട് പോകാനാവില്ല എന്ന ഘട്ടത്തിലാണ് വില വർധന പ്രഖ്യാപിച്ചത്.

വിലക്കയറ്റം ആസന്നം

ഉപഭോക്തൃ വില സൂചികയുടെ (CPI) ഗതി നിർണയിക്കുന്നതിൽ ഇന്ധനവിലയ്ക്ക് വലിയ പങ്കുണ്ട്. യാത്രാച്ചെലവിൽ മാത്രം ഒതുങ്ങുന്നതല്ല അത്. എല്ലാ ഉത്പന്നങ്ങളുടെയും വില കൂടും.

പ്രത്യക്ഷമായ ആഘാതം   

ഉപഭോക്തൃ വില സൂചികയിൽ ഇന്ധനത്തിന്റെ വിഹിതം

ഏകദേശം 5% ആണ്. പെട്രോൾ, ഡീസൽ വിലയിലുണ്ടായ 3% വർധന സൂചികയിൽ നേരിട്ട് 0.15% ഉയരാൻ കാരണമാകും.

പരോക്ഷമായ ആഘാതം

ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന ഡീസൽ വില കൂടുന്നത്‌ ഗതാഗത ചെലവ് ഉയർത്തും. വിപണിയിലെ എല്ലാ ഉത്പന്നങ്ങളുടെയും 'ഇൻപുട്ട് കോസ്റ്റ്'  കൂട്ടുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.

കൂടുതൽ ബാധിക്കുക ഈ മേഖലകളെ

ഉത്പന്ന വിതരണം ചെലവേറിയതാകുമ്പോൾ സ്വാഭാവികമായും വിപണിയിൽ വിലവർധനവുണ്ടാകും.

കൃഷി: ട്രാക്ടറുകൾക്കും വാട്ടർ പമ്പുകൾക്കും ഡീസൽ അത്യന്താപേക്ഷിതമാണ്. വിത്തുപുരകളിൽ നിന്നും വളം വിപണികളിൽ നിന്നുമുള്ള ഗതാഗത ചെലവ് കൂടി ചേരുമ്പോൾ കർഷകർക്ക് ഇരട്ട പ്രഹരമാകും.

നിത്യോപയോഗ സാധനങ്ങൾ: ഭക്ഷ്യവസ്തുക്കൾ, എഫ്എംസിജി: പാൽ, പച്ചക്കറികൾ തുടങ്ങിയവയുടെ ഗതാഗത കൂലി വർധിക്കുന്നത് ചില്ലറ വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകും.

ഇ-കൊമേഴ്സ്, സ്റ്റീൽ: ലോജിസ്റ്റിക്‌സ് ചെലവുകൾ വർധിക്കുന്നത് ഈ മേഖലകളുടെ ലാഭക്ഷമതയെ നേരിട്ട് ബാധിക്കും. ഓരോ ഡെലിവറിക്കും വരുന്ന ചെലവ് ഉപഭോക്താവിലേക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകും.

ടൂറിസം: വിമാന ഇന്ധനത്തിന്റെയും ടാക്‌സി നിരക്കുകളുടെയും വർധന യാത്രാ പാക്കേജുകൾ ചെലവേറിയാതാക്കും. ഒറ്റയടിക്കല്ലെങ്കിലും വരും മാസങ്ങളിൽ ഘട്ടം ഘട്ടമായി വിപണിയിൽ പ്രകടമാകും.

ഇന്ധന വില 10 ശതമാനത്തിന് മുകളിൽ പോയാലും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 4.5 ശതമാനം മുതൽ 5 ശതമാനത്തിനും ഇടക്ക് നിലനിർത്താൻ സാധിച്ചേക്കാം. സ്ഥിതിവിവരക്കണക്കുകൾക്ക് അപ്പുറം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം വെല്ലുവിളിതന്നെയാകും.

ഇന്ധന വില ഇനിയും കൂട്ടുമോ?

ഇന്ധനവില ഇനിയും കൂടുമോയെന്നകാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എണ്ണക്കമ്പനികളുടെ നഷ്ടം മുഴുവനായും നികത്താൻ ലിറ്ററിന് മൂന്നു രൂപയുടെ വർധന മാത്രം മതിയാകില്ല.

ആഗോള ഊർജ പ്രതിസന്ധിയും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ഇന്ധനവില നേരിട്ട് പണപ്പെരുപ്പ സൂചികയിൽ ഉണ്ടാക്കുന്ന മാറ്റം 0.15% മാത്രമാണെന്ന് സാങ്കേതികമായി പറയാമെങ്കിലും യഥാർത്ഥ പ്രത്യാഘാതം വേഗത്തിൽ അനുഭവപ്പെടുക പച്ചക്കറി മാർക്കറ്റുകളിലും ഓട്ടോ-ടാക്‌സി സ്റ്റാൻഡുകളിലുമായിരിക്കും.

ഭക്ഷണം, ഗതാഗതം തുടങ്ങിയ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചേക്കാം. വരും മാസങ്ങളിൽ വിപണിയിലുണ്ടാകാൻ സാധ്യതയുള്ള ക്രമാനുഗതമായ വിലക്കയറ്റം മുൻകൂട്ടി കണ്ട് സാമ്പത്തിക ആസൂത്രണം നടത്താൻ തയ്യാറെടുക്കുന്നതാകും ഉചിതം.

Content Highlights: Fuel prices increased by 3 rupees, CNG by 2 rupees due to global crude oil price surges., Crude oil prices spiked over 50% in three months due to geopolitical conflicts., Significant impact expected on agriculture, FMCG, logistics, and tourism sectors., Inflation is projected to remain between 4.5% and 5% despite fuel hikes., Households are advised to re-plan budgets due to anticipated gradual price increases.